യുവ തുർക്കി എന്ന ചിത്രത്തിനായി ഡബ്ബ് ചെയ്തപ്പോൾ തനിക്ക് നായിക ഫൈറ്റ് ചെയ്യുന്നപോലെ ചെയ്യേണ്ടി വന്നെന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. തനിക്കതൊരു വെല്ലുവിളി ഉയർത്തുന്ന കഥാപാത്രം ആയി തോന്നിയെന്നും ഡബ്ബ് ചെയ്തപ്പോൾ നാണം തോന്നിയെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. മൈൽസ്റ്റോൺമേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി.
‘യുവ തുർക്കിയിൽ ഞാൻ ഡബ്ബ് ചെയ്തത് വിജയ ശാന്തിക്കാണ്. അത് ഫൈറ്റ് ചെയ്യുന്ന കഥാപാത്രം ആണ്. അതിന് മുൻപ് അങ്ങനെ ഒരു കഥാപാത്രം ഞാൻ ചെയ്തിട്ടില്ല. അതെനിക്ക് വെല്ലുവിളിയുയർത്തുന്ന വർക്കായിരുന്നു. എനിക്കും കഥാപാത്രം ചെയ്യുന്നതുപോലെയൊക്കെ ചെയ്യേണ്ടി വന്നു.
അബു സലീമിനെ കാല് പൊക്കി ചവിട്ടുന്ന രംഗം ഉണ്ട്. കാല് ഏകദേശം താടിയുടെ അടുത്ത് വരെ ചെല്ലുന്ന രീതിയിലാണ് നിന്നിരുന്നത്. അന്ന് അത് ഡബ്ബ് ചെയ്തപ്പോൾ ഞാനും കാല് പൊക്കി ചവിട്ടുന്ന പോലെ മൈക്കിന് മുന്നിൽ നിന്നു. അത് കണ്ട് എല്ലാവരും ചിരിച്ചു. പണ്ടൊക്കെ ആരെങ്കിലും ഡബ്ബ് ചെയ്യുമ്പോൾ അടുത്ത് നിന്നാൽ ഭയങ്കര നാണം ആയിരുന്നു. ഇവരൊക്കെ കേൾക്കില്ലേ, അല്ലെങ്കിൽ ഞാൻ ചെയ്യുന്നതൊക്കെ ഇവർ കാണില്ലേ എന്ന ചിന്തകൾ വരും. കുറെ കഴിഞ്ഞപ്പോൾ അതൊക്കെ മാറി. നമ്മളൊക്കെ ആർട്ടിസ്റ്റ് അല്ലേ.
ഇടിക്കുന്ന രംഗങ്ങൾ ഒക്കെ ഡബ്ബ് ചെയ്തപ്പോൾ ഭദ്രേട്ടൻ പറഞ്ഞു, ഭാഗ്യ നീ അവരെയാണ് ഇടിക്കുന്നത് അവർ നിന്നെയല്ലെന്ന്. ഒരിക്കലും നിനക്ക് വേദനയുണ്ടെന്ന് കാണിക്കരുത്, ആ സീനിൽ വിജയ ശാന്തിക്ക് വേദനയില്ല എന്നൊക്കെ അദ്ദേഹം പറഞ്ഞുതന്നു. അങ്ങനെയൊക്കെ ഒത്തിരി പഠിക്കാൻ പറ്റി.
അതുപോലേ തന്നെയാണ് സ്ഫടികം എന്ന ചിത്രത്തിൽ മദ്യപിക്കുന്ന രംഗം ഡബ്ബ് ചെയ്തപ്പോൾ ഒരു കുപ്പി വെള്ളം ഞാൻ ചോദിച്ചു. ഡബ്ബ് ചെയ്യുമ്പോൾ അവിടെ സംവിധായകൻ ഭദ്രേട്ടൻ ഉണ്ടായിരുന്നു. ഉരു കുപ്പി വെള്ളം കിട്ടിയാൽ ഞാൻ വേണമെങ്കിൽ എഫക്റ്റ് ഇട്ട് കൊടുക്കാം എന്ന് പുള്ളിയോട് പറഞ്ഞു.
പുള്ളി ഒരു പ്ലാസ്റ്റിക് കുപ്പി കൊണ്ടുവന്നു. കള്ള് കിട്ടുന്നത് പൊട്ടുന്ന കുപ്പിയല്ലേ, അത് കൊണ്ടുവരാൻ ഞാൻ പറഞ്ഞു. കാരണം ഈ രണ്ട് കുപ്പികളിലും വെള്ളം അങ്ങോട്ടുമിങ്ങോട്ടും നീങ്ങുമ്പോൾ ഉണ്ടാകുന്ന ശബ്ദം വേറെയാണ്. അങ്ങനെ ചില്ലുകുപ്പിയിൽ വെള്ളം നിറച്ചാണ് അന്ന് ആ ഷോട്ട് ചെയ്തത്. അതൊക്കെ ചെയ്തപ്പോൾ നല്ല ഹരം ഉണ്ടായിരുന്നു,’ ഭാഗ്യലക്ഷ്മി പറഞ്ഞു.
Content Highlights: Bhagyalakshmi on Spadikam movie and Yuvathurki movie