| Friday, 22nd April 2022, 9:39 pm

പ്രതികാരം മഞ്ജുവിനോടാകും എന്നായിരുന്നു കരുതിയിരുന്നത്, അതിജീവിതയിലേക്കെത്തുമെന്ന് കരുതിയില്ല; സിനിമാ മേഖലയിലെ പലര്‍ക്കും പലതുമറിയാം: ഭാഗ്യലക്ഷ്മി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മഞ്ജു വാര്യര്‍ക്കെതിരായിരിക്കും ദിലീപിന്റെ ഭാഗത്തുനിന്ന് പ്രതികാര നടപടിയുണ്ടാകുകയെന്നാണ് കരുതിയിരുന്നതെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. അതിജീവിതയിലേക്ക് പ്രതികാരമെത്തുമെന്ന് കരുതിയിരുന്നില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.റിപ്പോര്‍ട്ടര്‍ ടി.വിയോടായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.

‘എന്നോട് പറഞ്ഞ കാര്യങ്ങള്‍ മഞ്ജു മുമ്പ് പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ടോയെന്ന് എനിക്കറിയില്ല. നടിയെ ആക്രമിച്ച കേസില്‍ ഞാന്‍ പറഞ്ഞത് സഹായകരമാകുമോയെന്ന് അറിയില്ല. മഞ്ജുവിനേക്കുറിച്ച് വളരെ മോശമായ ചില ശബ്ദരേഖകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് മഞ്ജു ആ സമയത്ത് എത്രമാത്രം ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ടാകുമെന്ന് ഞാന്‍ പറഞ്ഞത്. മഞ്ജു അത് പറയുന്നതുകൊണ്ട് പൊലീസിനുണ്ടാകുന്ന ഗുണത്തേക്കുറിച്ചും എനിക്ക് അറിയില്ല. എന്തൊക്കെയാണ് വരുന്നതെന്ന് നമുക്ക് നോക്കാം.

മൊബൈലില്‍ നിന്നും വരുന്ന മെസേജുകളും ശബ്ദരേഖകളും എന്തൊക്കെയാണെന്ന് അറിയില്ല. ഞാന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് മഞ്ജുവിന്റെ മൊഴിയെടുത്തത് എന്നെനിക്ക് വിശ്വാസമില്ല. അതൊക്കെ നേരത്തേ മഞ്ജു പറഞ്ഞിരിക്കാനാണ് സാധ്യത. നമ്മള്‍ തമ്മില്‍ സംസാരിച്ച ഒരു വിധമെല്ലാം പറഞ്ഞിട്ടുണ്ട് ചേച്ചീ എന്നാണ് എന്നോട് പറഞ്ഞത്.

ഞാന്‍ പറയുന്നത് സഹായകരമാകുമെങ്കില്‍ തീര്‍ച്ചയായും അത് പൊലീസുമായി പങ്കുവെയ്ക്കാന്‍ ഞാന്‍ തയ്യാറാണ്. എനിക്കതില്‍ യാതൊരു പേടിയുമില്ല. ന്യൂസ് അവര്‍ ആയതുകൊണ്ട് കുറച്ച് സ്പീഡിലാണ് ഞാന്‍ കാര്യങ്ങള്‍ പറഞ്ഞത്. യഥാര്‍ത്ഥത്തില്‍ അതിനേക്കാള്‍ കൂടുതല്‍ വിശദമായി എനിക്ക് പറയാനുണ്ടായിരുന്നു.

ദിലീപ് അന്ന് രാത്രി എന്നോട് സംസാരിച്ച വളരെ മോശമായ വാക്കുകള്‍ എന്നെ പറഞ്ഞു എന്നല്ല, മഞ്ജുവിനേക്കുറിച്ച് എന്നോട് പറഞ്ഞ വാക്കുകളൊന്നും അന്ന് ഞാന്‍ പറഞ്ഞില്ല. അത് പറയാതിരുന്നത് മറ്റൊന്നും കൊണ്ടല്ല, ഈ കേസില്‍ എത്ര മാത്രം ഉപകരിക്കും എന്നെനിക്ക് അറിയാത്തതുകൊണ്ടാണ്. കുറഞ്ഞ സമയമേ ഉണ്ടായിരുന്നൂ എന്നുള്ളത് കൊണ്ട് ചുരുക്കിയാണ് സംസാരിച്ചതും. പൊലീസ് ചോദിച്ചാല്‍ ഞാന്‍ വിശദമായി പറയും. അതില്‍ യാതൊരു മടിയും സംശയവുമില്ല.

നമ്മള്‍ സംസാരിക്കുന്നതിനും അപ്പുറത്തായിരുന്നു അന്ന് മഞ്ജു അനുഭവിച്ച അവസ്ഥ. അവരുടേത് ജോയിന്റ് അക്കൗണ്ടായിരുന്നു. അത് ഫ്രീസ് ചെയ്തു. വീട്ടിലെ വണ്ടികള്‍ ഒന്നും എടുക്കരുതെന്ന് പറഞ്ഞതിനാല്‍ മഞ്ജുവിന് കാറില്ലായിരുന്നു. ഇറങ്ങുന്നതിന് തലേന്ന് വിളിച്ചിട്ട് ഞാന്‍ ഇവിടെ നിന്നും പോകും ചേച്ചീ, കാറില്ല എന്ന് മഞ്ജു പറഞ്ഞു. മഞ്ജു വാര്യര്‍ എന്ന നടിക്ക് അല്ല ഒരു പെണ്‍കുട്ടിക്ക് ഒരു ചെറിയ ശക്തി കിട്ടുമെങ്കില്‍ അതാകട്ടെ എന്ന് കരുതിയാണ് ഒപ്പം നിന്നത്.

അതിജീവിതയാണെങ്കിലും മഞ്ജു വാര്യരാണെങ്കിലും അടിസ്ഥാനപരമായി സ്ത്രീകളാണ്. മഞ്ജു വാര്യരുമായി എനിക്ക് യാതൊരു സൗഹൃദവും ഉണ്ടായിരുന്നില്ല. അനാഥയായി നിന്നപ്പോള്‍ ഒപ്പം നില്‍ക്കാമെന്ന് അന്ന് ഞാന്‍ കരുതി. വളരെ സങ്കടകരമായ അവസ്ഥയിലാണ് മഞ്ജു അവിടെ മാസങ്ങളോളം ജീവിച്ചിരുന്നത്. പൊലീസ് ഇതുവരെ വിളിച്ചിട്ടില്ല. ഞാന്‍ വളരെ അത്ഭുതത്തോടുകൂടിയാണ് അത് കാണുന്നത്. സിനിമാ മേഖലയില്‍ നിന്നോ അല്ലാതെയോ ആരും വിളിച്ചില്ല.

ഒരു സ്ത്രീ ഒരു ബന്ധത്തില്‍ നിന്ന് ഇത് വേണ്ട എന്ന് പറഞ്ഞ് ഇറങ്ങിപ്പോകുമ്പോള്‍ ആ സ്ത്രീയേക്കുറിച്ച് ഏറ്റവും മോശമായി സംസാരിക്കുക എന്ന് പറയുന്നത് പലരുടേയും കീഴ് വഴക്കമാണ്. സ്വന്തം ജീവിതത്തിലും ഞാനിത് അനുഭവിച്ചിട്ടുണ്ട്. പറയാന്‍ പാടില്ലാത്ത പല ആരോപണങ്ങളും നിങ്ങള്‍ പറയണമെന്ന് പഠിപ്പിക്കുകയാണ് ആ ശബ്ദരേഖയില്‍. അത് കേട്ടപ്പോഴാണ് എനിക്ക് പറയാന്‍ തോന്നിയത്.

സിനിമാ മേഖലയിലെ പലര്‍ക്കും ഈ വിഷയവുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും അറിയാം. ആരും പുറത്ത് പറയില്ല. നമുക്കെന്താണ് എന്ന ചിന്താഗതിയാണ്. ഒരു പെണ്‍കുട്ടി എല്ലാവരാലും ക്രൂശിക്കപ്പെടുന്നു. സമൂഹത്തിന് മുന്നില്‍ അവള്‍ക്ക് നല്ല നിലയും വിലയുമുണ്ടെന്ന് മനസിലായിക്കഴിഞ്ഞപ്പോള്‍ അത് ഇല്ലാതെയാക്കണമെന്ന് ചിന്തയോട് ഏത് തരത്തിലുള്ള മോശം വാക്കും പ്രയോഗിക്കുകയാണ്. അതിലാണ് ഞാന്‍ മുന്നോട്ടുവന്നതും സംസാരിച്ചതും.

