ഫെബ്രുവരി 26ന് ഭാരത് ബന്ദിന് ആഹ്വാനം
national news
ഫെബ്രുവരി 26ന് ഭാരത് ബന്ദിന് ആഹ്വാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th February 2021, 6:49 pm

ന്യൂദല്‍ഹി: ചരക്കുസേവന നികുതിയിലെ സങ്കീര്‍ണതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി സംഘടനയായ കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് (സി.എ.ഐ.ടി) ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. ഫെബ്രുവരി 26നാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ആള്‍ ഇന്ത്യ ട്രാന്‍സ്‌പോര്‍ട്ട് വെല്‍ഫെയര്‍ അസോസിയേഷനും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബന്ദിന്റെ ഭാഗമായി റോഡ് ഉപരോധിക്കുമെന്നും കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് അറിയിച്ചു.

ജി.എസ്.ടി കൗണ്‍സിലിന് പല തവണ പരാതികള്‍ നല്‍കിയിട്ടും ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് സി.എ.ഐ.ടി വൃത്തങ്ങള്‍ അറിയിച്ചു. ജി.എസ്.ടി കൗണ്‍സില്‍ സ്വന്തം അജണ്ടയുമായി മുന്നോട്ടുപോകുന്നു എന്ന തോന്നലാണ് ഇതുണ്ടാക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. .

നിലവില്‍ വ്യാപാരികളുടെ സഹകരണം തേടുന്നതില്‍ കൗണ്‍സില്‍ ഒരു താത്പര്യവും കാണിക്കുന്നില്ലെന്നും രാജ്യത്തെ വ്യാപാര രംഗത്തെ പ്രശ്‌നങ്ങള്‍ മനസിലാക്കാതെ വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന നിലപാടാണ് കൗണ്‍സില്‍ സ്വീകരിക്കുന്നതെന്നും കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് പറഞ്ഞു.

ഒരു രാജ്യം ഒരു നികുതി എന്ന പേരില്‍ ആരംഭിച്ച ചരക്കുസേവന നികുതിയില്‍ പല അപാകതകളും ഉണ്ട്. നികുതി ഘടന ലളിതവത്കരിക്കുന്നതിന് കൗണ്‍സില്‍ ഒരു വിധത്തിലുള്ള നടപടികളും സ്വീകരിക്കുന്നില്ലെന്നും സംഘടന നേതാക്കള്‍ പറഞ്ഞു. കൗണ്‍സിലിന്റെ വ്യാപാരി വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചാണ് ബന്ദ് നടത്താന്‍ തീരുമാനിച്ചതെന്നും സംഘടന അറിയിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Bharath Bandh On February 26