വിരാടിന് ഭാരത് രത്ന നൽകണം; ആരാധകർ രംഗത്ത്
Cricket
വിരാടിന് ഭാരത് രത്ന നൽകണം; ആരാധകർ രംഗത്ത്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 15th January 2023, 9:36 pm

ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും വമ്പൻ വിജയം കരസ്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ ടീം.
317 റൺസിന്റെ കൂറ്റൻ വിജയം നേടി ഏകദിന ക്രിക്കറ്റിലെ ഇന്ത്യൻ ടീമിന്റെ ചരിത്രത്തിലെ തന്നെ ഉയർന്ന വിജയമാണ് ടീം ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്.

കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ ടീം ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി എന്നിവരുടെ സെഞ്ച്വറികളോടെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 390 റൺസ് സ്വന്തമാക്കിയപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കക്ക് 22 ഓവറിൽ 73 റൺസ് എടുക്കാനെ സാധിച്ചിരുന്നുള്ളൂ.

എന്നാലിപ്പോൾ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച കോഹ്ലിക്ക് അഭിനന്ദന പ്രവാഹവുമായി എത്തിയിരിക്കുകയാണ് സമൂഹ മാധ്യമങ്ങളിലൂടെ ആരാധകർ.

കോഹ്ലിക്ക് ഭാരത് രത് ന നൽകണമെന്നാണ് അതിൽ ഒരു കൂട്ടം ആരാധകർ ഇപ്പോൾ ആവശ്യപ്പെടുന്നത്.
110 പന്തിൽ നിന്നും 13 ഫോറുകളും എട്ട് സിക്സറുകളും നേടി 166 റൺസാണ് വിരാട് കോഹ്ലി സ്വന്തമാക്കിയത്.

ഏകദിന ക്രിക്കറ്റിലെ തന്റെ 45ാം സെഞ്ച്വറിയാണ് ഗ്രീൻഫീൽഡിൽ വിരാട് നേടിയത്. ഹോം ഗ്രൗണ്ടിൽ വിരാട് നേടുന്ന 21ാം ഏകദിന സെഞ്ച്വറികൂടിയാണിത്.

സ്വന്തം രാജ്യത്ത് ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറി നേടുന്ന ബാറ്റ്സ്മാനെന്ന ചരിത്രറെക്കോര്‍ഡ് കിങ് കോഹ്ലി

കരസ്തമാക്കി. 20 സെഞ്ച്വറി നേടിയ സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ പിന്നിലാക്കികൊണ്ടാണ് ഈ ചരിത്രറെക്കോര്‍ഡ് വിരാട് കുറിച്ചത്.

104 മത്സരങ്ങളിൽ നിന്നുമാണ് ഇന്ത്യൻ മണ്ണിൽ 21 സെഞ്ച്വറികൾ വിരാട് നേടിയത്. സച്ചിന്റെ 164 മത്സരങ്ങളിൽ നിന്നുമുള്ള 20 ഹോം സെഞ്ച്വറികൾ എന്ന റെക്കോർഡ് മത്സരങ്ങളുടെ എണ്ണത്തിൽ വലിയ അന്തരത്തോടെയാണ് കോഹ് ലി മറികടന്നത്.

കൂടാതെ ശ്രീലങ്കക്കെതിരെ ഇതിനകം 10 സെഞ്ച്വറികൾ നേടിയ കോഹ് ലിയുടെ പേരിൽ ഒരു ടീമിനെതിരെ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരം എന്ന റെക്കോർഡും കുറിക്കപ്പെട്ടു.

അടുത്തതായി ന്യൂസിലാൻഡിനെതിരെയുള്ള ഏകദിന മത്സരമാണ് ഇന്ത്യ കളിക്കുന്നത്. ജനുവരി 18ന് ഹൈദരാബാദിലാണ് പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്.

 

Content Highlights:Bharat Ratna should be given to Virat; Fans demand in social media