മദ്രാസില്‍ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്തിരുന്ന സമയത്തെ അനുഭവം പറയുകയാണ് ഭാഗ്യലക്ഷ്മി. ഏത് സമയത്ത് ജോലി കഴിഞ്ഞ് വരുമ്പോഴും മദ്രാസിലുള്ളവര്‍ സംശയത്തില്‍ നോക്കിയിരുന്നില്ലെന്നും എന്നാല്‍ കേരളത്തില്‍ അങ്ങനെയല്ലെന്നുമാണ് ഭാഗ്യലക്ഷ്മി പറയുന്നത്.
‘കോടമ്പാക്കത്ത് താമസിച്ചിരുന്നപ്പോള്‍ തൊട്ടടുത്തുള്ള മസൂതി സ്ട്രീറ്റിലൂടെയായിരുന്നു മെയിന്‍ റോട്ടിലേക്ക് കയറിയിരുന്നത്. ആ സ്ട്രീറ്റിലായിരുന്നു മിക്ക സിനിമകളിലും അഭിനയിക്കുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ താമസിച്ചിരുന്നത്. ആ വഴി പോവുമ്പോള്‍ അവര്‍ മുറ്റമടിക്കുന്നതും പല്ല് തേക്കുന്നതുമൊക്കെ കാണാമായിരുന്നു.
സിനിമയില്‍ വലിയ സ്ഥാനമില്ലാത്ത ആളുകളാണെന്ന് പറഞ്ഞ് അവിടെയാരും അവരെ പരിഹസിക്കുന്നതോ വിമര്‍ശിക്കുന്നതോ കണ്ടിട്ടില്ല. ഞാന്‍ താമസിച്ചിരുന്ന സ്ഥലത്തും പലതരത്തിലുള്ള ആളുകള്‍ ഉണ്ടായിരുന്നു. ഒരാള്‍ കാബ്ര ഡാന്‍സറായിരുന്നു, ഒരാള്‍ ഐ.എസ്.ആര്‍.ഒ. ഉദ്യാഗസ്ഥനായിരുന്നു, ഒരാള്‍ കളക്ട്രേറ്റിലെ ഉദ്യോഗസ്ഥനായിരുന്നു, ഒരാള്‍ പൂജാരിയായിരുന്നു.
എന്നാല്‍ നമ്മളാരും കാബ്ര ഡാന്‍സറുടെ കൂടെ താമസിക്കില്ലെന്ന് പറഞ്ഞിട്ടില്ല. അവിടെ ആരെന്ത് ചെയ്താലും അത് മറ്റുള്ളവരുടെ വിഷയമല്ല. കാബ്ര ഡാന്‍സര്‍ രാത്രി ഡാന്‍സ് കളിക്കാന്‍ പോവുമ്പോള്‍ അവരുടെ കുഞ്ഞിനെ ഞങ്ങളെല്ലാവരും മാറിമാറിയാണ് നോക്കിക്കൊണ്ടിരുന്നത്. നമ്മുടെ കേരളത്തില്‍ അത് ചിന്തിക്കാന്‍ പറ്റുമോ, അവര്‍ക്ക് വീട് കൊടുക്കില്ലെന്ന് മാത്രമല്ല, അവരെ പുച്ഛിച്ച് ദ്രോഹിക്കും ഇവിടുത്തെ സദാചാര വാദികള്‍,’ ഭാഗ്യലക്ഷ്മി പറയുന്നു.