ന്യൂദല്‍ഹി: മുഹമ്മദലി ജിന്നയെ രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയാക്കണമായിരുന്നെന്ന് ബി.ജെ.പി നേതാവിന്റെ പ്രസ്താവനയില്‍ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ്. ബി.ജെ.പിയുടെ പൂര്‍ണരൂപം ഭാരതീയ ജിന്നാ പാര്‍ട്ടി എന്നാണെന്നും, പാകിസ്ഥാന്‍ സ്ഥാപകനോടുള്ള ബി.ജെ.പിയുടെ സ്‌നേഹം പുറത്തു ചാടിയിരിക്കുയാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
മുഹമ്മദലി ജിന്നയപ്പോലെ, അറിവുള്ള ഒരാളെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാന്‍ തീരുമാനിച്ചിരുന്നെങ്കില്‍ പാകിസ്ഥാന്‍ രൂപീകരണം തടയാമായിരുന്നെന്നായിരുന്നു മധ്യപ്രദേശിലെ ബി.ജെ.പി സ്ഥാനാര്‍ഥി ഗുമന്‍ സിങ് ദാമോറിന്റെ പ്രസ്താവന. ഇന്ത്യ വിഭജിക്കപ്പെട്ടതിന്റെ ഉത്തരവാദി ജവഹര്‍ലാല്‍ നെഹ്റുവാണെന്നും മധ്യപ്രദേശിലെ രത്ലം-ജാബുവ പാര്‍ലമെന്ററി സീറ്റില്‍ നിന്നും ജനവിധി തേടുന്ന ദമോര്‍ പറഞ്ഞികരുന്നു.
എന്നാല്‍ രണ്ടു രാഷ്ട്രങ്ങള്‍ എന്ന സിദ്ധാന്തം 1937ല്‍ ആര്‍.എസ്.എസ് ആചാര്യന്‍ സവര്‍ക്കര്‍ ആണ് അവതരിപ്പിച്ചതെന്നും, മുഹമ്മദലി ജിന്ന 1940ല്‍ ഈ പ്രമേയം പാസ്സാക്കുകയായിരുന്നെന്നും കോണ്‍ഗ്രസ് വക്താവ് പവന്‍ സിങ് ഖേര ചൂണ്ടിക്കാട്ടി.
അംബേദ്കറിന്റെ പാകിസ്ഥാന്‍ ഓര്‍ പാര്‍ട്ടീഷന്‍ ഓഫ് ഇന്ത്യ എന്ന പുസ്തകത്തില്‍ സവര്‍ക്കറും ജിന്നയും പാകിസ്ഥാന്‍ രൂപീകരണത്തില്‍ ധാരണയിലെത്തിയിരുന്ന കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നതായും ഖേര്‍ ചൂണ്ടിക്കാട്ടി.
സ്വാതന്ത്ര്യത്തിന് മുമ്പ് 11ല്‍ ഏഴ് പ്രവ്യശകളില്‍ അസംബ്ലി തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ് ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് ഇവിടങ്ങളില്‍ നിന്ന് രാജിവെച്ചിരുന്നതായി ഖേര്‍ ഓര്‍മിപ്പിച്ചു. എന്നാല്‍ ഈ സമയത്ത് മുസ്ലിം ലീഗും ഹിന്ദു മഹാസഭയും ചേര്‍ന്ന് സഖ്യത്തിലായി. സിന്ധ് അസംബ്ലിയില്‍ മന്ത്രിമാരുണ്ടായിരുന്നു. ഖേര്‍ പറയുന്നു.
‘ജവഹര്‍ലാല്‍ നെഹ്റു വാശി പിടിച്ചില്ലായിരുന്നെങ്കില്‍ ഈ രാജ്യം രണ്ടു കഷണങ്ങളായി വിഭജിക്കപ്പെടുമായിരുന്നില്ല. മുഹമ്മദലി ജിന്ന വിവരമുള്ള ഒരു വ്യക്തിയായിരുന്നു, അദ്ദേഹം ഒരു അഭിഭാഷകന്‍ കൂടിയായിരുന്നു. മുഹമ്മദലി ജിന്നയെ പ്രധാനമന്ത്രിയാക്കാമെന്ന് തീരുമാനിച്ചിരുന്നെങ്കില്‍ ഈ രാജ്യം വിഭിജിക്കപ്പെടുമായിരുന്നില്ല. ഈ രാജ്യം വിഭജിക്കപ്പെടാന്‍ ആരെങ്കിലും കാരണമായിട്ടുണ്ടെങ്കില്‍ അത് കോണ്‍ഗ്രസ് പാര്‍ട്ടി മാത്രമാണ്’- എന്നായിരുന്നു ദാമോര്‍ പറഞ്ഞത്.
2014ലെ തെരഞ്ഞെടുപ്പില്‍ രത്ലം-ജാബുവ സീറ്റില്‍ ഒരു ലക്ഷത്തിലധികം ഭൂരിപക്ഷത്തിനായിരുന്നു ബി.ജെ.പി വിജയിച്ചത്. എന്നാല്‍ എം.പിയായി തെരഞ്ഞെടുക്കപ്പെട്ട ദിലീപ് സിങ് ഭുരിയ മരിച്ചതിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ നാണം കെട്ട തോല്‍വിയായിരുന്നു ബി.ജെ.പിയെ കാത്തിരുന്നത്. ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കാണ്ടിലാല്‍ ഭൂരിയ ബി.ജെ.പിയെ ഒരു ലക്ഷത്തിന്റെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്.