ബംഗാൾ: ഭംഗോര്‍ പവര്‍ ഗ്രിഡിനെതിരായ സമരം വിജയം. കഴിഞ്ഞ 22 മാസത്തിലേറെയായി പവര്‍ ഗ്രിഡ് പദ്ധതി ജനവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് നടന്ന് വരുന്ന സമരമാണ് പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനത്തിലൂടെ വിജയിച്ചത്.
ഭംഗോര്‍ മൂവ്‌മെന്റ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം പദ്ധതി ഉപേക്ഷിക്കുന്നതായി മമത സര്‍ക്കാര്‍ പ്രഖ്യാപിച്ചു പ്രക്ഷോഭം നടത്തിയതിന്റെ പേരില്‍ സമരനേതാക്കള്‍ക്ക് മേല്‍ ചുമത്തിയ കേസുകള്‍ പിന്‍വലിക്കുന്നതായും സര്‍ക്കാര്‍ വ്യക്തമാക്കി.
യു.എ.പി.എ അടക്കമുള്ള നിയമങ്ങളാണ് പദ്ധതിക്കെതിരെ സമരം ചെയ്തവര്‍ക്കുമേല്‍ ചുമത്തിയിരുന്നത്. സമരത്തിന് നേതൃത്വം നല്‍ കിയ സി.പി.ഐ.എം.എല്‍ (റെഡ് സ്റ്റാര്‍) ജനറല്‍ സെക്രട്ടറി കെ.എന്‍ രാമചന്ദ്രനെ തട്ടിക്കൊണ്ടുപോയിരുന്നു, ഇതിന് പിന്നില്‍ ഭരണകൂടം തന്നെയാണെന്നാണ് സമരനേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നത്.
സി.പി.ഐ.എം.എല്‍ (റെഡ് സ്റ്റാര്‍) ആണ് സമരത്തിന് നേതൃത്വം നല്‍കിയത്. നേതാക്കളായ ഷര്‍മ്മിഷ്ഠ ചൗധരി, അലിഖ് ചക്രബര്‍ത്തി, ജനറല്‍ സെക്രട്ടറി കെ.എന്‍ രാമചന്ദ്രന്‍ തുടങ്ങിയവര്‍ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് കൊടിയ പീഡനങ്ങള്‍ അനുഭവിച്ചിരുന്നു.
പവ്വര്‍ ഗ്രിഡ് പിന്‍വലിക്കും, കൃഷിഭൂമി സംരക്ഷിക്കും, നഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കും, കേസുകള്‍ പിന്‍ വലിക്കും തുടങ്ങിയ തീരുമാനങ്ങളാണ് നിരന്തര സമരത്തിനൊടുവില്‍ ജനങ്ങള്‍ നേടിയെടുത്തത്.