ഇനി അനുനയവും ചര്‍ച്ചയുമില്ല; നിയമത്തെ നിയമം കൊണ്ട് നേരിടാന്‍ കര്‍ഷകര്‍; കാര്‍ഷിക നിയമത്തിനെതിരെ സുപ്രീംകോടതിയിലേക്ക്
farmers protest
ഇനി അനുനയവും ചര്‍ച്ചയുമില്ല; നിയമത്തെ നിയമം കൊണ്ട് നേരിടാന്‍ കര്‍ഷകര്‍; കാര്‍ഷിക നിയമത്തിനെതിരെ സുപ്രീംകോടതിയിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th December 2020, 3:30 pm

ന്യൂദല്‍ഹി: കാര്‍ഷിക നിയമത്തില്‍ ഇടപെടണമെന്ന ആവശ്യവുമായി കര്‍ഷക സംഘടനകള്‍ സുപ്രീംകോടതിയെ സമീപിക്കും.
ഭാരതീയ കിസാന്‍ യൂണിയനാണ് സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ പുതിയ മൂന്ന് കാര്‍ഷിക നിയമങ്ങളും കാര്‍ഷിക മേഖലയെ തകര്‍ക്കുമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ ഹരജിയില്‍ പറയുന്നു.

അതേസമയം, കര്‍ഷക പ്രതിഷേധം നാള്‍ക്കുനാള്‍ ശക്തിപ്പെട്ടുവരുമ്പോഴും നിയമം പിന്‍വലിക്കില്ലെന്ന പിടിവാശിയിലാണ് കേന്ദ്രസര്‍ക്കാര്‍.

കര്‍ഷകരുമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും ഒരു നിയമവും പൂര്‍ണമായി കര്‍ഷകരെ ബാധിക്കുന്നതല്ലെന്നുമാണ് കാര്‍ഷിക മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ വ്യാവാഴ്ച പറഞ്ഞത്. കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന് പറയുന്ന ഭേദഗതി മാത്രം ചര്‍ച്ചയ്ക്കെടുക്കാമെന്നാണ് തോമര്‍ പറഞ്ഞിരിക്കുന്നത്.

അതേസമയം, കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട മൂന്ന് നിയമങ്ങള്‍ നടപ്പാക്കുന്നതിന് മുമ്പ് നിങ്ങള്‍ എന്തുകൊണ്ടാണ് കര്‍ഷകരോട് ആലോചിക്കാത്തതെന്ന് തങ്ങള്‍ അമിത് ഷായോട് ചോദിച്ചപ്പോള്‍ ചില തെറ്റുകള്‍ സംഭവിച്ചതായി അമിത് ഷാ സമ്മതിച്ചെന്ന് കര്‍ഷക സംഘ നേതാവ് ശിവ് കുമാര്‍ കാക്ക പറഞ്ഞിരുന്നു.

കാര്‍ഷിക നിയമം പിന്‍വലിക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് കര്‍ഷകര്‍ ഉറപ്പിച്ച് പറഞ്ഞിട്ടുണ്ട്. പ്രതിഷേധം കൂടുതല്‍ ശക്തിപ്പെടുത്താനാണ് കര്‍ഷകരുടെ തീരുമാനം.

ബി.ജെ.പി ഓഫീസുകള്‍ രാജ്യവ്യാപകമായി ഉപരോധിക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചിട്ടുണ്ട്. ബി.ജെ.പി നേതാക്കളെയും ജനപ്രതിനിധികളെയും ഉപരോധിക്കുമെന്നും കരിങ്കൊടി കാട്ടുമെന്നും കര്‍ഷകര്‍ അറിയിച്ചു.

ഡിസംബര്‍ 12ന് ദല്‍ഹി- ജയ്പൂര്‍, ദല്‍ഹി- ആഗ്ര ദേശീയ പാതകള്‍ ഉപരോധിക്കുമെന്നും ഡിസംബര്‍ 14ന് ദേശീയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കര്‍ഷക സമരസമിതി നേതാക്കള്‍ വ്യക്തമാക്കി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Bhartiya Kisan Union approaches the Supreme Court against the three Farm Laws passed by the Parliament