അടുത്തടുത്ത ദിവസങ്ങളിലായി തിയേറ്ററില്‍ ഇറങ്ങിയ രണ്ട് സിനിമ. ഈ രണ്ട് സിനിമകളിലും രണ്ട് അസാധ്യ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് കയ്യടി നേടുക. ഏതൊരു കലാകാരിയും ആഗ്രഹിക്കുന്ന നേട്ടം തന്റെ പേരിനൊപ്പം ചേര്‍ക്കുകയാണ് നടി ഭാനുമതി പയ്യന്നൂര്‍.
രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ നഴ്‌സിനെ അത്ര പെട്ടെന്നൊന്നും ആളുകള്‍ മറക്കാനിടയില്ല. പട്ടി കടിച്ച ശേഷം ആശുപത്രിയിലെത്തുന്ന രാജീവനെ ട്രീറ്റ് ചെയ്യുന്ന നഴ്‌സായി മികച്ച പെര്‍ഫോമന്‍സാണ് ഭാനുമതി കാഴ്ചവെച്ചത്.
പട്ടി കടിച്ച വേദനയില്‍ അലറിവിളിക്കുന്ന രാജീവന്റെ കാലില്‍ ഒന്ന് തല്ലിയ ശേഷം ‘ഒച്ചണ്ടാക്കല്ല, എന്റെ കോണ്‍സന്‍ട്രേഷന്‍ പോക്ന്ന്’ എന്ന ഒറ്റ ഡയലോഗിലൂടെ തന്നെ കയ്യടി നേടുകയാണ് ഈ പയ്യന്നൂരുകാരി.
കക്കാന്‍ പോകുമ്പം ആലോചിക്കണം, ന്നിട്ട് നാണോം മാനോം ഇല്ലാതെ നിന്ന് കരയാണെന്ന് പറയുന്ന ഭാനുമതിയുടെ ഡയലോഗും തിയേറ്ററില്‍ ചിരിപടര്‍ത്തുന്നുണ്ട്.
പാതി കുണ്ടി പോച്ച് മാമാ എന്ന് രാജീവനെ നോക്കി പെണ്‍കുട്ടി പറയുമ്പോള്‍ ‘എന്തന്നാ ഇത് നായ് കടിച്ചതോ അതോ പുല്യോ? എന്റെ നഴ്‌സിങ് ജീവിതത്തില്‍ ആദ്യായിട്ടാ ഇങ്ങനെ ഒരു സംഭവ’മെന്ന് സീരിയസായി പറയുന്ന ഡയലോഗില്‍ പോലും ഒരു കോമഡി ട്രാക്ക് കൊണ്ടുവരാന്‍
ഭാനുമതിക്കായിട്ടുണ്ട്.
ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രമായിട്ടായിരുന്നു ഭാനുമതി തല്ലുമാലയില്‍ എത്തിയത്. വസീമിന്റെ സുഹൃത്തായ ജംഷിയുടെ ഉമ്മ വേഷത്തിലാണ് തല്ലുമാലയില്‍ ഭാനുമതി തകര്‍ക്കുന്നത്.
തല്ലുകഴിഞ്ഞ് വീട്ടിലെത്തുന്ന മകനെ ഭക്ഷണം കഴിക്കാന്‍ അകത്തേക്ക് വിളിക്കുമ്പോള്‍ തന്നെ മകനുമായി തല്ലുകൂടിയ വസീമിനെ കൂടി അകത്തേക്ക് വിളിക്കുകയും ഒരു കാര്യവുമില്ലാതെ കച്ചറകൂടി നടക്കുകയാണെന്ന് ഒരു ഉമ്മയുടെ സ്‌നേഹത്തോടെ പറയുന്ന ഡയലോഗുമെല്ലാം വളരെ തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ ഭാനുമതിക്കായിട്ടുണ്ട്.
പല സീനുകളിലും അമ്പരപ്പിക്കുന്ന രീതിയുള്ള പെര്‍ഫോമന്‍സ് നടത്തി തനി മലപ്പുറംകാരിയായ ഒരു ഉമ്മയായി മാറാന്‍ തല്ലുമാലയില്‍ ഭാനുമതിക്ക് സാധിച്ചിട്ടുണ്ട്.
ഇവന്‍ മേഘരൂപനാണ് ഭാനുമതിയുടെ ആദ്യ സിനിമ അതിനു ശേഷം അമീബ, ഉരിയാട്ട് തുടങ്ങി ഏകദേശം 20തോളം സിനിമകളില്‍ ഭാനുമതി വേഷമിട്ടിട്ടുണ്ട്.
രതീഷ് പൊതുവാളിന്റെ തന്നെ സംവിധാനത്തിലിറങ്ങിയ ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലൂടെ ആണ് ഭാനുമതി പയ്യന്നൂര്‍ സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. ഭാനുമതിയുടെ ഡയലോഗ് ഡെലിവറിയിലെ വ്യത്യസ്തതയാണ് സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാളിനെ ആകര്‍ഷിച്ചത്. ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു ഹോം നേഴ്‌സിന്റെ വേഷമാണ് ഭാനുമതി അവതരിപ്പിച്ചത്.
Content Highlight: Bhanumathi Payyannur Performance on Thallumala and Nna than case kodu