| Tuesday, 15th October 2019, 5:36 pm

'ഗാന്ധിയെ ആത്മഹത്യ ചെയ്യിച്ച രാജ്യത്ത് എന്തും സാധ്യം'; സവര്‍ക്കര്‍ക്ക് ഭാരത് രത്‌ന നല്‍കണമെന്ന ബി.ജെ.പി ആവശ്യത്തിനെതിരെ പ്രതിപക്ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഹിന്ദു മഹാ സഭാ നേതാവ് വിനായക് ദാമോദര്‍ സവര്‍ക്കര്‍ക്ക് ഭാരത് രത്‌ന നല്‍കി ആദരിക്കണമെന്ന ബി.ജെ.പി ആവശ്യത്തെ പരിഹസിച്ച് പ്രതിപക്ഷം. സവര്‍ക്കര്‍ക്ക് ഭാരത് രത്‌ന നല്‍കണമെന്ന ആവശ്യം മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രകടന പത്രികയിലാണ് ബി.ജെ.പി മുന്നോട്ട് വെക്കുന്നത്.

മഹാത്മാഗാന്ധി വധക്കേസില്‍ സവര്‍ക്കര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തീവാരി പറഞ്ഞു.

‘മഹാത്മാഗാന്ധി വധക്കേസില്‍ സവര്‍ക്കര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തിയിട്ടണ്ട്. കാപ്പൂര്‍ കമ്മീഷന്‍ ഇതില്‍ അന്വേഷണം നടത്തിയിട്ടുള്ളതുമാണ്. ഈയിടെ പുറത്തിറക്കിയ ലേഖനത്തില്‍ കമ്മീഷന്‍ സവര്‍ക്കറെ പ്രതി ചേര്‍ത്തിട്ടുള്ളതുമാണ്. ദൈവം ഈ രാജ്യത്തെ രക്ഷിക്കട്ടെ’ തിവാരി പറഞ്ഞു. ഗാന്ധിയെ ആത്മഹത്യ ചെയ്യിച്ച രാജ്യത്ത് എന്തും സാധ്യമാണെന്നും തിവാരി കൂട്ടി ചേര്‍ത്തു.

സവര്‍ക്കര്‍ക്ക് ഭാരത് രത്‌ന നല്‍കി ആദരിക്കണമെന്ന ബി.ജെ.പി ആവശ്യത്തിനെതിരെ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസിയും രംഗത്തെത്തി. സവര്‍ക്കര്‍ ദ്വിരാഷ്ട്ര സിദ്ധാന്തത്തെ പിന്തുണച്ചിരുന്നെന്ന് ഒവൈസി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രകടന പത്രിക ബി.ജെ.പി നേരത്തെ പുറത്തിറക്കിയിരുന്നു. പ്രകടന പത്രികയില്‍ സവര്‍ക്കര്‍ക്കും ജ്യോതിബ ഫൂലെ, സാവിത്രിഭായ് ഫൂലെ എന്നിവര്‍ക്കും ഭാരത് രത്‌ന നല്‍കി ആദരിക്കണമെന്ന ആവശ്യം ബി.ജെ.പി മുന്നോട്ട് വെച്ചിരുന്നു.

സംസ്ഥാനത്ത് വരള്‍ച്ച തടയുമെന്നും പ്രകടന പത്രികയില്‍ ബി.ജെ.പി പറയുന്നു. ഒരു കോടി തൊഴില്‍, വീട് ഇല്ലാത്തവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കല്‍, മുപ്പത് വയസിന് മുകളിലുള്ളവര്‍ക്ക് നിര്‍ബന്ധിക ആരോഗ്യ പരിശോധന എന്നിവയും ബി.ജെ.പി പ്രടകന പത്രികയില്‍ വാഗ്ദാനം ചെയ്യുന്നു.

ഒക്ടോബര്‍ 21 നാണ് മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 288 നിയമസഭാ സീറ്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലം ഒക്ടോബര്‍ 24 ന് പുറത്ത് വരും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more