ലോകകപ്പില്‍ മികച്ച പ്രകടനമാണ് മുഹമ്മദ് ഷമി നടത്തിക്കൊണ്ടിരിക്കുന്നത്. രണ്ട് ഫൈഫറും ഒരു ഫോര്‍ഫറും അടക്കം 16 വിക്കറ്റുകളാണ് അഞ്ച് മത്സരത്തില്‍ നിന്നുമായി ഗുജറാത്ത് ടൈറ്റന്‍സ് സ്പീഡ്സ്റ്റര്‍ സ്വന്തമാക്കിയത്.
താരത്തിന്റെ പ്രകടനത്തില്‍ അത്ഭുതപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ ഭരത് അരുണ്‍. ലോകകപ്പില്‍ മുഹമ്മദ് ഷമി ഒരു കുതിരയെ പോലെ കുതിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്.
ടെസ്റ്റ് ഫോര്‍മാറ്റിലേതിന് സമാനമായുള്ള ബൗളിങ് രീതിയാണ് ലോകകപ്പില്‍ ഷമിയുടെ വിജയത്തിന് പ്രധാന കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
‘വിജയിക്കണമെങ്കില്‍ ഒരു കുതിരയെ പോലെ കുതിക്കണമെന്ന് ഷമി പറഞ്ഞ കാര്യം ഞാനിപ്പോള്‍ ഓര്‍ത്തുപോവുകയാണ്. ഈ ലോകകപ്പിലുടനീളം ഷമി മികച്ച പ്രകടനം നടത്തി കുളമ്പടിച്ച് കുതിച്ചുകൊണ്ടിരിക്കുകയാണ്,’ ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോക്ക് നല്‍കിയ അഭിമുഖത്തില്‍ അരുണ്‍ പറഞ്ഞു.
‘ഏകദിനത്തില്‍ ടെസ്റ്റ് ഫോര്‍മാറ്റിലേതെന്ന പോലെ പന്തെറിയാനുള്ള മൈന്‍ഡ്‌സെറ്റ് കൊണ്ടുവരുന്നു എന്നതാണ് അവന്റെ വിജയങ്ങളുടെ മറ്റൊരു പ്രധാന കാരണം.
ടെസ്റ്റ് മാച്ചിലെ ലെങ്ത് ഏകദിനത്തിലും വര്‍ക്കാകുമെന്ന് ഷമി ഉറച്ചുവിശ്വസിക്കുന്നു. എന്നാല്‍ ബൗളിങ് വേരിയേഷനുകള്‍ നിര്‍ണായകമാകുന്ന ഡെത്ത് ഓവറുകളില്‍ അവനത് ചെയ്യാറില്ല.
മുമ്പ് ചില സമയങ്ങളില്‍ അവന്‍ ക്ഷമ കെട്ട് വിക്കറ്റിന് പുറത്ത് ആംഗിള്‍ ചെയ്യുന്ന രീതിയില്‍ സ്‌ട്രെയ്റ്റ് ഡെലിവെറികള്‍ തന്നെ ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴുള്ള അവന്റെ സമീപനം മാറിയിരിക്കുന്നു.
ബാറ്റര്‍മാരെ വെല്ലുവിളിക്കുന്നത് അവന്‍ ആസ്വദിക്കുന്നു. വിക്കറ്റുകളെ കുറിച്ച് ഉത്കണ്ഠപ്പെടാതെ ബാറ്റര്‍മാരെ റണ്‍ എടുക്കാന്‍ അനുവദിക്കാതിരിക്കുക എന്നതിലേക്ക് അവന്‍ മാറിയിരിക്കുന്നു.
പന്തെറിയുന്നത് വാലറ്റക്കാര്‍ക്കെതിരെയാണെങ്കിലും തന്റെ ലെങ്ത് നിലനിര്‍ത്തിക്കൊണ്ട് പന്തെറിയാന്‍ അവന്‍ ശ്രദ്ധിക്കുന്നു,’ ഭരത് അരുണ്‍ പറഞ്ഞു.
2023 ലോകകപ്പിലെ ആദ്യ മത്സരങ്ങള്‍ കളിക്കാന്‍ മുഹമ്മദ് ഷമിക്ക് അവസരം ലഭിച്ചിരുന്നില്ല. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഹര്‍ദിക് പാണ്ഡ്യക്ക് പരിക്കേറ്റതിന് ശേഷം മാത്രമാണ് ഷമിക്ക് ടീമിനൊപ്പം കളത്തിലിറങ്ങാന്‍ അവസരം ലഭിച്ചത്.
ആദ്യ മത്സരങ്ങളില്‍ ബെഞ്ചിലിരിക്കേണ്ടി വന്നെങ്കിലും ലഭിച്ച അവസരങ്ങള്‍ കൃത്യമായി വിനിയോഗിച്ചതോടെ ഷമി ടീമിലെ നിര്‍ണായക സാന്നിധ്യമായി മാറി.
നിലവില്‍ ലോകകപ്പില്‍ ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റ് നേടിയ താരം എന്ന റെക്കോഡും ഷമിയെ തേടിയെത്തിയിരുന്നു. സഹീര്‍ ഖാനെയും ജവഗല്‍ ശ്രീനാഥിനെയും മറികടന്നാണ് ഷമി ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്.
Content Highlight: Bharat Arun praises Mohammed Shami