| Saturday, 4th June 2022, 10:47 am

ഭാരത് ആര്‍മി ന്നാ സുമ്മാവാ; എയറിലായി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ട് – ന്യൂസിലാന്‍ഡ് പരമ്പരയിലെ ആദ്യ ദിവസം തന്നെ 17 വിക്കറ്റ് വീണതിന് പിന്നാലെ മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണിനെ എയറില്‍ കയറ്റി ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരായ ഭാരത് ആര്‍മി.

ഇന്ത്യന്‍ ക്രിക്കറ്റ് പിച്ചുകളെ കളിയാക്കിയ താരത്തിന്റെ പഴയ പ്രസ്താവനയെ ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു ഭാരത് ആര്‍മി മുന്‍ ഇംഗ്ലണ്ട് നായകനെ കയറി കൊട്ടിയത്.

കഴിഞ്ഞ വര്‍ഷം അഹമ്മദാബാദില്‍ വെച്ച് നടന്ന ഇന്ത്യ – ഇംഗ്ലണ്ട് മത്സരത്തിലെ ഒരു ടെസ്റ്റില്‍ ആദ്യ ദിവസം തന്നെ 14 വിക്കറ്റ് വീണപ്പോഴായിരുന്നു താരത്തിന്റെ പരിഹാസം. ഇതിന് മറുപടിയായാണ് ഭാരത് ആര്‍മി താരത്തെ ട്രോളി എയറില്‍ കയറ്റിയത്.

‘അഹമ്മദാബാദില്‍ വെച്ച് ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ദിവസം തന്നെ 14 വിക്കറ്റ് വീണപ്പോള്‍ പറഞ്ഞ കാര്യം ഓര്‍മയുണ്ടോ? ഇപ്പോഴിതാ ലോര്‍ഡ്‌സില്‍ ടെസ്റ്റിന്റെ ആദ്യ ദിവസം തന്നെ 17 വിക്കറ്റ് വീണിരിക്കുകയാണ്. മൈക്കിള്‍ വോണ്‍, നിങ്ങളത് കണ്ടില്ലേ,’ എന്നായിരുന്നു ഭാരത് ആര്‍മിയുടെ ട്വീറ്റ്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റിലെ ആദ്യദിവസം തന്നെ 14 വിക്കറ്റ് വീണിരുന്നു. അപ്പോള്‍ ഇന്ത്യയിലെ പിച്ചുകള്‍ മോശമാണെന്നും ഐ.സി.സി ഇത്തരം പിച്ചില്‍ മത്സരം സംഘടിപ്പിക്കാന്‍ അനുവദിക്കരുതെന്നുമായിരുന്നു വോണ്‍ പറഞ്ഞത്.

പക മനസില്‍ കൊണ്ടുനടന്ന മൂര്‍ഖനെ പോലെയായിരുന്നു ഭാരത് ആര്‍മിയടക്കമുള്ള ആളുകള്‍ വോണിനെ വളഞ്ഞിട്ടാക്രമിച്ചത്.

ഇംഗ്ലണ്ട് – ന്യൂസിലാന്‍ഡ് ടെസ്റ്റിലെ ആദ്യ ദിവസം തന്നെ 17 വിക്കറ്റായിരുന്നു നിലം പൊത്തിയത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡ് പടയുടെ വിക്കറ്റുകള്‍ ഒന്നൊഴിയാതെ നിലംപൊത്തുകയായിരുന്നു.

ഇംഗ്ലണ്ടിന്റെ എക്കാലത്തേയും മികച്ച ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സണും അരങ്ങേറ്റക്കാരന്‍ മാറ്റി പോട്‌സും ചേര്‍ന്നാണ് കിവി പടയെ ഇല്ലാതാക്കിയത്. ഇരുവരും നാല് വിക്കറ്റ് വീതം വീഴ്ത്തി. ബെന്‍ സ്‌റ്റോക്‌സും സ്റ്റുവര്‍ട്ട് ബ്രോഡുമാണ് മറ്റ് വിക്കറ്റുകള്‍ വീഴ്ത്തിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് മികച്ച നിലയിലായിരുന്നു തുടങ്ങിയത്. 69 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയില്‍ നില്‍ക്കവെയാണ് ആദ്യ ദിവസം തന്ന ഇംഗ്ലണ്ട് ആറ് വിക്കറ്റ് വലിച്ചെറിഞ്ഞത്.

ഒടുവില്‍ 9 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടി ഇംഗ്ലണ്ട് ശേഷിക്കുന്ന വിക്കറ്റുകളും അടിയറ വെക്കുകയായിരുന്നു.

രണ്ടാം ഇന്നിംഗ്‌സ് ബാറ്റ് ചെയ്യുന്ന കിവി നിര 236ന് 4 വിക്കറ്റ് എന്ന നിലയിലാണ്.

Content Highlight:  Bharat Army brutally trolls Michael Vaughan after the first day of ENG vs NZ test

We use cookies to give you the best possible experience. Learn more