ഒരിക്കല്‍ ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിരമിച്ചവനാണ് ശ്രീലങ്കയെ ചാമ്പ്യന്‍മാരാക്കിയത്; വിശ്വാസം വരുന്നില്ല അല്ലേ, ഈ കഥക്ക് അങ്ങനെ ഒരു കുഴപ്പമുണ്ട്
Sports News
ഒരിക്കല്‍ ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിരമിച്ചവനാണ് ശ്രീലങ്കയെ ചാമ്പ്യന്‍മാരാക്കിയത്; വിശ്വാസം വരുന്നില്ല അല്ലേ, ഈ കഥക്ക് അങ്ങനെ ഒരു കുഴപ്പമുണ്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 12th September 2022, 7:51 am

പാകിസ്ഥാനെ തോല്‍പിച്ച് ഏഷ്യന്‍ ക്രിക്കറ്റിന്റെ രാജാക്കന്‍മാരാവുമ്പോള്‍ ശ്രീലങ്കന്‍ താരങ്ങളുടെ മുഖത്തെ പുഞ്ചിരിക്ക് പകരം വെക്കാന്‍ ഒന്നിനുമാകില്ല, കാരണം അവര്‍ യു.എ.ഇയിലേക്ക് പറന്ന സാഹചര്യം അതായിരുന്നു. മരതക ദ്വീപില്‍ നടക്കേണ്ടിയിരുന്ന മത്സരമാണ് ആഭ്യന്തര കലഹം മൂലം യു.എ.ഇയിലേക്ക് മാറ്റിയത്. ഒരു പിടിവള്ളി പോലുമില്ലാതിരുന്നിടത്ത് നിന്നുമാണ് ലങ്ക വീണ്ടും ഏഷ്യയുടെ ചാമ്പ്യന്‍മാരായത്.

ടൂര്‍ണമെന്റ് ആരംഭിക്കുമ്പോള്‍ കിരീടം നേടാന്‍ ഇന്ത്യക്ക് 79 ശതമാനവും പാകിസ്ഥാന് 12 ശതമാനവും സാധ്യത കല്‍പിച്ചപ്പോള്‍ പൂജ്യമായിരുന്നു ലങ്കയുടെ സാധ്യത. എന്നാല്‍ അതെല്ലാം അട്ടിമറിച്ചുകൊണ്ട് ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി തങ്ങളുടെ ആറാം ഏഷ്യാ കപ്പ് കിരീടമുയര്‍ത്തുമ്പോള്‍ ഫൈനലിലെ വിജയശില്‍പിയുടെ മുഖത്ത് അനിതരസാധാരണമാം വിധം ശാന്തതയായിരുന്നു.

സജീവ ക്രിക്കറ്റില്‍ നിന്നും ഒരിക്കല്‍ വിരമിച്ചയാള്‍ വീണ്ടും ക്രിക്കറ്റിലേക്ക് തിരികെ വരിക, ദേശീയ ടീമിനൊപ്പം ഒരു വേള്‍ഡ് ക്ലാസ് ടൂര്‍ണമെന്റ് കളിക്കുക, ടീമിനൊപ്പം ഫൈനലില്‍ പ്രവേശിക്കുക, ഫൈനലില്‍ ടീമിന്റെ വിജയ ശില്‍പിയാവുക… ഒരു കഥപോലെ കേട്ടിരിക്കാനാവുന്നതാണ് മരതക ദ്വീപിന്റെ മാണിക്യമായ ഭാനുക രജപക്‌സെയുടെ കഥ.

ഈ വര്‍ഷം ജനുവരിയിലാണ് താരം വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്. ക്രിക്കറ്റ് ലോകത്തെ ഒന്നാകെ അമ്പരപ്പിക്കുന്നതായിരുന്നു ഈ മുപ്പതുകാരന്റെ വിരമിക്കല്‍. എന്നാല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചതിന് കൃത്യം എട്ട് ദിവസത്തിന് ശേഷം ആ തീരുമാനം പിന്‍വലിച്ച് വീണ്ടും ടീമിനൊപ്പം ചേരുകയായിരുന്നു രജപക്‌സെ.

