ന്യൂദല്‍ഹി: ഹോക്കി ഇതിഹാസം ധ്യാന്‍ ചന്ദിനെ ഭാരതരത്‌ന നല്‍കി ആദരിക്കണമെന്ന് രാജ്യം കണ്ട മികച്ച ഓട്ടക്കാരില്‍ ഒരാളായ മില്‍ഖ സിംഗ്. സച്ചിന് പുരസ്‌കാരം നല്‍കി ആദരിച്ചത് നല്ല കാര്യമാണന്നും എന്നിരുന്നാലും കായിക രംഗത്ത് നിന്നും പുരസ്‌കാരം ആദ്യം ലഭിക്കേണ്ടിയിരുന്നത് ധ്യാന്‍ ചന്ദിനായിരുന്നുവെന്നും മില്‍ഖ സിംഗ് പറഞ്ഞു.
ഇക്കാര്യത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന് പുരസ്‌കാരം ലഭിച്ചതിലൂടെ ഭാരത രത്‌നയുടെ വാതില്‍ കായിക താരങ്ങളുടെ മുമ്പില്‍ തുറന്നതായും അദ്ദേഹം പറഞ്ഞു. നിലവില്‍ രാജ്യം ഭാരതരത്‌ന പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുള്ള ഏക കായിക താരം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്
ഇന്ത്യക്കായി മൂന്ന് ഒളിംപിക് ഗോള്‍ഡ് മെഡല്‍ നേടാന്‍ സഹായിച്ച ധ്യാന്‍ ചന്ദിന് ഭാരത രത്‌ന നല്‍കണമെന്നാവശ്യപ്പെട്ട് കൊണ്ട് നേരത്തെയും മില്‍ഖ സിംഗ് രംഗത്ത് എത്തിയിരുന്നു. രാജ്യത്ത് കായിക വികാരം ഉയര്‍ത്തുന്നതില്‍ ധ്യാന്‍ ചന്ദ് വഹിച്ച പങ്ക് മികച്ചതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത് കൂടാതെ ആളുകള്‍ ജീവിച്ചിരിക്കുമ്പോഴാണ് പുരസ്‌കാരം നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അതെ സമയം പത്മഭൂഷണ്‍ പുരസ്‌കാരവുമായി ബന്ധപ്പെട്ട് സൈന നെഹവാള്‍ ഉയര്‍ത്തിയ വിവാദത്തെ അദ്ദേഹം വിമര്‍ശിച്ചു. ഇക്കാര്യത്തില്‍ സൈനക്ക് പുരസ്‌കാരം നല്‍കണമെന്ന് ആവശ്യപ്പെടേണ്ടിയിരുന്നത് ബാഡമിന്റണ്‍ അസോസിയേഷന്‍ ആയിരുന്നുവെന്നും പുരസ്‌കാരം നേരിട്ട് ആവശ്യപ്പെടുന്നത് ശരിയായ രീതിയല്ലെന്നും മില്‍ഖ സിംഗ് അഭിപ്രായപ്പെട്ടു.