| Sunday, 4th February 2024, 9:00 am

ഭാരതരത്ന തനിക്ക് മാത്രമല്ല, തന്റെ ആശയങ്ങൾക്കുമുള്ള ആദരമെന്ന് അദ്വാനി; സ്വാഗതം ചെയ്യുന്നതായി കോൺഗ്രസും എൻ.സി.പിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരതരത്ന തനിക്ക് മാത്രമല്ല താൻ സേവിച്ച ആശയങ്ങൾക്കുമുള്ള ആദരമാണെന്ന് മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനി.

‘ഏറ്റവും വിനയത്തോടെ എനിക്ക് പ്രഖ്യാപിച്ച ഭാരതരത്ന ഞാൻ സ്വീകരിക്കുന്നു,’ അദ്വാനി പറഞ്ഞു.

അതേസമയം എൽ.കെ. അദ്വാനിക്ക് കേന്ദ്ര സർക്കാർ ഭാരതരത്ന പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്ത് വിവിധ പ്രതിപക്ഷ പാർട്ടികൾ രംഗത്ത് വന്നു.

പുരസ്‌കാരം അദ്വാനിക്ക് നൽകിയതിനെ സ്വാഗതം ചെയ്യുന്നതായി കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അറിയിച്ചു.

2002 ഗുജറാത്ത്‌ വംശഹത്യക്കാലത്ത് നരേന്ദ്ര മോദിയെ രക്ഷിച്ചത് അദ്വാനി ആയിരുന്നുവെന്നായിരുന്നു ജയറാം രമേശിന്റെ പ്രതികരണം.

തങ്ങൾ രണ്ടുപേരും വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളാണ് പിന്തുടരുന്നതെങ്കിലും അദ്വാനി മികച്ച പാർലമെന്റേറിയനും മന്ത്രിയുമായിരുന്നുവെന്നും രാജ്യത്തിന്റെ വളർച്ചയ്ക്ക് സാരമായ സംഭാവനകൾ നൽകിയ വ്യക്തിയാണെന്നും എൻ.സി.പി അധ്യക്ഷൻ ശരദ് പവർ പറഞ്ഞു.

പുരസ്‌കാര പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതായി ആം ആദ്മി പാർട്ടിയും അറിയിച്ചു

അതേസമയം ബി.ജെ.പിയുടെ വോട്ടുകൾ ചിതറിപ്പോകാതിരിക്കാനാണ് ഭരണം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് അദ്വാനിക്ക് പുരസ്‌കാരം നൽകിയതെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞു.

ബഹുമാനത്തോടെയല്ല ബഹുമതി നൽകുന്നതെന്നും സ്വന്തം വോട്ടുകൾ ഏകീകരിക്കാൻ വേണ്ടിയാണെന്നും അദ്ദേഹം വിമർശിച്ചു.

ബാബരി മസ്ജിദ് തകർത്ത കേസിൽ പ്രതിപ്പട്ടികയിലുണ്ടായിരുന്നു അദ്വാനി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 1990ൽ സെപ്റ്റംബറിനും നവംബറിനുമിടയിൽ നടന്ന രഥയാത്രക്കിടയിൽ 564 പേർ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് അന്ന് പ്രധാനമന്ത്രിയായിരുന്ന വി.പി. സിങ്ങിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ബീഹാർ മുഖ്യമന്ത്രിയായ ലാലു പ്രസാദ് യാദവ് അദ്ദേഹത്തെ ബീഹാറിൽ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ അദ്ദേഹം ആഗ്രഹം അറിയിച്ചിരുന്നുവെങ്കിലും പ്രായാധിക്യം ചൂണ്ടിക്കാട്ടി പങ്കെടുക്കരുതെന്ന് ക്ഷേത്രം ട്രസ്റ്റ് ആവശ്യപ്പെടുകയായിരുന്നു.

CONTENT HIGHLIGHT: ‘Bharat Ratna not only honour for me but also for ideals and principles I served’: L K Advani

We use cookies to give you the best possible experience. Learn more