| Wednesday, 14th September 2022, 2:55 pm

സി.പി.ഐ.എം വിമര്‍ശനം, പിന്നാലെ ജോഡോ യാത്രാ പര്യടനം യു.പിയില്‍ അഞ്ച് ദിവസമാക്കി കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഉത്തര്‍പ്രദേശിലെ പര്യടനം അഞ്ച് ദിവസമായി നീട്ടാന്‍ തീരുമാനം. സി.പി.ഐ.എം അടക്കമുള്ള സംഘടനകളും നിരീക്ഷകരും വിമര്‍ശനമുന്നയിച്ചതിന് പിന്നാലെയാണ് ഈ തീരുമാനം.

ഉത്തര്‍പ്രദേശിലെ യാത്ര അഞ്ച് ദിവസമായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥിരീകരിച്ചതായി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശിലെ യാത്രയുടെ പര്യടനം അഞ്ച് ദിവസമാണെന്ന് യാത്രയുടെ ഒന്നാം നാള്‍ മുതല്‍ തന്നെ തീരുമാനിച്ചതാണെന്നും സി.പി.ഐ.എം വിമര്‍ശനത്തെ തുടര്‍ന്ന് ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

‘സി.പി.ഐ.എമ്മിന്റെ വിഡ്ഢിത്തം നിറഞ്ഞ ഒരു ട്വീറ്റായിരുന്നു അത്. അവരുടെ ആരോപണം തെറ്റായത് കൊണ്ടാണ് തന്റെ മറുപടിയുണ്ടായത്. എങ്ങനെയാണ്, എന്ത് കൊണ്ടാണ് യാത്രയുടെ വഴി ഇങ്ങനെയായെന്നതില്‍ നിങ്ങള്‍ നിങ്ങളുടെ ഗൃഹപാഠം കുറച്ചു കൂടി നന്നായി നടത്തണം. മുണ്ടുടുത്ത മോദിയുടെ നാട്ടില്‍ നിന്നുള്ള ബി.ജെ.പിയുടെ എ ടീമിന്റെ നിസാരമായ വിമര്‍ശനം’ എന്നായിരുന്നു ജയ്റാം രമേശിന്റെ ട്വീറ്റ്.

‘ഇടതു മുന്നണി ഭരിക്കുന്ന കേരളത്തില്‍ യാത്ര 18 ദിവസവും ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ രണ്ട് ദിവസവുമാണ് യാത്ര, ബി.ജെ.പി-ആര്‍.എസ്.എസിനെതിരെയുള്ള പോരാട്ടത്തിന്റെ വിചിത്ര വഴി’ എന്നായിരുന്നു സി.പി.ഐ.എം വിമര്‍ശനം.

സി.പി.ഐ.എമ്മിന്റെ വിമര്‍ശനത്തിന് മുമ്പേ യു.പിയിലെ പര്യടനം രണ്ട് ദിവസത്തില്‍ നിന്ന് അഞ്ച് ദിവസത്തിലേക്ക് മാറ്റിയിരുന്നുവെന്നാണ് ദല്‍ഹിയില്‍ നിന്നുള്ള കോണ്‍ഗ്രസ് വൃത്തത്തിന്റെ പ്രതികരണം. സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി മികച്ച ബന്ധമാണ് രാഹുല്‍ ഗാന്ധിക്കുള്ളത്. യെച്ചൂരിയുടെ നിലപാടും രാഹുലിനെ യു.പിയിലെ പര്യടനം നീട്ടാന്‍ പ്രേരിപ്പിച്ചെന്നാണ് രാഹുല്‍ ഗാന്ധിയുമായി ബന്ധമുള്ള വൃത്തങ്ങളില്‍ നിന്നുള്ള വിവരം.

അതേസമയം, രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കൊല്ലം ജില്ലയില്‍ പര്യടനം ആരംഭിച്ചു. ജില്ലാ അതിര്‍ത്തിയായ പാരിപ്പള്ളി മുക്കടയില്‍ കെ.പി.സി.സി, ഡി.സി.സി ഭാരഹികള്‍ ചേര്‍ന്നാണ് ജാഥയെ സ്വീകരിച്ചത്.

രാവിലത്തെ യാത്ര ചാത്തന്നൂരില്‍ സമാപിച്ചു. കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, രാജ്മോഹന്‍ ഉണ്ണിത്താന്‍, എന്‍.കെ. പ്രേമചന്ദ്രന്‍, കെ. മുരളീധരന്‍ എന്നിവര്‍ വൈകിട്ട് ചാത്തനൂരില്‍ ആരംഭിക്കുന്ന പദയാത്രയെ അനുഗമിക്കും. വൈകുന്നേരം നാല് മണിക്ക് ചാത്തനൂരില്‍ ആരംഭിക്കുന്ന യാത്ര വൈകിട്ട് പള്ളിമുക്കില്‍ സമാപിക്കും.

Content Highlight: Bharat Jodo Yatra Extends Stays in UP for five Days

Latest Stories

We use cookies to give you the best possible experience. Learn more