ഫെബ്രുവരി 16ന് ഭാരത് ബന്ദ് പ്രഖ്യാപിച്ച് ഭാരതീയ കിസാന്‍ യൂണിയന്‍
national news
ഫെബ്രുവരി 16ന് ഭാരത് ബന്ദ് പ്രഖ്യാപിച്ച് ഭാരതീയ കിസാന്‍ യൂണിയന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th January 2024, 6:55 pm

ന്യൂദല്‍ഹി: കര്‍ഷകരോടുള്ള അവഗണന ചൂണ്ടിക്കാട്ടി ഫെബ്രുവരി 16ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് ഭാരതീയ കിസാന്‍ യൂണിയന്‍. കാര്‍ഷിക വിളകള്‍ക്ക് എം.എസ്.പി ഉറപ്പുനല്‍കുന്ന നിയമം നടപ്പാക്കാത്തതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ മുന്‍നിര്‍ത്തിക്കൊണ്ടാണ് ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ (ബി.കെ.യു) ദേശീയ വക്താവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.

എം.എസ്.പി ഗ്യാരണ്ടി, തൊഴിലില്ലായ്മ, അഗ്‌നിവീര്‍ പദ്ധതി, പെന്‍ഷന്‍ പദ്ധതി എന്നിവയടക്കമുള്ള വിഷയങ്ങളാണ് ബന്ദില്‍ ഉയര്‍ത്തിപ്പിടിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് രാകേഷ് ടിക്കായത്ത് വ്യക്തമാക്കി. ബന്ദിന് പിന്തുണയുമായി സംയുക്ത കിസാന്‍ മോര്‍ച്ചയടക്കമുള്ള കര്‍ഷക സംഘങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.

ഫെബ്രുവരി 16ന് കര്‍ഷകര്‍ വയലില്‍ പോവരുതെന്നും പണിമുടക്കി സമരം ചെയ്യണമെന്നും ടിക്കായത്ത് ആഹ്വാനം ചെയ്തു. സാധാരണയായി അമാവാസി ദിനത്തില്‍ കാര്‍ഷികവൃത്തികളില്‍ നിന്ന് കര്‍ഷകര്‍ വിട്ടുനില്‍ക്കാറുണ്ടെന്നും ഫെബ്രുവരി 16 അത്തരത്തില്‍ ഒരു അമാവാസി ദിനമായി ആചരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സമരത്തിലൂടെ രാജ്യത്തിന് വലിയൊരു സന്ദേശം കര്‍ഷകര്‍ക്ക് നല്‍കാന്‍ സാധിക്കുമെന്ന് രാകേഷ് ടിക്കായത്ത് വ്യക്തമാക്കി.

കര്‍ഷക സംഘങ്ങള്‍ക്ക് പുറമെ വ്യാപാരികളോടും ട്രാന്‍സ്പോര്‍ട്ടര്‍മാരോടും സമരത്തിന് പിന്തുണ നല്‍കാനും അന്നേ ദിവസം പണിമുടക്ക് നടത്താനും ആവശ്യപ്പെട്ടതായി രാകേഷ് ടിക്കായത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഇതിനുപുറമെ ഇന്ത്യയിലെ വ്യാപാരി സംഘടനകളും കര്‍ഷക സമരത്തിന് പിന്തുണ നല്‍കണമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ജനങ്ങള്‍ അന്നേ ദിവസം കടകളില്‍ നിന്ന് സാധനങ്ങളൊന്നും വാങ്ങരുതെന്നും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും പിന്തുണയായി കടകള്‍ അടച്ചിടാന്‍ കടയുടമകളോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു.

Content Highlight: Bharatiya Kisan Union announced Bharat Bandh on February 16