| Monday, 13th July 2020, 9:50 pm

അവിശ്വാസപ്രമേയം വന്നാല്‍ ആര്‍ക്കും വോട്ട് ചെയ്യേണ്ട; രാജസ്ഥാനില്‍ എം.എല്‍.എമാര്‍ക്ക് നിര്‍ണായക നിര്‍ദേശവുമായി ബി.ടി.പി പ്രസിഡന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ നിര്‍ണായക തീരുമാനവുമായി ഭാരതീയ ട്രൈബല്‍ പാര്‍ട്ടി. സംസ്ഥാന നിയമസഭയില്‍ അവിശ്വാസപ്രമേയം വരികയാണെങ്കില്‍ അശോക് ഗെഹ് ലോട്ടിനേയോ സച്ചിന്‍ പൈലറ്റിനേയോ അനുകൂലിച്ച് വോട്ട് ചെയ്യരുതെന്ന് ബി.ടി.പി അധ്യക്ഷന്‍ മഹേഷ് ഭായി വാസവ പറഞ്ഞു.

ബി.ടി.പിയ്ക്ക് രണ്ട് എം.എല്‍.എമാരാണുള്ളത്. രണ്ട് പേരും നിലവില്‍ ഗെഹ്‌ലോട്ട് പക്ഷത്തെ എം.എല്‍.എമാര്‍ക്കൊപ്പം റിസോര്‍ട്ടിലാണുള്ളത്. വോട്ടിംഗില്‍ സഭയില്‍ ഹാജരാകേണ്ടതില്ല എന്ന് നിര്‍ദേശിച്ച് വാസവ ഇരുവര്‍ക്കും കത്തയച്ചിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് ആക്കം കൂട്ടി ഗെഹ്ലോട്ട് സര്‍ക്കാരിലെ രണ്ടംഗങ്ങള്‍ സച്ചിന്‍ പൈലറ്റിന് പിന്തുണ പ്രഖ്യാപിച്ചു. സംസ്ഥാന ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിയാണ് സച്ചിന്‍ പൈലറ്റിനൊപ്പാണ് താനെന്ന് പ്രഖ്യാപിച്ചത്.

എ.എന്‍.ഐയാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം സമരകാലത്ത് സച്ചിന്‍ പൈലറ്റ് പൊലീസ് മര്‍ദ്ദനം ഏറ്റുവാങ്ങിയതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് ടൂറിസം മന്ത്രി വിശ്വേന്ദ്രസിംഗ് സച്ചിനുള്ള പിന്തുണ അറിയിച്ചത്.

എന്നാല്‍ അശോക് ഗെഹ്ലോട്ടിന് 84 എം.എല്‍.എമാരുടെ പിന്തുണ മാത്രമേയൂള്ളൂവെന്ന് സച്ചിന്റെ ക്യാംപിലുള്ളവര്‍ അവകാശപ്പെട്ടു. ഹൈക്കമാന്റുമായി ഒരു ചര്‍ച്ചയും നടത്തുന്നില്ലെന്നും സച്ചിന്‍ പൈലറ്റിനോട് അടുത്തവൃത്തങ്ങള്‍ പറഞ്ഞു.

അതേസമയം സച്ചിന്‍ പൈലറ്റിനെ അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസ് ശ്രമം തുടരവെ രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ശക്തി തെളിയിച്ചു. നൂറ് എം.എല്‍.എമാരെ ജയ്പൂരിലെ വസതിയിലെത്തിച്ചാണ് ഗെലോട്ട് തന്റെ സര്‍ക്കാരിന്റെ ശക്തി പ്രകടിപ്പിച്ചത്.

30 എം.എല്‍.എമാര്‍ തനിക്കൊപ്പമാണെന്ന സച്ചിന്‍ പൈലറ്റിന്റെ അവകാശവാദത്തിന് പിന്നാലെയായിരുന്നു ഇത്.

107 കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ 97 പേരും ജയ്പൂരില്‍ യോഗത്തിലെത്തി. ഗെലോട്ട് പ്രതീക്ഷിച്ചതില്‍ രണ്ടുപേര്‍ കുറവാണെന്നാണ് വിവരം.

എന്നാല്‍, കോണ്‍ഗ്രസ് അവകാശപ്പെടുന്ന നമ്പര്‍ കള്ളമാണെന്നാണ് പൈലറ്റിന്റെ വിശ്വസ്തര്‍ പറയുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more