ഐ.പി.എല്ലിന്റെ 2022 എഡിഷനില്‍ അരങ്ങേറിയ താരത്തെ 50 ലക്ഷത്തിനായിരുന്നു പഞ്ചാബ് കിങ്‌സ് ടീമിലെത്തിച്ചത്. ഒമ്പത് മത്സരത്തില്‍ 160നോടടുപ്പിച്ച് സ്‌ട്രൈക്ക് റേറ്റില്‍ 206 റണ്‍സ് നേടിയതോടെയാണ് രജപക്‌സയെ ഇന്ത്യന്‍ ആരാധകര്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്.

ഏഷ്യാ കപ്പില്‍ രജപക്‌സെയും ലങ്കന്‍ ടീമിന്റെ ഭാഗമായപ്പോള്‍ ആരും കരുതിക്കാണില്ല, ഇയാള്‍ക്ക് പലതും ചെയ്യാന്‍ സാധിക്കുമെന്ന്. അത് അടിവരയിടുന്നതായിരുന്നു ഫൈനലിലെ പ്രകടനം.

ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ലങ്ക 170 റണ്‍സായിരുന്നു സ്വന്തമാക്കിയത്. ഒരുഘട്ടത്തില്‍ അഞ്ച് വിക്കറ്റിന് 58 റണ്‍സ് എന്ന നിലയില്‍ കൂപ്പുകുത്തിയ ലങ്കയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചത് രജപക്‌സെയായിരുന്നു.

45 പന്തില്‍ നിന്നും ആറ് ഫോറും മൂന്ന് സിക്‌സറും സഹിതം 71 റണ്‍സാണ് രജപക്‌സെ സ്വന്തമാക്കിയത്. മുന്‍നിര ബാറ്റര്‍മാരെല്ലാം പരാജയപ്പെട്ടപ്പോള്‍ വാനിന്ദു ഹസരങ്കയെ കൂട്ടുപിടിച്ച് ആറാം വിക്കറ്റിലും കരുണരത്‌നയെ കൂട്ടുപിടിച്ച് ഏഴാം വിക്കറ്റിലും റണ്‍സ് ഉയര്‍ത്തി.

രജപക്‌സെ അടിത്തറയിട്ട പാര്‍ട്ണര്‍ഷിപ്പില്‍, ആറാം വിക്കറ്റില്‍ നേടിയ 58 റണ്‍സും ഏഴാം വിക്കറ്റില്‍ ചേര്‍ത്ത 54 റണ്‍സുമാണ് ലങ്കന്‍ വിജയത്തിന് നിദാനമായത്‌.

ടീമിന് ആവശ്യമുള്ളപ്പോള്‍ ഇത്രയും ഇംപാക്ട് ഉണ്ടാക്കിയ രജപക്‌സയല്ലാതെ മറ്റാരെയാണ് ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ബാറ്ററായി നമുക്ക് അംഗീകരിക്കാന്‍ സാധിക്കുക. ഒടുവില്‍ പാകിസ്ഥാന്‍ 147ന് ഓള്‍ ഔട്ടാവുമ്പോള്‍ 23 റണ്‍സിന്റെ വിജയത്തില്‍ ലങ്ക ഒരിക്കല്‍ക്കൂടി ഏഷ്യയുടെ രാജാക്കന്‍മാരായിരിക്കുകയാണ്.

 

കളിയിലെ താരമായി രജപക്‌സെ മാറിയപ്പോള്‍ ആരാധകര്‍ ഈ മുപ്പതുകാരനില്‍ വീണ്ടും പ്രതീക്ഷയര്‍പ്പിക്കുകയാണ്. വരാനിരിക്കുന്ന ടി-20 ലോകകപ്പും സിംഹള ദ്വീപിലേക്ക് കൊണ്ടുവരാന്‍ ഇയാള്‍ക്കാകുമെന്നുതന്നെയാണ് തകര്‍ച്ചയെ നോക്കിക്കാണുന്ന രാജ്യത്തെ ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

 

Content Highlight: Bhanuka Rajapakse, The Man Behind Sri Lanka’s Victory