| Monday, 17th June 2024, 4:27 pm

ടര്‍ബന്‍ കെട്ടി മുണ്ട് മടക്കിക്കുത്തി പ്രഭാസ്, ഭൈരവന്റെ പാട്ട് വേറെ ലെവലെന്ന് ആരാധകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് കല്‍ക്കി 2898 എ.ഡി. മഹാനടിക്ക് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രഭാസാണ് നായകന്‍. ദീപികാ പദുകോണ്‍, അമിതാഭ് ബച്ചന്‍, ദിശാ പഠാനി തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. ഏറെക്കാലത്തിന് ശേഷം കമല്‍ ഹാസന്‍ വില്ലന്‍ വേഷം ചെയ്യുന്നുവെന്ന പ്രത്യേകതയും കല്‍ക്കിക്കുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഗാനം റിലീസായിരിക്കുകയാണ്.

‘ഭൈരവ ആന്തം’ എന്ന് പേരിട്ടിരിക്കുന്ന ഗാനമാണ് റിലീസ് ചെയ്തത്. പ്രഭാസും പഞ്ചാബി ഗായകന്‍ ദില്‍ജിത് ദോസഞ്ചും ഒന്നിച്ചെത്തുന്നു എന്ന വലിയ പ്രത്യേകതയുമുണ്ട്. കേരളത്തില്‍ വേഫറര്‍ ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

സ്വപ്നം എന്നത് മാത്രമാണ് ‘കല്‍ക്കി 2898 AD’യെ വിശേഷിപ്പിക്കാന്‍ കഴിയുന്നത്. കോമിക് കോണ്‍ സാന്‍ ഡിയഗോയില്‍ അവതരിപ്പിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമ എന്ന പ്രത്യേകതയും ആനിമേറ്റഡ് സീരീസ് പ്രെസെന്റ് ചെയ്ത ആദ്യ ഇന്ത്യന്‍ സിനിമയുമായി ‘കല്‍ക്കി 2898 എ.ഡി’ മാറിക്കഴിഞ്ഞു. ഇപ്പോഴിതാ നോര്‍ത്ത് ഇന്ത്യന്‍ സൗത്ത് ഇന്ത്യന്‍ ഒരുമിച്ച് ബ്ലെന്‍ഡ് ചെയ്യുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. പഞ്ചാബികളുടെ അടാളമായ ടര്‍ബന്‍ കെട്ടി അതിനൊടൊപ്പം മുണ്ടും മടക്കിക്കുത്തി വരുന്ന പ്രഭാസാണ് ഗാനത്തിലെ ഹൈലൈറ്റ്

ദില്‍ജിത് ദോസഞ്ചും വിജയ് നരൈനും ആലപിച്ച് കുമാര്‍ വരികള്‍ എഴുതി സന്തോഷ് നാരായണന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ഗാനം പ്രഭാസിന്റെ കഥാപാത്രത്തിന് കൃത്യമായ അടയാളം രേഖപ്പെടുത്തുന്നു. ഗാനത്തില്‍ പ്രഭാസിന്റെ ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള ഒരുപാട് മുഹൂര്‍ത്തങ്ങളുണ്ട്. ജൂണ്‍ 27ന് ചിത്രം റിലീസിനെത്തും.

ബി.സി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളില്‍ നിന്ന് തുടങ്ങി 2898 എ.ഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു യാത്രയാണ് കല്‍ക്കിയുടെ ഇതിവൃത്തം. അന്ന ബെന്‍, ശോഭന, ബ്രഹ്‌മാനന്ദം, പശുപതി എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. പി.ആര്‍.ഒ – ശബരി

Content Highlight: Bhairava Anthem from Kalki 2898 AD released

We use cookies to give you the best possible experience. Learn more