ഹരിയാന പൊലീസിന്റെ ക്രൈം റിവ്യു മീറ്റിങ്ങില്‍ രാമ-കൃഷ്ണ കീര്‍ത്തനങ്ങള്‍; കൈകൊട്ടി ആസ്വദിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍
national news
ഹരിയാന പൊലീസിന്റെ ക്രൈം റിവ്യു മീറ്റിങ്ങില്‍ രാമ-കൃഷ്ണ കീര്‍ത്തനങ്ങള്‍; കൈകൊട്ടി ആസ്വദിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 28th October 2024, 6:44 pm

ചണ്ഡിഗണ്ഡ്: ഹരിയാന പൊലീസിന്റെ ക്രൈം റിവ്യു മീറ്റിങ്ങില്‍ ഹിന്ദു സന്ന്യാസികള്‍ കീര്‍ത്തനങ്ങള്‍ ആലപിച്ചതിനെതിരെ വ്യാപക പ്രതിഷേധം. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പൊലീസ് സേനയ്‌ക്കെതിരെ പ്രതിഷേധമുയര്‍ന്നത്.

ഹരിയാന പൊലീസിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന ക്രൈം റിവ്യു മീറ്റിങ്ങിനിടെയാണ് സംഭവം. പ്രചരിക്കുന്ന വീഡിയോയില്‍ ഹിന്ദു സന്ന്യാസികളുടെ ‘ഹരേ റാം ഹരേ കൃഷ്ണ’ ഭജനകള്‍ക്ക് പൊലീസ് ഉദ്യോഗസ്ഥര്‍ കൈകൊട്ടി ആസ്വദിക്കുന്നതായി കാണാം. സംഭവം നടക്കുന്നത് ഹരിയാന പൊലീസിന്റെ കോണ്‍ഫറന്‍സ് ഹാളുകളില്‍ ഒന്നില്‍ വെച്ചാണെന്നും വീഡിയോയില്‍ വ്യക്തമാണ്.

സംഭവത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ നിന്നടക്കം രൂക്ഷ വിമര്‍ശനമാണുയരുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നായ എക്‌സിലെ ഒരു ഉപയോക്താവ് ഇനി എന്തിനാണ് സമൂഹത്തില്‍ പൊലീസിന്റെ ആവശ്യമെന്നും ഇനി മുതല്‍ ഭജന്‍കീര്‍ത്തന്‍ ഗ്രൂപ്പുകള്‍ നീതിന്യായ വ്യവസ്ഥ കൈകാര്യം ചെയ്യട്ടെ എന്നുമാണ് പരിഹസിച്ചിരിക്കുന്നത്.

മറ്റൊരാളാകട്ടെ കീര്‍ത്തന പരിപാടികള്‍ ക്രൈം റിവ്യു മീറ്റിങ്ങുകളിലല്ല മറിച്ച് അവനവന്റെ വീടുകളിലാണ് സംഘടിപ്പിക്കേണ്ടതെന്നും അഭിപ്രായപ്പെട്ടു.

എന്നാല്‍ മറ്റൊരു വിഭാഗമാകട്ടെ നികുതി ദായകരുടെ പണം ചെലവഴിച്ച് സര്‍ക്കാര്‍ ഓഫീസുകളിലല്ല ഇതൊന്നും നടത്തേണ്ടതെന്നും മറിച്ച് സ്വന്തം വീടുകളില്‍ ആണെന്നും അഭിപ്രായപ്പെട്ടു. ബി.ജെ.പി ഭരണത്തിന് കീഴില്‍ ഹരിയാന ഒരു ഹിന്ദു രാഷ്ട്രമായി മാറി എന്ന്‌ കമന്റിട്ടവരുടേയും എണ്ണവും കുറവല്ല.

Content Highlight: bhajan played at Haryana police crime review meeting heats the internet