സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്ത് സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി, രാജേഷ് മാധവന്‍ എന്നിവര്‍ ഒന്നിച്ച ചിത്രമായിരുന്നു മദനോല്‍സവം. ഈ സിനിമയിലെ ആലിസ് എന്ന കഥാപാത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയായിരുന്നു ഭാമ അരുണ്‍.
ആസിഫ് അലി – അനശ്വര രാജന്‍ എന്നിവര്‍ ഒന്നിച്ച രേഖാചിത്രം എന്ന സിനിമയിലും മമ്മൂട്ടിയോടൊപ്പം ബസൂക്ക എന്ന സിനിമയിലും ഭാമ ഒരു പ്രധാനവേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ ബസൂക്കയുടെ സമയത്ത് മമ്മൂട്ടിയെ കണ്ടതിനെ കുറിച്ചും സംസാരിച്ചതിനെ കുറിച്ചും പറയുകയാണ് നടി. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഭാമ അരുണ്‍.
‘ഞാന്‍ ബസൂക്കയായിരുന്നു മമ്മൂക്കയുടെ കൂടെ ആദ്യമായി ചെയ്യുന്ന സിനിമ. ആദ്യമായി അദ്ദേഹത്തെ കണ്ടപ്പോള്‍ എനിക്ക് നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. മമ്മൂക്ക പേര് ചോദിച്ചപ്പോള്‍ ഞാന്‍ ഒരു സെക്കന്റ് എന്റെ പേര് മറന്നു. എന്താണ് എന്റെ പേരെന്ന് ഞാന്‍ ശരിക്കും മറന്നു. ചുമ്മാ പറയുകയല്ല. ശരിക്കും നടന്നതാണ്.
പിന്നെ രണ്ട് സെക്കന്റ് കഴിഞ്ഞപ്പോള്‍ ഞാന്‍ എന്റെ പേര് പറഞ്ഞു. ഞങ്ങള്‍ സംസാരിച്ച ശേഷം ഞാന്‍ അവിടുന്ന് പോയി. കുറച്ച് കഴിഞ്ഞ് അദ്ദേഹം ഞാന്‍ അവിടെ ഇരിക്കുന്നത് കണ്ട് എന്നെ അടുത്തേക്ക് വിളിച്ചു. അങ്ങനെ ഞങ്ങള്‍ സംസാരിക്കാന്‍ തുടങ്ങി.
എത്രവരെ പഠിച്ചെന്ന് അദ്ദേഹം ചോദിച്ചു. ശേഷം വിദ്യാഭ്യാസത്തിന് നല്ല പ്രാധാന്യം കൊടുക്കണമെന്ന് എന്നോട് പറഞ്ഞു. ആ സമയത്ത് ഞാന്‍ എയര്‍ടെലില്‍ വര്‍ക്ക് ചെയ്യുകയായിരുന്നു. അപ്പോള്‍ എന്നോട് ബ്രോഡ്ബാന്‍ഡ് കണക്ഷന്റെ കാര്യമൊക്കെ ചോദിച്ചു.
അതിനെ കുറിച്ചൊന്നും എനിക്ക് അറിയില്ലായിരുന്നു. കാരണം ഞാന്‍ ജോലിക്ക് കയറിയിട്ട് രണ്ട് മാസമോ മറ്റോ ആയിട്ടേ ഉണ്ടായിരുന്നുള്ളൂ. അപ്പോള്‍ ഞാന്‍ ഒന്ന് തപ്പിപിടിച്ചു (ചിരി). പിന്നെ ഞങ്ങള്‍ കുറച്ച് നേരം നന്നായി തന്നെ സംസാരിച്ചു.
പിന്നെ രേഖാചിത്രത്തിന് ശേഷം മമ്മൂക്കയുടെ വീട്ടില്‍ പോയിരുന്നു. ഞങ്ങള്‍ എല്ലാവരും അന്ന് വളരെ എക്‌സൈറ്റഡായിരുന്നു. കാരണം അത്രയും വലിയ മനുഷ്യനാണല്ലോ നമ്മളെ വിളിക്കുന്നത്. അങ്ങനെ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി. മമ്മൂക്കയെ കണ്ടു, സംസാരിച്ചു.
രേഖാചിത്രത്തില്‍ അഭിനയിച്ചപ്പോള്‍ എങ്ങനെയുണ്ടായിരുന്നെന്നും ഇനി എന്താണ് ഫ്യൂച്ചര്‍ പരിപാടിയെന്നും അദ്ദേഹം ചോദിച്ചു. പിന്നെ ഫോട്ടോയൊക്കെ എടുത്തു. ശേഷം റ്റാറ്റാ ബൈ ബൈ പറഞ്ഞ് വന്നു (ചിരി),’ ഭാമ അരുണ്‍ പറഞ്ഞു.
Content Highlight: Bhama Arun Talks About Mammootty