ട്രിവാന്‍ഡ്രം ഗ്രൂപ്പ് എന്നൊന്ന് ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല; ഇത് മലയാള സിനിമയെ തകര്‍ക്കാനുള്ള ചിലരുടെ ലക്ഷ്യം: ഭാഗ്യലക്ഷ്മി
Entertainment
ട്രിവാന്‍ഡ്രം ഗ്രൂപ്പ് എന്നൊന്ന് ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല; ഇത് മലയാള സിനിമയെ തകര്‍ക്കാനുള്ള ചിലരുടെ ലക്ഷ്യം: ഭാഗ്യലക്ഷ്മി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 9th September 2024, 4:39 pm

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം ഉയര്‍ന്നുവന്ന മലയാള സിനിമയെയും അഭിനേതാക്കളെയും ചുറ്റിപ്പറ്റിയുള്ള പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി.

മലയാള സിനിമയെ തകര്‍ക്കാന്‍ വേണ്ടി മറ്റു ഭാഷയിലുള്ളവര്‍ ചെയ്യുന്നതുപോലെ തനിക്ക് ഈ സംഭവങ്ങളെ തോന്നുന്നെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. അവര്‍ മലയാളത്തില്‍ ആ സമയത്ത് മൂന്ന് സിനിമകളില്‍ അഭിനയിച്ചെന്നും എന്നാല്‍ ദേശീയ മാധ്യമത്തിലടക്കം മോഹന്‍ലാലിന്റേയും ദിലീപിന്റെയും മുഖം മാത്രമാണ് കാണിച്ചതെന്നും ഭാഗ്യലക്ഷ്മി പറയുന്നു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

‘മലയാള സിനിമയെ തകര്‍ക്കുക എന്നുള്ളത് മറ്റു ഭാഷയിലുള്ളവരുടെ ലക്ഷ്യം പോലെ എനിക്ക് തോന്നി. കാരണം ഇപ്പോള്‍ കാരവനില്‍ ഒരു വിഷയം ഒരു ആര്‍ട്ടിസ്റ്റ് പറഞ്ഞു. ആ ആര്‍ട്ടിസ്റ്റ് ഇതുപോലെ എവിടുന്നൊക്കയോ പോയി തപ്പിപിടിച്ചാണ് ഇവരങ്ങനെ ഒരു വാര്‍ത്ത ശേഖരിച്ചത് എന്ന് പറയുന്നു. എനിക്കതിനോട് ഒരുപാട് പ്രതിഷേധമുണ്ട്.

എന്താണെന്നറിയുമോ, നമ്മള്‍ ഈയിടെയാണ് അതിനെ കുറിച്ച് അന്വേഷിക്കുന്നത്. ആ കാരവാനില്‍ ഉണ്ടായിരുന്നത് തമിഴരായിരുന്നു. അവരാണ് ഇത് കണ്ടുകൊണ്ടിരുന്നത്, അല്ലാതെ മലയാളികളല്ല. ദിലീപ്, മോഹന്‍ലാല്‍ അല്ലാതെ മറ്റൊരു സിനിമയിലും കൂടെ ആ നടി അഭിനയിച്ചിരുന്നു. ദി ഗാംബിനോസ് എന്ന സംവിധായകന്‍ വിനയന്റെ മകന്‍ അഭിനയിച്ച സിനിമയിലും ആ നടി അഭിനയിച്ചിട്ടുണ്ട്.

ഈ മൂന്ന് സിനിമയില്‍ അവര്‍ അഭിനയിച്ചിട്ടും നാഷണല്‍ ചാനലുകളില്‍ കാണിക്കുന്ന മുഖം മോഹന്‍ലാലിന്റേയും ദിലീപിന്റേതുമാണ്. അപ്പോള്‍ ഒരു ടാര്‍ഗറ്റ് ഉണ്ടിതിന്. മലയാള സിനിമയെ തകര്‍ക്കുക എന്നതാണ് ഇതിന്റെയെല്ലാം ടാര്‍ഗറ്റ്.

ട്രിവാന്‍ഡ്രം ഗ്രൂപ്പ് അങ്ങനെ ഒന്നുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അങ്ങനെ ഒന്നും ഇല്ല. പക്ഷെ ഈ മട്ടാഞ്ചേരി ഗാങ് എന്ന് പറയുന്നത് തന്നെ വേറൊരു തലത്തിലാണ്. അത് ഈ മയക്കുമരുന്നിനെയെല്ലാം ബന്ധപ്പെടുത്തിയാണ് അങ്ങനെയൊരു ഗ്രൂപ്പിനെ കുറിച്ച് സംസാരിക്കുന്നത്.

പെണ്ണുങ്ങളുടെ കാര്യത്തില്‍ മാത്രമല്ല ആണുങ്ങളുടെ കാര്യത്തിലും അങ്ങനെയുള്ള ഇടപെടലുകള്‍ ഉണ്ടാകാറുണ്ട്. അയ്യോ അവനാണോ എന്റെ അനിയനായിട്ട് അവന്‍ വേണ്ട, അയാളാണോ അച്ഛന്‍ അത് വേണ്ട അങ്ങനെ ഒഴിവാക്കല്‍ സ്ത്രീയെയും പുരുഷനേയും ഒരുപോലെ ബാധിക്കുന്നുണ്ട്,’ ഭാഗ്യലക്ഷ്മി പറയുന്നു.

Content  Highlight: Bhagyalakshmi Talks About Issues In Malayalam Cinema