യു.പിയില്‍ സഖ്യകക്ഷികളെ ഒഴിവാക്കാന്‍ തീരുമാനിച്ച് ബി.ജെ.പി; ഒറ്റക്ക് മത്സരിക്കും
national news
യു.പിയില്‍ സഖ്യകക്ഷികളെ ഒഴിവാക്കാന്‍ തീരുമാനിച്ച് ബി.ജെ.പി; ഒറ്റക്ക് മത്സരിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd September 2019, 1:42 pm

ലഖ്നൗ: യു.പിയില്‍ അടുത്ത നിയമസഭാതെരഞ്ഞടുപ്പില്‍ സഖ്യകക്ഷികളെ ഒഴിവാക്കി ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ച് ബി.ജെ.പി. സുഹല്‍ദേവ് സമാജ് പാര്‍ട്ടിയുമായുള്ള സഖ്യം അവസാനിപ്പിച്ചതിന് പിന്നാലെ അപ്നാദളിനെയും മാറ്റിനിര്‍ത്താനാണ് ബി.ജെ.പിയുടെ തീരുമാനം.

ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 13 നിയമസഭാമണ്ഡലങ്ങളിലും പാര്‍ട്ടിയുടെ സ്വന്തം സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുകയെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് അഭിപ്രായപ്പെട്ടു.

അപ്‌നാദളിന് നല്‍കിയിരുന്ന പ്രതാപ്ഗര്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ ബി.ജെ.പി മത്സരിപ്പിക്കും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ചു വിജയിച്ച അപ്നാദള്‍ നേതാവ് സംഖം ലാല്‍ ഗുപ്തയുടെ ഒഴിവിലേക്കാണ്് പ്രതാപ്നഗറില്‍ ബി.ജെ.പിയുടെ പുതിയ സ്ഥാനാര്‍ത്ഥിയെത്തുക.

അപ്നാദള്‍ നേതാവ് അനുപ്രിയ പട്ടേലിന് മോദി മന്ത്രിസഭയില്‍ ഇടം നല്‍കിയിരുന്നില്ല. ആദ്യ മോദി മന്ത്രിസഭയില്‍ മന്ത്രിയായിരുന്നു അനുപ്രിയ പട്ടേല്‍.

ലോക്സഭാതിരഞ്ഞെടുപ്പിനു ശേഷം തുടര്‍ച്ചയായി അപ്നാദളിനെ മാറ്റിനിര്‍ത്തുന്ന മനോഭാവമാണ് ബി.ജെ.പി കൈകൊണ്ടത്. കഴിഞ്ഞമാസം യോഗി സര്‍ക്കാര്‍ കാബിനറ്റ് വിപുലീകരിച്ചപ്പോഴും അപ്നാദളിനെ പരിഗണിച്ചില്ല.