ഞാന്‍ വിചാരിച്ചത് അതിജീവിത ഈ അവസ്ഥയില്‍ വരുമെന്ന് അല്ലായിരുന്നു. എനിക്ക് മഞ്ജുവിനെ ഓര്‍ത്ത് നല്ല പേടിയുണ്ടായിരുന്നു. ഞാന്‍ തന്നെ പലപ്പോഴും മഞ്ജുവിനോട് പറഞ്ഞിരുന്നു, സൂക്ഷിക്കണം. കാറില്‍ പോകുമ്പോള്‍ വളരെ സൂക്ഷിക്കണമെന്ന്. എന്തോ അതി ജീവിതയ്ക്കാണ് അങ്ങനെയൊരു ദുര്യോഗം വന്നത്. ഞാന്‍ മഞ്ജുവിനെയാണ് ആദ്യം ഉപദേശിച്ചത്, വളരെ സൂക്ഷിക്കണം. ഒറ്റയ്ക്ക് കാറില്‍ സഞ്ചരിക്കരുത്. കഴിയുന്നതും ഒറ്റയ്ക്ക് എവിടേയും പോകാതിരിക്കുക. ആരെങ്കിലും ഉണ്ടാകണം. ടാക്സിയില്‍ പോകരുത്, എന്നെല്ലാം. അങ്ങനെയൊക്കെ സംഭവിക്കുമോ ചേച്ചീ, എന്ന് എന്നോട് മഞ്ജു ചോദിച്ചു. അങ്ങനെയല്ല, നമുക്കറിയില്ല, എന്നാലും ഒന്ന് സൂക്ഷിച്ചോളൂ എന്ന് ഞാന്‍ പറഞ്ഞു.

ഇത്തരം കാര്യങ്ങള്‍ എന്റെ ജീവിത്തില്‍ അനുഭവിച്ചതുകൊണ്ടാണ് ഞാന്‍ പറഞ്ഞത്. അപകടങ്ങളുണ്ടാകാതെ സൂക്ഷിക്കണം, നീയൊരു ഡാന്‍സറാണ് എന്ന് പറഞ്ഞിരുന്നു. അന്ന് മഞ്ജുവിന് അഭിനയിക്കാന്‍ വരാന്‍ ഉദ്ദേശ്യമില്ലായിരുന്നു. പിന്നെയാണ് മഞ്ജുവിന്റെ ജീവിതം മാറി മറിയുന്നത്, പരസ്യങ്ങളിലൂടെ വീണ്ടും വരുന്നത്. ആ സമയത്തൊക്കെ എനിക്കൊരു ഭയമുണ്ടായിരുന്നു. പക്ഷെ, അതൊരിക്കലും അതിജീവിതയിലേക്ക് തിരിയുമെന്ന് വിചാരിച്ചില്ല.

അതിജീവിത എന്നോട് പറഞ്ഞിരുന്നു, കുറേ സിനിമകളില്‍ നിന്ന് മാറ്റുന്നുണ്ട്. ഇന്‍ഡസ്ട്രിയില്‍ നിന്ന് വല്ലാതെ മാറ്റുന്നുണ്ടെന്ന്. ഒരുപാട് സിനിമകളില്‍ നിന്ന് എന്നെ ഒഴിവാക്കി ചേച്ചീ എന്ന്. ദിലീപ് സിനിമകള്‍ ഒഴിവാക്കി. ദിലീപ് പലരോടും പറഞ്ഞ്, പല സംവിധായകരേയും ഭീഷണിപ്പെടുത്തി,’ ഭാഗ്യലക്ഷ്മി പറഞ്ഞു.

Content Highlights: Bhagyalakshmi says about Manju Warrier and Bhavana

We use cookies to give you the best possible experience. Learn more