| Sunday, 9th May 2021, 8:16 pm

14 സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് കോവാക്‌സിന്‍ നല്‍കാന്‍ ഭാരത് ബയോടെക്; കേസുകള്‍ കൂടുതലുള്ള കേരളവും കര്‍ണാടകയും പട്ടികയിലില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഭാരത് ബയോടെക് ഉത്പാദിപ്പിക്കുന്ന കൊവിഡ് പ്രതിരോധവാക്‌സിനായ കോവാക്‌സിന്‍ 14 സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് നല്‍കാന്‍ തീരുമാനം. മഹാരാഷ്ട്രയും ദല്‍ഹിയും ഗുജറാത്തുമടക്കം 14 സംസ്ഥാനങ്ങളുടെ പട്ടിക ഭാരത് ബയോടെക് പുറത്ത് വിട്ടു.

അതേസമയം വാക്‌സിന്‍ നേരിട്ട് നല്‍കുന്ന ഈ പട്ടികയില്‍ ദക്ഷിണേന്ത്യയില്‍ നിന്നും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേരളവും കര്‍ണാടകയും ഉള്‍പ്പെട്ടിട്ടില്ല.

മെയ് മുതല്‍ നേരിട്ട് വാക്‌സിന്‍ നല്‍കുന്ന 14 സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളത്തെയും കര്‍ണാടകയെയും ഒഴിവാക്കിയത്. ദക്ഷിണേന്ത്യയില്‍ നിന്ന് ആന്ധ്രയും തെലങ്കാനയും തമിഴ്‌നാടുമാണ് പട്ടികയിലുള്ളത്.

കേരളം 25 ലക്ഷം ഡോസ് വാക്‌സിനാണ് ഭാരത് ബയോടെകിനോട് ആവശ്യപ്പെട്ടിരുന്നത്. ഭാരത് ബയോടെകുമായി ചര്‍ച്ച തുടരുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം മറ്റു സംസ്ഥാനങ്ങളുടെ ആവശ്യം ലഭ്യതയനുസരിച്ച് പരിഗണിക്കുമെന്നും ഭാരത് ബയോടെക് അറിയിച്ചു.

വാക്‌സിനുകള്‍ക്ക് നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ജി.എസ്.ടി ഒഴിവാക്കാന്‍ സാധിക്കില്ലെന്നാണ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞത്.

വാക്സിന് അഞ്ച് ശതമാനം നികുതിയും മരുന്നിനും ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്ററിനും 12 ശതമാനം വീതം നികുതിയുമാണ് നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ നികുതി ഒഴിവാക്കുന്നത് വാക്സിന്‍ വില കൂട്ടാന്‍ കാരണമാകുമെന്നാണ് ധനമന്ത്രി പറഞ്ഞത്. ഇന്‍പുട് ടാക്സ് ക്രെഡിറ്റ് ആനുകൂല്യം ലഭ്യമാക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വാക്സിന്‍ ജി.എസ്.ടി വരുമാനത്തിന്റെ 70 ശതമാനവും ലഭിക്കുന്നത് സംസ്ഥാനങ്ങള്‍ക്കാണ്. ചികിത്സയ്ക്ക് വേണ്ട 23 ഉത്പന്നങ്ങള്‍ക്കും ഇറക്കുമതി തീരുവ ഒഴിവാക്കിയതായും നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Bharat Biotech to give covaxin to 14 states

We use cookies to give you the best possible experience. Learn more