| Monday, 27th September 2021, 9:12 am

രാജ്യം നിശ്ചലം; ഭാരത് ബന്ദ് തുടങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആരംഭിച്ചു. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ബന്ദ്. കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് കര്‍ഷകര്‍ രാജ്യവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തത്.

ദല്‍ഹിയിലെ നാഷണല്‍ ഹൈവേകള്‍ തടയാനുള്ള ഒരുക്കത്തിലാണ് കര്‍ഷകര്‍. ദേശീയ പാതയിലൂടെ ഒരു തരത്തിലുള്ള യാത്രകളോ, ചരക്കു നീക്കങ്ങളോ നടത്താന്‍ അനുവദിക്കില്ലെന്നും കര്‍ഷകര്‍ അറിയിച്ചു.

തിങ്കളാഴ്ച രാവിലെ ദല്‍ഹി-മീററ്റ് എക്‌സ്പ്രസ് ഹൈവേ കര്‍ഷകര്‍ ഉപരോധിച്ചിരുന്നു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഗതാഗതവും സമരത്തിന്റെ ഭാഗമായി കര്‍ഷകര്‍ തടഞ്ഞു. പഞ്ചാബ്-ഹരിയാനയിലെ ശംഭു അതിര്‍ത്തിയും കര്‍ഷകര്‍ ഉപരോധിക്കുന്നുണ്ട്.

പഞ്ചാബില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു കര്‍ഷകര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കണമെന്നും ഭാരത് ബന്ദ് വിജയിപ്പിക്കാനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും പ്രവര്‍ത്തകരോടാവശ്യപ്പെട്ടിരുന്നു. ഉത്തര്‍പ്രദേശില്‍ മായാവതിയും സമരത്തിന് പിന്തുണ നല്‍കാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തിരുന്നു.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാ സ്ഥാപനങ്ങളും സമരത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി അടഞ്ഞു കിടക്കുകയാണ്.

കേരളത്തില്‍ ബന്ദ് ഏറെക്കുറെ പൂര്‍ണമാണ്. കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയും നിരത്തുകള്‍ നിശ്ചലമാവുന്ന സ്ഥതിവിശേഷമാണ് സംസ്ഥാനത്തുള്ളത്.

എല്‍.ഡി.എഫും യു.ഡി.എഫും സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി തുടങ്ങി വിവിധ ട്രേഡ് യൂണിയനുകളും ബന്ദിന് പൂര്‍ണപിന്തുണയാണ് അറിയിച്ചിട്ടുള്ളത്.

സര്‍വകലാശാല പരീക്ഷകളും, പി.എസ്.സിയുടെ പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവച്ചിട്ടുണ്ട്. കേരളത്തിന് പുറമേ ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ ഭരണകക്ഷികള്‍ തന്നെ ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  Bharat Bandh started

We use cookies to give you the best possible experience. Learn more