ന്യൂദല്‍ഹി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് കസ്റ്റഡിയില്‍. യു.പിയിലെ വീട്ടില്‍ നിന്നും കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ ഇറങ്ങവേയാണ് അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനേയും പൊലീസ് വീട്ടുതടങ്കലില്‍ ആക്കിയിരുന്നു.
തിങ്കളാഴ്ച ദല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ കണ്ട് പിന്തുണ അറിയിച്ചതിന് പിന്നാലെയാണ് കെജ്‌രിവാളിനെ പൊലീസ് വീട്ടുതടങ്കലിലാക്കിയത്.
ആം ആദ്മി പാര്‍ട്ടിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അദ്ദേഹത്തെ വീട്ടില്‍ നിന്ന് ഇറങ്ങാനോ ആരെയും കാണാനോ അനുവദിക്കുന്നില്ലെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറഞ്ഞു.
കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളെയും തങ്ങള്‍ പിന്തുണയ്ക്കുന്നെന്നും അവരുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും ന്യായമാണെന്നും കെജ്രിവാള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കര്‍ഷക പ്രതിഷേധ വേദി സന്ദര്‍ശിച്ച ഒരു സംസ്ഥാനത്തെ ആദ്യത്തെ മുഖ്യമന്ത്രിയാണ് കെജ്രിവാള്‍.
‘ഞാനും എന്റെ പാര്‍ട്ടിയും തുടക്കം മുതല്‍ കര്‍ഷകര്‍ക്കൊപ്പം നിന്നു. അവരുടെ പ്രതിഷേധത്തിന്റെ തുടക്കത്തില്‍ ഒന്‍പത് സ്റ്റേഡിയങ്ങള്‍ ജയിലുകളാക്കി മാറ്റാന്‍ ദല്‍ഹി പൊലീസ് അനുമതി തേടിയിരുന്നു. എന്റെ മേല്‍ വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നു. പക്ഷേ ഞാന്‍ അതിന് അനുവാദം നല്‍കിയില്ല.’ കെജ്‌രിവാള്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക