| Saturday, 8th April 2017, 1:08 pm

എനിക്ക് ഉറപ്പിച്ചു പറയാന്‍ പറ്റും ജൂഡ് ഒരിക്കലും നിങ്ങളെ അപമാനിക്കില്ല, നിങ്ങളെയെന്നല്ല ഒരു സ്ത്രീയേയും അപമാനിക്കില്ല; കൊച്ചി മേയര്‍ക്ക് ഭാഗ്യലക്ഷ്മിയുടെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംവിധായകന്‍ ജൂഡ് ആന്റണിയും കൊച്ചി മേയര്‍ സൗമിനി ജയ്‌നുമായുള്ള വിഷയത്തില്‍ ജൂഡ് ആന്റണിക്ക് പൂര്‍ണപിന്തുണയുമായി ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി.

സ്ത്രീ വിരുദ്ധതയുളളയാളാണ് ജൂഡ് ആന്റണിയെന്ന് അദ്ദേഹത്തെ അടുത്തറിയുന്ന ഒരു സ്ത്രീയും പറയില്ലെന്നും മനസ്സില്‍ തോന്നുന്നത് അപ്പോള്‍ തന്നെ പ്രകടിപ്പിക്കുകയും പിന്നീട് അതേക്കുറിച്ചോര്‍ത്ത് വിഷമിക്കുകയും യാതൊരു മടിയും കൂടാതെ ചെറിയവരെന്നോ വലിയവരെന്നോ നോക്കാതെ ക്ഷമ ചോദിക്കുകയും ചെയ്യുന്ന ഒരു പാവം സാധാരണ മനുഷ്യനാണ് ജൂഡെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

സ്ത്രീയെ അപമാനിക്കുന്ന ഒരാളെയും ന്യായീകരിക്കുന്ന ഒരാളല്ല ഞാന്‍.പക്ഷേ എനിക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കും, ജൂഡ് ഒരിക്കലും താങ്കളെ കരുതിക്കൂട്ടി അപമാനിക്കില്ല എന്ന്..അതുകൊണ്ട് തന്നെയാണ് അദ്ദേഹം ഉടനെ താങ്കളുടെ ഓഫീസില്‍ വന്ന് എല്ലാവരുടെയും മുമ്പാകെ മാപ്പ് പറയാന്‍ തയ്യാറായതെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ബഹുമാനപ്പെട്ട കൊച്ചി മേയര്‍ സൗമിനി ജെയിന്‍ അറിയുന്നതിന്.
താങ്കള്‍ സംവിധായകന്‍ ജൂഡ് ആന്റണിയെക്കുറിച്ച് എഴുതിയ ഫേസ് ബുക്ക് പോസ്റ്റ് വായിച്ചു..
ജൂഡ് എന്ന സംവിധായകനേക്കാള്‍ ഞാന്‍ ബഹുമാനിക്കുന്നത് അദ്ദേഹത്തിലെ നല്ല മനുഷ്യനെയാണ് ,നല്ല മകനെയാണ്.
അത് അദ്ദേഹവുമായി അടുത്തിടപഴകിയ എല്ലാവര്‍ക്കുമറിയാം…അല്പം മുന്‍കോപമുണ്ട് എന്നത് മാത്രമാണ് ഞാനദ്ദേഹത്തില്‍ കണ്ട ഏറ്റവും വലിയ കുറവ്.

മനസ്സില്‍ തോന്നുന്നത് അപ്പോള്‍ തന്നെ പ്രകടിപ്പിക്കുകയും പിന്നീട് അതേക്കുറിച്ചോര്‍ത്ത് വിഷമിക്കുകയും യാതൊരു മടിയും കൂടാതെ ചെറിയവരെന്നോ വലിയവരെന്നോ നോക്കാതെ ക്ഷമ ചോദിക്കുകയും ചെയ്യുന്ന ഒരു പാവം സാധാരണ മനുഷ്യന്‍. സഹോദരിയും പെണ്‍കുഞ്ഞുമുളള ജൂഡ് സത്യസന്ധമായും പെണ്‍കുട്ടികളുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ചുളള ആധിയില്‍ തന്നെയാണ് യാതൊരു പ്രതിഫലവുമില്ലാതെ സമൂഹ നന്മക്ക് വേണ്ടി ഇങ്ങനെയൊരു സിനിമ ചെയ്യാന്‍ മുന്നിട്ടിറങ്ങിയത്. ദയവായി അതിനെ വില കുറച്ച് കാണരുത്.
ജൂഡിനെ അടുത്തറിയുന്ന ഒരു സ്ത്രീയും പറയില്ല അദ്ദേഹം സ്ത്രീ വിരുദ്ധതയുളളയാളാണെന്ന്.


Dont Miss ‘അമ്മ-പെങ്ങന്മാര്‍ ഇരിക്കുന്നതിനാല്‍ കൂടുല്‍ ഒന്നും പറയുന്നില്ല’; ഐസ്‌ക്രീം കേസില്‍ വി.എസിന്റെ പരാമര്‍ശം 


മുത്തശ്ശി ഗദ എന്ന സിനിമയുടെ കഥ കേട്ട ഞാനാദ്യം അദ്ദേഹത്തോട് ചോദിച്ചത് രണ്ട് പ്രായമായ സ്ത്രീകളുടെ കഥ ജനം ആസ്വദിക്കുമോ എന്നാണ്. ഈ അവസ്ഥ നേരിടുന്ന അമ്മമാരുണ്ട് സഹോദരിമാരുണ്ട്, ചെറുപ്പക്കാര്‍ക്ക് വേണ്ടി മാത്രം സിനിമ ചെയ്താല്‍ പോരല്ലോ എന്നാണ് അദ്ദേഹം പറഞ്ഞ മറുപടി.

മേയറുടെ പോസ്റ്റില്‍ പറഞ്ഞത് പോലെ സ്ത്രീ വിരുദ്ധതയുളള ഒരാളായിരുന്നുവെങ്കില്‍ അങ്ങനെയൊരു കഥപോലും ആ മനുഷ്യന്റെ മനസ്സില്‍ തെളിയില്ല. ആ സിനിമയുമായി ബന്ധപ്പെട്ട് ഞങ്ങള്‍ ചില വൃദ്ധ സദനങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി അതിന്റെ വീഡിയോ യൂ ട്യൂബില്‍ ഒന്ന് കണ്ട് നോക്കൂ മാഡം.

വയസ്സായവരുടെ ചെറിയ ചില ആഗ്രഹം നടത്തിക്കൊടുക്കാന്‍ പോയ ഞങ്ങളോട് അവരുടെ ചില വലിയ ആഗ്രഹങ്ങളെക്കുറിച്ച് പറഞ്ഞപ്പോള്‍ ഞങ്ങള്‍ സഹപ്രവര്‍ത്തകര്‍ സാമ്പത്തികമോര്‍ത്ത് മടിച്ച് നിന്നപ്പോള്‍  അതിന് പൂര്‍ണ്ണമായും തയാറായത് ജൂഡ് എന്ന മനുഷ്യനായിരുന്നു..അങ്ങിനെ എത്രയോ ഉദാഹരണമുണ്ട് അദ്ദേഹത്തിന്റെ മനസ്സിന്റെ നന്മയെക്കുറിച്ച് പറയാന്‍..സ്ത്രീയെ അപമാനിക്കുന്ന ഒരാളെയും ന്യായീകരിക്കുന്ന ഒരാളല്ല ഞാന്‍. പക്ഷേ എനിക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കും, ജൂഡ് ഒരിക്കലും താങ്കളെ കരുതിക്കൂട്ടി അപമാനിക്കില്ല എന്ന്..അതുകൊണ്ട് തന്നെയാണ് അദ്ദേഹം ഉടനെ താങ്കളുടെ ഓഫീസില്‍ വന്ന് എല്ലാവരുടെയും മുമ്പാകെ മാപ്പ് പറയാന്‍ തയ്യാറായത്.

ചില ചെറിയ തെറ്റുകള്‍ ക്ഷമിക്കുമ്പോഴല്ലേ മാഡം നമ്മള്‍ വലിയവരാകുന്നത്…അദ്ദേഹത്തിന്റെ മുന്‍കോപം കൊണ്ടോ അറിവില്ലായ്മകൊണ്ടോ ചെയ്ത തെറ്റ് പൊറുത്ത്കൂടെ. എനിക്ക് വ്യക്തിപരമായി മാഡത്തിനെ പരിചയമില്ലാത്തത്‌കൊണ്ടാണ് ഞാനിങ്ങനെയൊരു അഭ്യര്‍ത്ഥന പോസ്റ്റ് ചെയ്യുന്നത്…നല്ലൊരു മനസ്സിനുടമയായ ജൂഡ് ആന്റ്റണി എനിക്കൊരു അനുജനാണ്. നടന്ന സംഭവത്തില്‍ അദ്ദേഹവും കുടുംബവും വേദനിക്കുന്നുണ്ട്..

We use cookies to give you the best possible experience. Learn more