ചെന്നൈ: കാവേരി വിഷയത്തില്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമാകുന്നു. ഐ.പി.എല്‍ മത്സരം നടക്കുന്ന ചെപ്പോക്ക് സ്‌റ്റേഡിയത്തിനു പുറത്ത് കാണികള്‍ തടയാനെത്തിയ സംവിധായകന്‍ ഭാരതിരാജ അടക്കുമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സ്റ്റേഡിയത്തിനു പുറത്ത് തമ്പടിച്ച പ്രതിഷേധക്കാര്‍ കളി കാണാന്‍ എത്തുന്നവരെ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയാണ്.
അതേസമയം പ്രതിഷേധങ്ങള്‍ക്കിടെ ചെന്നൈ, കൊല്‍ക്കത്ത ടീമുകള്‍ സ്റ്റേഡിയത്തിലെത്തി. നേരത്തെ ചെന്നൈയില്‍ ഐ.പി.എല്‍ മത്സരം നടത്തരുത് ഭാരതിരാജ ആവശ്യപ്പെട്ടിരുന്നു.
അതിനിടെ, തമിഴ്‌നാട്ടില്‍ ഐ.പി.എല്‍ ഇപ്പോള്‍ നടത്താന്‍ പാടില്ലായിരുന്നുവെന്ന അഭിപ്രായവുമായി സംസ്ഥാന ഫിഷറീസ് വകുപ്പുമന്ത്രി ഡി.ജയകുമാറും രംഗത്തെത്തി.
ഐ.പി.എല്‍ കോഴ വിവാദത്തെ തുടര്‍ന്നു രണ്ട് വര്‍ഷത്തെ വിലക്കു നേരിട്ട ചെന്നൈ സൂപ്പര്‍ കിങ്‌സ് ഈ സീസണിലാണു തിരിച്ചെത്തിയത്. ആദ്യ മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച ചെന്നൈയ്ക്കു സീസണിലെ രണ്ടാം മല്‍സരമാണു ചെപ്പോക്കിലേത്. ഇതിനിടെയാണു മത്സരം നടത്തിയാല്‍ സ്റ്റേഡിയം ഉപരോധിക്കുമെന്നു വ്യക്തമാക്കി തമിഴ് വാഴ്വുരിമൈ കക്ഷി നേതാവ് വേല്‍മുരുകന്‍ രംഗത്തെത്തിയത്. താരങ്ങള്‍ക്ക് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ തങ്ങള്‍ ഉത്തരവാദികളായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
തൊട്ടുപിന്നാലെ നടന്‍ സത്യരാജ്, കര്‍ഷക നേതാവ് പി.ആര്‍.പാണ്ഡ്യന്‍, അണ്ണാ ഡിഎംകെ പിന്തുണയോടെ ജയിച്ച സ്വതന്ത്ര എംഎല്‍എമാരായ തനിയരശ്, തമീമുല്‍ അന്‍സാരി, നാം തമിഴര്‍ കക്ഷി നേതാവ് സീമാന്‍ എന്നിവരും പ്രതിഷേധവുമായി രംഗത്തെത്തി.
നേരത്തെ കാവേരി തര്‍ക്കം നിലനിര്‍ത്തുന്നതിനാല്‍ ചെന്നൈയുടെ ഹോം മത്സരങ്ങളുടെ വേദി മാറ്റുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും വേദി മാറ്റേണ്ടതില്ലെന്നായിരുന്നു ഐ.പി.എല്‍ സമിതിയുടെ തീരുമാനം. ഇന്നലെ ഐ.പി.എല്‍ ചെയര്‍മാര്‍ രാജീവ് ശുക്ലയായിരുന്നു ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
Watch This Video: