| Sunday, 14th July 2024, 1:38 pm

കോപ്പ അമേരിക്ക നേടിയാൽ മെസിക്ക് അവനെക്കാൾ മികച്ച താരമാവാം: ബൈചുങ് ബൂട്ടിയ

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോളില്‍ എല്ലാകാലത്തും സജീവമായി നിലനില്‍ക്കുന്ന സംവാദങ്ങളില്‍ ഒന്നാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണോ ലയണല്‍ മെസിയാണോ ഏറ്റവും മികച്ച താരം എന്നുള്ളത്. ഇപ്പോഴിതാ ഗോട്ട് ഡിബേറ്റില്‍ തന്റെ അഭിപ്രായം തുറന്നുപറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ബൈചുങ് ബൂട്ടിയ.

റൊണാള്‍ഡോയും മെസിയും മികച്ച താരങ്ങള്‍ ആണെന്നും എന്നാല്‍ ലോകകപ്പിന്റെ കാര്യത്തില്‍ മാത്രമാണ് മെസി മുന്നിട്ടുനില്‍ക്കുന്നതെന്നുമാണ് മുന്‍ ഇന്ത്യന്‍ താരം പറഞ്ഞത്.

‘ഇരുവരും മികച്ച താരങ്ങളാണെന്ന് ഞാന്‍ കരുതുന്നു. ഇരു താരങ്ങളിലും ഏറ്റവും വലിയവനാരാണെന്ന് പറയുന്നത് അന്യായമായിരിക്കും. ഫുട്‌ബോളില്‍ റൊണാള്‍ഡോയും മെസിയും എല്ലാം നേടിയിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ മെസി ലോകകപ്പ് നേടിയിട്ടുണ്ട് റൊണാള്‍ഡോ അത് നേടിയിട്ടില്ല. പക്ഷേ വ്യത്യസ്ത ലീഗുകളിലും, ക്ലബ്ബുകളിലും എല്ലാം അദ്ദേഹം തന്റെ കഴിവ് എന്താണെന്ന് തെളിയിച്ചിട്ടുണ്ട്. അതിനാല്‍ ആരാണ് മികച്ചതെന്ന് വ്യക്തിപരമായി പറയുന്നത് വളരെ അന്യായമാണെന്ന് ഞാന്‍ കരുതുന്നു,’ ബൈചുങ് ബൂട്ടിയ എ. എന്‍.ഐയോട് പറഞ്ഞു.

2024 കോപ്പ അമേരിക്ക നേടാന്‍ സാധിച്ചാല്‍ കിരീടങ്ങളുടെ അടിസ്ഥാനത്തില്‍ റൊണാള്‍ഡോയെക്കാള്‍ മുന്‍തൂക്കം മെസിക്ക് ലഭിക്കുമെന്ന് കരുതുന്നുവെന്നും ബൂട്ടിയ പറഞ്ഞു.

‘ഫുട്‌ബോളില്‍ രണ്ടുപേരും വലിയവരാണ്. ഈ കോപ്പ അമേരിക്ക കിരീടം നേടാന്‍ മെസിക്ക് കഴിയുകയാണെങ്കില്‍ ട്രോഫിയുടെ കാര്യത്തില്‍ റൊണാള്‍ഡോയെക്കാള്‍ മുന്‍തൂക്കം അദ്ദേഹത്തിന് ലഭിക്കുമെന്ന് ഞാന്‍ കരുതുന്നു. ലോകകപ്പും കോപ്പ അമേരിക്കയും ക്ലബ്ബ് ഫുട്‌ബോളില്‍ നിന്ന് നേടുന്ന ട്രോഫികളെക്കാള്‍ വളരെ വിലപ്പെട്ടതാണ്,’ ബൂട്ടിയ കൂട്ടിച്ചേര്‍ത്തു.

അതേസമയം 2024 കോപ്പ അമേരിക്കയുടെ ഫൈനലില്‍ കൊളംബിയെയാണ് അര്‍ജന്റീന നേരിടുക. ഈ കിരീടം കൂടി നേടാന്‍ മെസിക്ക് സാധിച്ചാല്‍ അര്‍ജന്റീനക്കൊപ്പം രണ്ട് കോപ്പ അമേരിക്ക കിരീടമെന്ന നേട്ടം സ്വന്തമാക്കാന്‍ അര്‍ജന്റീനന്‍ നായകന് സാധിക്കും.

മറുഭാഗത്ത് റൊണാള്‍ഡോയുടെ നേതൃത്വത്തില്‍ പോര്‍ച്ചുഗല്‍ ഈ യൂറോകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ വരെയാണ് എത്തിയത്. അവസാന എട്ടില്‍ ഫ്രാന്‍സിനെതിരെ പെനാല്‍ട്ടിയില്‍ 5-3 എന്ന സ്‌കോര്‍ ലൈനില്‍ പരാജയപ്പെട്ടാണ് റൊണാള്‍ഡോയും സംഘവും തങ്ങളുടെ യൂറോകപ്പ് പോരാട്ടം അവസാനിപ്പിച്ചത്.

Content Highlight: Bhaichung Bhutia talks his opinion about GOAT Debate

We use cookies to give you the best possible experience. Learn more