കൊല്‍ക്കത്ത: രാജ്യത്ത് 500രൂപയുടെയും 1000രൂപയുടെയും നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം വരുന്നതിന് മണിക്കൂറുകള്‍ക്കുമുമ്പ് ബംഗാളില്‍ ബി.ജെ.പിയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കപ്പെട്ടത് കോടികള്‍. എല്ലാം 500രൂപയുടെയും 1000രൂപയുടെയും നോട്ടുകള്‍. ഒരു ബംഗാളി ദിനപത്രമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഇന്ത്യന്‍ ബാങ്കിന്റെ കൊല്‍ക്കത്ത സെന്‍ട്രല്‍ അവന്യൂ ബ്രാഞ്ചിലെ 554510034, 6365251388 എന്നീ അക്കൗണ്ട് നമ്പറുകളിലാണ് പണം നിക്ഷേപിക്കപ്പെട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ രണ്ടു അക്കൗണ്ട് നമ്പറിന്റെയും ഉടമസ്ഥന്‍ ഭാരതീയ ജനതാ പാര്‍ട്ടി-പശ്ചിമബംഗാള്‍ ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നവംബര്‍ 8ന് രാത്രിയോടെയാണ് മോദിയുടെ പ്രഖ്യാപനം വരുന്നത്. അന്ന് ഉച്ചയ്ക്കുശേഷം രണ്ടുതവണയായി 60 ലക്ഷവും 40ലക്ഷവുമാണ് 554510034 എന്ന അക്കൗണ്ട് നമ്പറില്‍ നിക്ഷേപിക്കപ്പെട്ടത്.
6365251388 എന്ന അക്കൗണ്ട് നമ്പറില്‍ നവംബര്‍ ഒന്നിനും ആറിനും ഇടയില്‍ നാലുതവണയായി 75 ലക്ഷം രൂപയോളമാണ്
നിക്ഷേപിച്ചതായി കാണുന്നത്.
See more at: നോട്ടു പിന്‍വലിക്കല്‍; ബുദ്ധിമുട്ട് ജനങ്ങള്‍ക്ക് മാത്രമെന്ന് സംഘപരിവാര്‍ സൈദ്ധാന്തികന്‍ ഗോവിന്ദാചാര്യ
നിക്ഷേപിച്ചത് ആരുടെ പണമാണെന്ന് വ്യക്തമല്ല. അതേസമയം നോട്ടു പിന്‍വലിക്കലിലൂടെ ബി.ജെ.പി വന്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കിയെടുത്തു എന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.
അതീവ രഹസ്യമായാണ് നോട്ടു പിന്‍വലിക്കന്‍ തീരുമാനം നടപ്പാക്കിയത് എന്നാണ് മോദി സര്‍ക്കാര്‍ അവകാശപ്പെടുന്നത്. അതേസമയം അറിയിക്കേണ്ടവരെ അറിയിച്ചുകൊണ്ടാണ് മോദി സര്‍ക്കാര്‍ ഈ തീരുമാനം കൊണ്ടുവന്നതെന്ന ആരോപണവുമായി ദല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നിട്ടുണ്ട്. ഇവരുടെ ആരോപണങ്ങള്‍ക്ക് ബലം നല്‍കുന്നതാണ് ഈ റിപ്പോര്‍ട്ട്.