മുംബൈ: അന്തരിച്ച ശിവസേന നേതാവ് ബാല്‍ താക്കറെയും ഭാരത രത്‌ന പുരസ്‌കാരം നല്‍കി ആദരിക്കണമെന്ന് ശിവസേന. മുന്‍ പ്രധാന മന്ത്രി അടല്‍ ബീഹാരി വാജ്‌പേയ്ക്കും സ്വാതന്ത്ര്യ സമര സേനാനി മദന്‍ മോഹന്‍ മാളവ്യക്കും ഭരത രത്‌ന നല്‍കിയതിന് പിന്നാലെയാണ് ഇക്കാര്യം ഉന്നയിച്ച് ശിവസേന രംഗത്തിറങ്ങിയിരിക്കുന്നത്.
സാധാരണക്കാര്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തിയിരുന്ന ആളാണ് താക്കറെ എന്നും ജീവിതത്തിന്റെ നാനാ തുറകളില്‍ പെട്ടവരെ ഒന്നിച്ചു നിര്‍ത്തുന്നതില്‍ അദ്ദേഹം അശാന്ത പരിശ്രമം നടത്തിയെന്നും മുതിര്‍ന്ന ശിവസേന നേതാവായ മനോഹര്‍ ജോഷി പറഞ്ഞു. സാമൂഹിക രംഗത്തെ സംഭാവനകള്‍ കണക്കിലെടുത്ത് താക്കറെയുടെ പേരില്‍ പുരസ്‌കാരം ആവശ്യപ്പെടുന്നതില്‍ എന്താണ് തെറ്റെന്നും മനോഹര്‍ ജോഷി ചോദിച്ചു.
അതേ സമയം ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ശരിയായ സമയത്ത് ഉചിതമായ തീരുമാനം എടുക്കുമെന്നാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ശിവസേനയുടെ ആവശ്യത്തോട് പ്രതികരിച്ചിരിക്കുന്നത്. നേരത്തെ വാജ്‌പേയിക്ക് ഭാരത രത്‌ന പുരസ്‌കാരം നല്‍കാന്‍ നിരവധി തവണ ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യു.പി.എ സര്‍ക്കാര്‍ ഇതംഗീകരിച്ചിരുന്നില്ല.
1954 മുതലാണ് ഭാരത രത്‌ന പുരസ്‌കാരം നല്‍കി തുടങ്ങിയത്. കല, സാഹിത്യം, ശാസ്ത്രം, പൊതുസേവനം തുടങ്ങിയ രംഗങ്ങളില്‍ സുസ്ഥിരമായ സേവനം കാഴ്ചവെക്കുന്നവര്‍ക്കാണ് ഈ ബഹുമതി നല്‍കുന്നത്. 43 ആളുകളാണ് ഇതുവരെ ഈ പുരസ്‌കാരം നേടിയിട്ടുള്ളത്.