ഒരു ഇടവേളക്ക് ശേഷം സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്ത ഭാരത സര്‍ക്കസ് അഭിനേതാക്കളുടെ പ്രകടനം കൊണ്ടും പ്രമേയത്തിലെ പുതുമകൊണ്ടും ശ്രദ്ധേയമാകുകയാണ്.
പ്രേക്ഷകരുടെ ഇഷ്ടം പിടിച്ച് പറ്റുന്ന കഥാപാത്രങ്ങള്‍ തുടര്‍ച്ചയായി ചെയ്യുന്ന ബിനു പപ്പുവിന്റെ സൗദി വെള്ളക്കക്ക് ശേഷമുള്ള മികച്ച കഥാപാത്രമാണ് ലക്ഷ്മണന്‍ കാണി എന്ന ആദിവാസി യുവാവെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
സൂക്ഷ്മമായ അഭിനയം കൊണ്ട് ബിനു ആ കഥാപാത്രത്തെ മികവുറ്റതാക്കി. നായക സ്വഭാവമുള്ള കഥാപാത്രങ്ങളും തനിക്കിണങ്ങുമെന്ന് ഈ ചിത്രത്തിലൂടെ തെളിയിക്കുകയാണ് ബിനു പപ്പുവെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.
ഇതിനൊപ്പം തന്നെ എം.എ നിഷാദിന്റെ ജയചന്ദ്രന്‍ നായര്‍ എന്ന പോലീസ് കഥാപാത്രവും ഷൈന്‍ ടോം ചാക്കോയുടെ അനൂപ് എന്ന കഥാപാത്രവും ശ്രദ്ധ നേടുന്നുണ്ട്.
ഒരു പരാതിയുമായി ലക്ഷ്മണന്‍ കാണി തന്റെ ഗ്രാമത്തിലെ പൊലീസ് സ്റ്റേഷനില്‍ എത്തുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. സ്റ്റേഷന് ഹൗസ് ഓഫീസറായ ജയചന്ദ്രന്‍ നായര്‍ ആ പരാതി സ്വീകരിക്കുകയും പിന്നീടുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്.
വാദിയെ പ്രതിയാക്കുന്ന വ്യവസ്ഥയുടെ പുഴുക്കുത്തുകളിലേക്കാണ് മുഹാദ് വെമ്പായത്തിന്റെ തിരക്കഥ തുടര്‍ന്ന് സഞ്ചരിക്കുന്നത്. ഒരു ത്രില്ലര്‍ ഴോണറിലാണ് സിനിമയുടെ തുടര്‍ന്നുള്ള യാത്ര.
ത്രില്ലര്‍ എന്ന നിലയില്‍ സിനിമയെ കെട്ടിപ്പടുക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചുവെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ചെറുതും വലുതുമായ കഥാപാത്രങ്ങളുടെ പ്രകടനത്തിലെ സൂക്ഷ്മതയും സംവിധാനത്തിന്റെ മികവായി തന്നെ പ്രേക്ഷകര്‍ അടയാളപ്പെടുത്തുന്നുണ്ട്.
ചിലയിടത്തെങ്കിലും പശ്ചാത്തല സംഗീതം സിനിമയുടെ പേസിന് ഒപ്പമെത്തുന്നില്ലെന്നും എന്നിരുന്നാലും മൊത്തത്തില്‍ പ്രേക്ഷകരെ എന്‍ഗേജ് ചെയ്ത് നിര്‍ത്തുന്നതില്‍ ഭാരത സര്‍ക്കസ് വിജയിച്ചിട്ടുണ്ടെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
സംവിധായകന്‍ എന്ന നിലയില്‍ നിന്ന് എം.എ നിഷാദ് അഭിനേതാവ് എന്ന നിലയിലേക്ക് മാറി ചുവടുറപ്പിക്കുന്ന ചിത്രം കൂടിയാണ് ഭാരത സര്‍ക്കസ്. ചിത്രത്തിലെ ജയചന്ദ്രന്‍ നായര്‍ എന്ന പോലീസ് കഥാപാത്രം പ്രകടനം കൊണ്ട് വേറിട്ട് നില്‍ക്കുന്ന ഒന്നാണ്. സുനില്‍ സുഖദ, ജാഫര്‍ ഇടുക്കി എന്നിവരും ചിത്രത്തില്‍ മികച്ച അഭിനയ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.
പി.എന്‍.ആര്‍ കുറുപ്പിന്റെ ‘പുലയാടി മക്കള്‍’ എന്ന കവിതയുടെ സംഗീതാവിഷ്‌കാരം സിനിമയില്‍ ഉണ്ട്. ബിജിപാലാണ് സംഗീത സംവിധാനം. മധു ബാലകൃഷ്ണന് പാടിയ മറ്റൊരു ഗാനവും ചിത്രത്തില്‍ ഉണ്ട്.