മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് ഭരത്. 2003ല്‍ ശങ്കറിന്റെ ബോയ്സ് എന്ന സിനിമയിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് എത്തുന്നത്. 2004ല്‍ ഫോര്‍ ദി പീപ്പിള്‍ എന്ന ചിത്രത്തിലൂടെയാണ് ഭരത് മലയാള സിനിമയില്‍ എത്തിയത്.
ചിത്രത്തിലെ വിവേക് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒപ്പം സിനിമയിലെ ‘ലജ്ജാവതിയെ’ എന്ന ഗാനവും ഒരുപാട് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പിന്നീട് തമിഴില്‍ നിരവധി സിനിമകള്‍ ചെയ്ത ഭരത് പത്ത് വര്‍ഷത്തിന് ശേഷം 2014ലാണ് അടുത്ത മലയാള സിനിമയില്‍ അഭിനയിക്കുന്നത്.
വിനി വിശ്വലാലിന്റെ രചനയില്‍ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കൂതറയായിരുന്നു ആ ചിത്രം. സിനിമയില്‍ ഭരതിനൊപ്പം ടൊവിനോ തോമസ്, സണ്ണി വെയ്ന്‍ എന്നിവരായിരുന്നു പ്രധാനവേഷത്തില്‍ എത്തിയത്. ഇപ്പോള്‍ മലയാളത്തില്‍ അടുത്ത സുഹൃത്തുക്കള്‍ ആരൊക്കെയാണെന്ന് പറയുകയാണ് ഭരത്.
നാനാ സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍. ടൊവിനോ തോമസ്, സണ്ണി വെയ്ന്‍ എന്നിവരാണ് മലയാളത്തിലെ തന്റെ അടുത്ത സുഹൃത്തുക്കളെന്നും കൂതറ സിനിമയുടെ സമയത്ത് തുടങ്ങിയ സൗഹൃദമാണെന്നും ഭരത് പറഞ്ഞു.
മലയാളത്തില്‍ നിന്ന് ഏതെങ്കിലും പ്രൊജക്ട് വന്നാല്‍ താന്‍ അവരെ വിളിച്ച് അന്വേഷിക്കാറുണ്ടെന്നും അതുപോലെ ഇരുവരും തന്നെ വിളിച്ചു ചോദിക്കാറുണ്ടെന്നും ഭരത് പറയുന്നു. തങ്ങള്‍ തമ്മില്‍ നല്ലൊരു അണ്ടര്‍സ്റ്റാന്റിങ്ങുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ടൊവിനോ, സണ്ണി വെയ്ന്‍ എന്നിവരാണ് മലയാളത്തില്‍ അടുത്ത സുഹൃത്തുക്കള്‍. രണ്ടുപേരും എന്റെ അടുത്ത സുഹൃത്തുക്കള്‍ തന്നെയാണ്. കൂതറ സിനിമയില്‍ ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. അന്ന് തുടങ്ങിയ സൗഹൃദമാണ്. ടൊവിനോ വലിയ സംഭവമായി മാറി. സണ്ണിയും നന്നായി പോകുന്നു.
മലയാളത്തില്‍ നിന്ന് ഏതെങ്കിലും പ്രൊജക്ട് വന്നാല്‍ ഞാന്‍ അവരെ വിളിച്ച് അന്വേഷിക്കാറുണ്ട്. അതുപോലെ സണ്ണിയും ടൊവിനോയും വിളിച്ചു ചോദിക്കാറുണ്ട്. ടൊവിനോ ധനുഷിന്റെ കൂടെ മാരി 2 ചെയ്തിരുന്നു. ജീവയുടെ ജിപ്സി എന്ന പടത്തില്‍ സണ്ണിയുണ്ടായിരുന്നു. ഞങ്ങള്‍ തമ്മില്‍ നല്ലൊരു അണ്ടര്‍സ്റ്റാന്റിങ്ങുണ്ട്,’ ഭരത് പറയുന്നു.
Content Highlight: Bharath Talks About His Friendship With Tovino Thomas And Sunny Wayne