രഞ്ജി ട്രോഫിയില്‍ മുംബൈ-ബറോഡ മത്സരം രണ്ടാം ദിവസം അവസാനിച്ചിരിക്കുകയാണ്. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ബറോഡ 127-2 എന്ന നിലയിലാണ്.
ആദ്യ ഇന്നിങ്‌സില്‍ ബറോഡയുടെ ബൗളിങ്ങില്‍ ഭാർഗവ് ബട്ട് മികച്ച പ്രകടനമാണ് നടത്തിയത്. മുംബൈയുടെ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തികൊണ്ടായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം.
42.4 ഓവറില്‍ അഞ്ച് മെയ്ഡന്‍ ഉള്‍പ്പെടെ 112 റണ്‍സ് വിട്ടുനില്‍കിയാണ് താരം ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയത്. 2.63 ആണ് താരത്തിന്റെ എക്കോണമി. നിനന്ത് റാത്വ മൂന്ന് വിക്കറ്റുകളും വീഴ്ത്തി മികച്ച പ്രകടനം നടത്തി.
ആദ്യം ബാറ്റ് ചെയ്ത മുംബൈ 384 റണ്‍സിന് പുറത്താവുകയായിരുന്നു. മുംബൈ ബാറ്റിങ്ങില്‍ മുഷീര്‍ ഖാന്‍ ഡബിള്‍ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. 357 പന്തില്‍ പുറത്താവാതെ 203 റണ്‍സ് നേടികൊണ്ടായിരുന്നു മുഷീറിന്റെ തകര്‍പ്പന്‍ ഇന്നിങ്സ്.
18 ഫോറുകളാണ് മുഷീറിന്റെ ബാറ്റില്‍ നിന്നും പിറന്നത്. മുഷീറിന്റെ കരിയറിലെ ആദ്യ ഫസ്റ്റ് ക്ലാസ്സ് ഡബിള്‍ സെഞ്ച്വറിയാണിത്. മുഷീറിന് പുറമെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഹര്‍ദിക് ടമൊറെ 57 റണ്‍സും നേടി മികച്ച പ്രകടനം നടത്തി. മൂന്ന് ഫോറുകളാണ് മുംബൈ താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബറോഡക്ക് തുടക്കത്തില്‍ തന്നെ പ്രിയങ്കു മോലിയയെ നഷ്ടമായി. മത്സരത്തിന്റെ രണ്ടാം ഓവറില്‍ ബറോഡയുടെ സ്‌കോര്‍ 11ല്‍ നില്‍ക്കെയാണ് താരത്തെ നഷ്ടമായത്.
ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ഷാര്‍ദുല്‍ താക്കൂര്‍ ആണ് പ്രിയങ്കുവിന്റെ വിക്കറ്റ് വീഴ്ത്തിയത്. ജ്യോന്‍സി സിങ് 79 പന്തില്‍ 32 റണ്‍സുമായും പുറത്തായി.
ശാശ്വന്ത് റാവത്ത് 88 പന്തില്‍ 69 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. ഒമ്പത് ഫോറുകള്‍ ആണ് ശ്വാശ്വന്ദിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
Content Highlight: Bhargav Bhatt take 7 wickets against Mumbai in Ranji trophy