ന്യൂദല്‍ഹി: ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് ബി.ജെ.പി എം.എല്‍.എ മനോജ് തിവാരി. ദല്‍ഹിയില്‍ നടന്ന മോട്ടോര്‍സൈക്കിള്‍ റാലിയിലായിരുന്നു ഹെല്‍മറ്റ് ധരിക്കാതെയുള്ള തിവാരിയുടെ യാത്ര. സംഭവത്തില്‍ പൊലീസ് ഇയാള്‍ക്കെതിരെ പിഴ ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ക്ഷമാപണവുമായി തിവാരി രംഗത്തെത്തിയിരിക്കുന്നത്.
ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തതില്‍ ക്ഷമ ചോദിക്കുന്നുവെന്നും സുരക്ഷിതമായി വാഹനമോടിക്കണമെന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു.
‘ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിച്ചതില്‍ ഖേദിക്കുന്നു. പിഴ തുക എത്രയും പെട്ടെന്ന് അടക്കും. ചിത്രത്തില്‍ വാഹനത്തിന്റെ നമ്പര്‍ കൃത്യമാണ്. റെഡ് ഫോര്‍ട്ട് ആണ് സ്ഥലം. ഹെല്‍മറ്റ് ധരിക്കാതെ ആരും വാഹനമോടിക്കരുത്,’ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
അതേസമയം ഹെല്‍മറ്റ് മാത്രമല്ല പ്രശ്‌നമെന്നാണ് പൊലീസ് പറയുന്നത്. ഹെല്‍മറ്റ് ധരിക്കാത്തതിന് പുറമെ വാഹനത്തിന്റെ പുകപരിശോധന സര്‍ട്ടിഫിക്കറ്റോ ലൈസന്‍സോ ഇല്ലായിരുന്നുവെന്ന് പൊലീസ് നേരത്തെ പറഞ്ഞിരുന്നു.
സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി നടത്തുന്ന ‘ഹര്‍ ഘര്‍ തിരംഗ’യുടെ കാമ്പെയിന്‍ രാജ്യത്തുടനീളം നടന്നുവരുകയാണ്. ഇതിന്റെ ഭാഗമായി സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ചെങ്കോട്ടയിലേക്ക് റാലിയായി പോയപ്പോഴാണ് മനോജി തിവാരി ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിച്ചത്.
നിരവധി എം.പിമാരും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും റാലിയില്‍ പങ്കെടുത്തിരുന്നു. റാലിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ഡല്‍ഹി ട്രാഫിക് പൊലീസ് പിഴ ചുമത്തിയത്.
75ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശീയ പതാകയായ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ഹര്‍ ഘര്‍ തിരംഗ കാമ്പെയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ 22ന് ആരംഭിച്ചിരുന്നു. മന്‍ കി ബാത്ത് പ്രസംഗത്തിനിടെയായിരുന്നു പ്രഖ്യാപനം. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ പ്രൊഫൈല്‍ പിക്ചറുകള്‍ (ഡി.പി) ത്രിവര്‍ണ്ണ പതാകയിലേക്ക് മാറ്റാനും മോദി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. എല്ലാ വീടുകളിലും ദേശീയ പതാകയുയര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Content Highlight: Bharatiya janata party mla fined by traffic police for not wearing helmet while har ghar tirang rally