ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥര്‍; ഭാരത് ബന്ദിനെ അടിച്ചമര്‍ത്താന്‍ മുഴുവന്‍ സന്നാഹത്തേയും റോഡിലിറക്കാന്‍ കേന്ദ്രം
farmers protest
ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥര്‍; ഭാരത് ബന്ദിനെ അടിച്ചമര്‍ത്താന്‍ മുഴുവന്‍ സന്നാഹത്തേയും റോഡിലിറക്കാന്‍ കേന്ദ്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th December 2020, 8:48 am

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് സമരം ചെയ്യുന്ന കര്‍ഷകര്‍ക്കു സമീപം ആയിരക്കണക്കിന് പൊലീസിനെ വിന്യസിച്ച് കേന്ദ്രസര്‍ക്കാര്‍. 4,000 ത്തോളം ട്രാഫിക് ഉദ്യോഗസ്ഥരെയും ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെയുമാണ് വിന്യസിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 13 ദിവസമായി സമാധാനപരമായി പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കരികിലേക്കാണ് വലിയ തോതില്‍ പൊലീസിനെ വിന്യസിച്ചിരിക്കുന്നത്.

തങ്ങളുടെ പരമാവധി സന്നാഹവും റോഡുകളിലായിരിക്കുമെന്നും വിപുലമായ ഗതാഗത, സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ദല്‍ഹി പൊലീസ് കമ്മീഷണര്‍ എസ്.എന്‍ ശ്രീവാസ്തവ പറഞ്ഞു. നിയമം കൈയ്യിലെടുക്കാന്‍ ഒരാളേയും അനുവദിക്കില്ലെന്നും ശ്രീവാസ്തവ പറഞ്ഞു.
ആളുകള്‍ കൂട്ടംകൂടുന്നത് നിരോധിക്കാന്‍ നഗരത്തിലുടനീളം സെക്ഷന്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് സമരം ചെയ്യുന്ന കര്‍ഷകര്‍ നടത്തുന്ന ഭാരത് ബന്ദ് രാജ്യത്ത് സമാധാനപരമായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണി വരെ സമ്പൂര്‍ണ്ണ ‘ഭാരത് ബന്ദ്’ ഉണ്ടായിരിക്കുമെങ്കിലും അടിയന്തര സേവനങ്ങള്‍ അനുവദിക്കുമെന്ന് കര്‍ഷക നേതാവ് ബല്‍ബീര്‍ സിംഗ് രാജേവാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭാരത് ബന്ദിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

ഭാരത് ബന്ദിന് കോണ്‍ഗ്രസ്, സി.പി.ഐ.എം, ഡി.എം.കെ, ആം ആദ്മി, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍.ജെ.ഡി, സമാജ്വാദി പാര്‍ട്ടി, ടി.ആര്‍.എസ് തുടങ്ങിയ പാര്‍ട്ടികള്‍ പിന്തുണ അറിയിച്ചിട്ടുണ്ട്.

കര്‍ഷക പ്രതിഷേധം പതിമൂന്നാം ദിവസത്തില്‍ എത്തി നില്‍ക്കുമ്പോഴും കര്‍ഷകര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ ചെവികൊള്ളാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല.

കേന്ദ്രവും കര്‍ഷകരും നടത്തിയ ചര്‍ച്ചകള്‍ പൂര്‍ണ പരാജയമപ്പെടുമ്പോഴും ചര്‍ച്ചകള്‍ കൊണ്ടു മാത്രമേ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കൂ  എന്ന് ആവര്‍ത്തിക്കുകയാണ് സര്‍ക്കാര്‍. എന്നാല്‍ ഇനിയും ചര്‍ച്ചകള്‍ കൊണ്ട് കാര്യമില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights: Bharat Bandh: Police warn strict action against disruptors, to use drones to keep an eye on protesters