| Monday, 7th April 2025, 6:24 pm

ആ നടന്റെ കണ്ണില്‍ നോക്കിയാല്‍ പോയി, ടെന്‍ഷനാകും; പക്ഷെ പേടിക്കേണ്ട ആളല്ല അദ്ദേഹം: ഭാമ അരുണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മദനോത്സവം എന്ന സിനിമയിലെ ആലിസെന്ന കഥാപാത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഭാമ അരുണ്‍. ആസിഫ് അലി – അനശ്വര രാജന്‍ എന്നിവര്‍ ഒന്നിച്ച രേഖാചിത്രം എന്ന സിനിമയിലും ഭാമ ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു.

ഇപ്പോള്‍ വിഷു റിലീസായി വരാനിരിക്കുന്ന ബസൂക്ക എന്ന മമ്മൂട്ടി ചിത്രത്തിലും ഭാമ ഒരു പ്രധാനവേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഡീനോ ഡെന്നിസ് ആദ്യമായി സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ബസൂക്ക.

സിനിമയില്‍ മമ്മൂട്ടിയോടൊപ്പം ഗൗതം വാസുദേവ് മേനോനും അഭിനയിക്കുന്നുണ്ട്. ഇപ്പോള്‍ ഗൗതം വാസുദേവിനെ കുറിച്ച് പറയുകയാണ് ഭാമ അരുണ്‍. ലൈഫ് നെറ്റ് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘ഗൗതം സാറിനെ കണ്ടപ്പോള്‍ ആദ്യത്തെ രണ്ടുമൂന്ന് ദിവസം എക്‌സൈറ്റ്‌മെന്റ് ഉണ്ടായിരുന്നു. പക്ഷെ പിന്നെ അതൊക്കെ മാറി. സത്യത്തില്‍ അദ്ദേഹത്തിന്റെ കണ്ണില്‍ നോക്കിയാല്‍ പിന്നെ പോയി. വലിയ ടെന്‍ഷനാകും.

കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹം വളരെ ചില്‍ ആയ ഒരു വ്യക്തിയാണെന്ന് മനസിലായി. നമ്മളോട് അദ്ദേഹം വളരെ പെട്ടെന്ന് തന്നെ കമ്പനിയായിരുന്നു. അങ്ങനെ പേടിക്കണ്ടാത്ത ഒരു ആളാണ് ഗൗതം സാര്‍,’ ഭാമ അരുണ്‍ പറയുന്നു.

ബസൂക്കയുടെ സമയത്ത് ആദ്യമായി മമ്മൂട്ടിയെ കണ്ടപ്പോള്‍ ഉണ്ടായ എക്‌സൈറ്റ്‌മെന്റിനെ കുറിച്ചും നടി അഭിമുഖത്തില്‍ സംസാരിച്ചു. അദ്ദേഹത്തെ നേരിട്ട് കാണാനും സംസാരിക്കാനും പറ്റിയത് സ്വപ്‌നതുല്യമായ നിമിഷമായിരുന്നുവെന്നാണ് ഭാമ പറയുന്നത്.

‘മമ്മൂക്കയെ നേരിട്ട് കാണുമ്പോള്‍ ഉണ്ടായ എക്‌സൈറ്റ്‌മെന്റ് എങ്ങനെ ഹാന്‍ഡില്‍ ചെയ്തുവെന്ന് ആളുകള്‍ എന്നോട് ചോദിക്കാറുണ്ട്. ഓരോ തവണ ചോദിക്കുമ്പോഴും എനിക്ക് ആ നെഞ്ചിടിപ്പ് ഉണ്ടാകും.

അദ്ദേഹത്തെ കാണുമ്പോള്‍ എക്‌സൈറ്റ്‌മെന്റും നെര്‍വസ്‌നെസും ഒരുപോലെ ഉണ്ടായിരുന്നു. എല്ലാം ഒരുമിച്ച് വന്നിട്ട് ഒരു മിക്‌സ്ഡ് ഇമോഷന്‍ ആയിരുന്നു.

കുട്ടിക്കാലം മുതല്‍ക്ക് എന്നെങ്കിലും ഒരിക്കല്‍ കാണണമെന്ന് ആഗ്രഹിച്ച ആളാണ് മമ്മൂക്ക. അദ്ദേഹത്തെ നേരിട്ട് കാണാനും സംസാരിക്കാനും പറ്റി. ശരിക്കും സ്വപ്‌നതുല്യമായ നിമിഷമായിരുന്നു,’ ഭാമ അരുണ്‍ പറയുന്നു.


Content Highlight: Bhama Arun Talks About Gautham Vasudev Menon

We use cookies to give you the best possible experience. Learn more