| Monday, 4th April 2016, 11:00 am

ഈ രാജ്യത്ത് നിയമം ഇല്ലാതിരുന്നെങ്കില്‍ ഭാരത് മാതാ കി ജയ് എന്ന് വിളിക്കാത്തവരുടെ തല ഞങ്ങള്‍ അറുക്കുമായിരുന്നു: ബാബാ രാംദേവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹരിയാന: ഭാരത് മാതാ കി ജയ് എന്ന് വിളിക്കാന്‍ തയ്യാറാത്ത മുസ്‌ലീങ്ങളെ ലക്ഷ്യം വെച്ച് യോഗ ഗുരു ബാബാ രാംദേവ്.

ഈ രാജ്യത്ത് നിയമവ്യവസ്ഥ ഇല്ലായിരുന്നെങ്കില്‍ ഭാരത് മാതാ കി ജയ് എന്ന് വിളിക്കാന്‍ തയ്യാറാത്ത ലക്ഷക്കണക്കിന് പേരുടെ തലയറുത്തേനെയെന്ന് രാംദേവ് പറയുന്നു.

ഭാരത് മാതാ കി ജയ് എന്ന് വിളിക്കാന്‍ തയ്യാറല്ലെന്ന് ഏതെങ്കിലും മതവിഭാഗം പറയുന്നുണ്ടെങ്കില്‍ അവര്‍ക്ക് രാജ്യത്തോട് താത്പര്യമില്ലെന്നാണ് അത് കാണിക്കുന്നതെന്നും  രാംദേവ് പറയുന്നു.

റോഹ്തക്കില്‍ ആര്‍.എസ്.എസ് സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു രാംദേവ്.

ചില തൊപ്പി വെച്ച ആളുകള്‍ എഴുന്നേറ്റ് നിന്ന് പറയും നിങ്ങള്‍ എന്റെ തലയറുത്താലും ഞാന്‍ ഭാരത് മാതാ കി ജയ് എന്ന് വിളിക്കാന്‍ തയ്യാറല്ലെന്ന്. ഈ രാജ്യത്ത് ഒരു നിയമമുണ്ടായിപ്പോയി. ഇല്ലായിരുന്നെങ്കില്‍ ഓരോരുത്തരെയായി തലയറുത്തേനെ.

എന്നാല്‍ ഞങ്ങള്‍ ഈ രാജ്യത്തെ നിയമവ്യവസ്ഥയെ ബഹുമാനിക്കുന്നു. അതുകൊണ്ടാണ് അത്തരത്തില്‍ പ്രവര്‍ത്തിക്കാത്തത്. അല്ലായിരുന്നെങ്കില്‍ ഭാരതമാതയെ അപമാനിക്കുന്നത് കണ്ടുനില്‍ക്കില്ലായിരുന്നു. ഒരാളുടേയോ ആയിരങ്ങളുടേയോ അല്ല. ലക്ഷക്കണക്കിന് പേരുടെ തല അറുത്തേനെയെന്നും രാംദേവ് പറയുന്നു.


ചില മതസംഘടനകള്‍ പറയുന്നു ഭാരത് മാതാ കി ജയ് എന്ന് വിളിക്കുന്നത് അവരുടെ മതത്തിന് എതിരാണെന്ന്. ഇത് കേട്ട് ഞാന്‍ അത്ഭുതപ്പെടുകയാണ്. നമ്മുടെ മാതൃരാജ്യത്തെ ബഹുമാനിക്കുന്നത് എങ്ങനെയാണ് മതത്തിന് വിരുദ്ധമാകുക.

ഭാരത് മാതാ കി ജയ് എന്നത് ഏതെങ്കിലും പ്രത്യേക മതം മാത്രം വിളിക്കുന്ന മുദ്രാവാക്യമല്ല ,അത് ദേശത്തോടുള്ള സ്നേഹമാണ്. അഭിമാനമാണ്. നമ്മള്‍ ഹിന്ദുവോ സിഖോ മുസ്ലീമോ ക്രിസ്ത്യനോ ആകട്ടെ, ആദ്യം നമ്മള്‍ എല്ലാവരും ഇന്ത്യക്കാരാണെന്നതാണ് ഓര്‍ക്കേണ്ടതെന്നും രാം ദേവ് പറയുന്നു.

We use cookies to give you the best possible experience. Learn more