ചെന്നൈ: ഭരതനാട്യം നര്‍ത്തകനായ സക്കീര്‍ ഹുസൈനെ മതം പറഞ്ഞ് ക്ഷേത്രത്തില്‍ നിന്ന് പുറത്താക്കിയതായി പരാതി. ശ്രീരംഗത്തെ രംഗനാഥസ്വാമി ക്ഷേത്രത്തിലേക്ക് പ്രവേശിക്കാന്‍ തന്നെ അനുവദിച്ചില്ലെന്നാണ് സക്കീര്‍ ഹുസൈന്‍ പറയുന്നത്.
തന്നെ ആക്രമിക്കാന്‍ ശ്രമിച്ചതായും സക്കീര്‍ ഹുസൈന്‍ പറഞ്ഞു. സംഭവത്തില്‍ തമിഴ്‌നാട് ദേവസ്വം വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.
രംഗരാജന്‍ നരസിംഹന്‍ എന്ന പേരുള്ള ആളുടെ നേതൃത്വത്തിലാണ് തന്നെ തടഞ്ഞതെന്നാണ് സക്കീര്‍ പറയുന്നത്.
‘ഞാന്‍ ഇതിന് മുന്‍പും ശ്രീരംഗം ക്ഷേത്രത്തില്‍ വന്നിട്ടുണ്ട്. അന്നൊന്നും ഇത്തരത്തിലൊരു അനുഭവമുണ്ടായിട്ടില്ല. ഞാന്‍ വൈഷ്ണവിസത്തില്‍ വിശ്വസിക്കുന്നയാളായിട്ടും മതത്തിന്റെ പേരില്‍ അപമാനിക്കപ്പെട്ടു,’ സക്കീര്‍ ഹുസൈന്‍ പറഞ്ഞു.
രംഗരാജന് ക്ഷേത്ര കമ്മിറ്റിയുമായി ഒരു ബന്ധവുമില്ലെന്നും സക്കീര്‍ ഹുസൈന്‍ പറഞ്ഞു. തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാരം നേടിയ കലാകാരനാണ് സക്കീര്‍ ഹുസൈന്‍.