| Wednesday, 7th March 2018, 12:01 pm

പശ്ചിമ ബംഗാളില്‍ ജനസംഘം നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയ്ക്ക് നേരെ ആക്രമണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ത്രിപുരയില്‍ ലെനിന്‍ പ്രതിമ ആക്രമിക്കപ്പെട്ടതിന് പിന്നാലെ പശ്ചിമ ബംഗാളില്‍ ജനസംഘം നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയ്ക്ക് നേരെയും ആക്രമണം.

കൊല്‍ക്കത്തിയിലെ കാളിഘട്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊറോത്താല ക്രിമിറ്റോറിയത്തിലെ ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയാണ് ഒരു സംഘം ഭാഗികമായി തകര്‍ക്കുകയും മുഖം കരി ഓയില്‍ ഒഴിച്ച് വികൃതമാക്കുകയും ചെയ്തത്.

സംഭവവുമായി ബന്ധപ്പെട്ട് ജാദവ്പൂര്‍ സര്‍വകലാശാലയിലെ ഇടതുവിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തകരായ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.


Dont Miss ആര്‍.എസ്.എസ് ഫാഷിസ്റ്റ് സംഘടനയല്ലയെന്ന് പറഞ്ഞിട്ടില്ല: മാധ്യമം അഭിമുഖത്തിലെ പരാമര്‍ശം നിഷേധിച്ച് പ്രകാശ് കാരാട്ട്


ത്രിപുരയിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ തിങ്കളാഴ്ചയാണ് ബെലോണിയയില്‍ ലെനിന്റെ പ്രതിമ ബി.ജെ.പിക്കാര്‍ തകര്‍ത്തത്. ഇന്നലെ തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ പെരിയാര്‍ ഇ.വി രാമസ്വാമി നായ്ക്കരുടെ പ്രതിമയും ഒരു സംഘം തകര്‍ത്തിരുന്നു.

പെരിയാറിന്റെ പ്രതിമ തകര്‍ക്കപ്പെട്ടതിന് പിന്നാലെ കോയമ്പത്തൂരില്‍ ബി.ജെ.പി ഓഫിസിന് നേരെ പെട്രോള്‍ ബോംബ് ആക്രമണം നടന്നിരുന്നു.

ഓടിയെത്തിയ രണ്ടു പേര്‍ ബി.ജെ.പി ഓഫിസിന് നേരെ രണ്ട് പെട്രോള്‍ ബോംബുകള്‍ എറിയുന്നതാണ് വീഡിയോയിലുള്ളത്. ഇന്ന് പുലര്‍ച്ചെ 3.20 ഓടെയാണ് അക്രമമുണ്ടായത്. സംഭവത്തില്‍ നാശനഷ്ടങ്ങളൊന്നുമില്ലെന്നും സ്ഥലത്ത് സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

പെരിയാറിന്റെ പ്രതിമ തകര്‍ക്കുമെന്ന് തമിഴ്നാട് ബി.ജെ.പി നേതാക്കളായ എച്ച്. രാജയും എസ്.ജി സൂര്യയും ട്വീറ്റ് ചെയ്തതിന് പിന്നാലെ ഇന്നലെ രാത്രി ഒന്‍പത് മണിയോടെ തകര്‍ക്കപ്പെട്ടിരുന്നു. തമിഴ്‌നാട്ടിലെ വെല്ലൂരിലുള്ള മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ സ്ഥാപിച്ചിരുന്ന പെരിയാറിന്റെ പ്രതിമയാണ് രണ്ടുപേര്‍ തകര്‍ത്തത്.

“ത്രിപുരയിലെ ലെനിന്‍ വീഴ്ച ബി.ജെ.പി വിജയകരമായി പൂര്‍ത്തിയാക്കി. തമിഴ്‌നാട്ടിലെ ഇ.വി രാമസാമി പ്രതിമകളുടെ വീഴ്ചയ്ക്കായി കാത്തിരിക്കുക.” എന്നായിരുന്നു രാജയുടെ ട്വീറ്റ്.

We use cookies to give you the best possible experience. Learn more