തിരുവനന്തപുരം: അയ്യങ്കാളിയെ സാമൂഹ്യമാധ്യമങ്ങളിലൂടെ നിരന്തരം അപമാനിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച് എഴുത്തുകാരന്‍ കെ.കെ. കൊച്ച്. അയ്യങ്കാളിയെ അപമാനിക്കുന്ന പ്രവര്‍ത്തിക്കെതിരെ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് നടപടി സ്വീകരിച്ചില്ലെങ്കില്‍ കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുനസംഘടിപ്പിക്കപ്പെട്ട ഭരണസമിതിയില്‍ നിന്നും താന്‍ രാജിവെക്കുമെന്നും അദ്ദേഹം കത്തില്‍ പറയുന്നു.
‘ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രിയുടെ അറിവിലേക്കായി
2021ല്‍ കേരളാസാഹിത്യ അക്കാദമിയുടെ സമഗ്ര സംഭവനാപുരസ്‌കാരം ലഭിച്ച എഴുത്തുകാരനാണ് ഞാന്‍. എന്നെ, 22-02-2023ല്‍ നമ്പര്‍ ഇ1/911/സില്‍ (13) ഉത്തരവ് പ്രകാരം കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുനസംഘടിപ്പിക്കപ്പെട്ട, മുഖ്യമന്ത്രി ചെയര്‍മാനായ ഭരണസമിതിയില്‍ അംഗമാക്കിയിട്ടുണ്ട്.
അതേസമയം, എന്റെ മാത്രമല്ല ഞാനുള്‍പ്പെടുന്ന സമുദായത്തിന്റേയും മുഴുവന്‍ ജനാധിപത്യവാദികളുടെയും ആദര്‍ശവും ആത്മാഭിമാനവുമായ മഹാത്മാ അയ്യങ്കാളിയെ സോഷ്യല്‍ മീഡിയയിലെ കു.കു.ച എന്ന പ്രൊഫൈലിലൂടെ ആവര്‍ത്തിച്ച് അപമാനിച്ചുകൊണ്ടിരിക്കുകയാണ്.
ഈ നീച പ്രവര്‍ത്തിക്കെതിരെ അങ്ങ് നേരിട്ട് ഇടപെട്ട് നടപടി സ്വീകരിക്കാത്ത പക്ഷം സര്‍ക്കാരിലുള്ള അവിശ്വാസം എന്ന നിലയില്‍ ഞാന്‍, മുകളില്‍ സൂചിപ്പിച്ച അംഗത്വം രാജിവെക്കാന്‍ നിര്‍ബ്ബന്ധിതനാവുമെന്ന് അറിയിക്കുകയാണ്,’ അദ്ദേഹം പറഞ്ഞു.
സാംസ്‌കാരിക വകുപ്പ് മന്ത്രി, പട്ടികജാതി- പട്ടികവര്‍ഗ്ഗക്ഷേമ വികസന മന്ത്രി, ഡയറക്ടര്‍, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവര്‍ക്കും കത്തിന്റെ കോപ്പികള്‍ അയച്ചിട്ടുണ്ട്.
അതേസമയം അയ്യങ്കാളിയെ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം വംശീയമായി അപമാനിച്ച കുറ്റത്തിന് എറണാകുളം കുറുമശ്ശേരി സ്വദേശി അഖില്‍ ജെ.ആറിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിട്ടുണ്ട്.
അയങ്കാളിയെ വംശീയമായും അശ്ലീല ചുവ കലര്‍ന്ന വാക്കുകള്‍ കൊണ്ടും അധിക്ഷേപിക്കുന്ന നിരവധി പോസ്റ്റുകളാണ് ഇയാള്‍ അഡ്മിനായ ഗ്രൂപ്പില്‍ പങ്കുവെച്ചിരുന്നത്. ഇതിനെതിരെ ഭീം ആര്‍മി കേരള ഘടകം നല്‍കിയ പരാതിയിലായിരുന്നു കേസെടുത്തത്.
കു.കു.ച എന്ന ഫേസ്ബുക്ക് ഗ്രൂപ്പിന്റെ അഡ്മിനായ അഖിലിനെ ചെങ്ങമനാട് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും തുടര്‍ന്ന് തിരുവനന്തപുരം കന്റോണ്‍മെന്റ് ഡിപ്പാര്‍ട്മെന്റിന് കൈമാറുകയായിരുന്നു. അതേസമയം, ഈ കേസിലെ മുഴുവന്‍ കുറ്റവാളികളെയും അറസ്റ്റ് ചെയ്യാതെ പ്രതിഷേധങ്ങളില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് ഭീം ആര്‍മി കേരള യൂണിറ്റ് ഭാരവാഹികളും അറിയിച്ചു.
അയ്യങ്കാളിയേയും ദളിതരെയും അപമാനിക്കുന്ന ജാതീയമായ പോസ്റ്റുകള്‍ക്ക് പുറമേ സ്ത്രീകളുടെ സ്വകാര്യ ചിത്രങ്ങളും, ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തും അല്ലാതെയും പ്രചരിപ്പിക്കുന്നതായി ഭീം ആര്‍മി നേതാക്കള്‍ ആരോപിച്ചു. അഖിലിന് പുറമെ സാമൂഹ്യവിരുദ്ധരായ നിരവധി അംഗങ്ങളാണ് ഈ ഫേസ്ബുക്ക് ഗ്രൂപ്പില്‍ ഉള്ളതെന്നും കേരളത്തില്‍ ഒരു കലാപ ശ്രമം തന്നെയാണ് ഇവര്‍ ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതെന്നും സംഘടന വിമര്‍ശിച്ചു.
ജെ.ആര്‍. അഖിലിനെതിരെ ബഹുജന്‍ യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് അഖില്‍ജിത്ത് കല്ലറയും വയനാട് എസ്.പിക്ക് പരാതി നല്‍കിയിരുന്നു.