| Friday, 19th May 2017, 12:30 pm

വിമന്‍ ഇന്‍ സിനിമാ കളക്ടീവില്‍ നിന്നും ഒഴിവാക്കിയതിന് പിന്നില്‍ രാഷ്ട്രീയമെന്ന് ഭാഗ്യലക്ഷ്മി: സംഘടനയുമായി സഹകരിക്കില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വിമന്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന സംഘടന രൂപീകരണത്തില്‍ തന്നെ ഒഴിവാക്കിയെന്ന ആരോപണവുമായി ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി.

സംഘടനയുടെ തുടക്കത്തില്‍ താനുമായി ചര്‍ച്ച നടത്തിയിരുന്നെന്നും എന്നാല്‍ പിന്നീടുള്ള ചര്‍ച്ചകളോ സംഘടനാ രൂപീകരണമോ താന്‍ അറിഞ്ഞില്ലെന്നും ഭാഗ്യലക്ഷ്മി പറയുന്നു. സൗത്ത് ലൈവിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.

സംഘടന രൂപീകരിച്ചതായും മുഖ്യമന്ത്രിയെ സന്ദര്‍ശിക്കുന്നതായും മാധ്യമങ്ങള്‍ വഴിയാണ് താന്‍ അറിഞ്ഞത്. തുടക്കത്തില്‍ ഇതിന്റെ ഭാഗമായിരുന്നു തന്നെ എന്തുകൊണ്ടാണ് ഒഴിവാക്കിയതെന്ന് അറിയില്ലെന്നും ഭാഗ്യലക്ഷ്മി പറയുന്നു.


Also Read കോട്ടയം ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി തെരഞ്ഞെടുപ്പ്: സി.പി.ഐ.എം പിന്തുണയോടെ കേരള കോണ്‍ഗ്രസിന് വിജയം


സംഘടനയെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രിയെ കാണാന്‍ ദൂരസ്ഥലങ്ങളില്‍ നിന്നാണ് പലരും തിരുവനന്തപുരത്ത് എത്തിയത്. എന്നിട്ടും തൊട്ടടുത്തുണ്ടായിരുന്ന തന്നോട് മുഖ്യമന്ത്രിയെ സന്ദര്‍ശിക്കുന്ന കാര്യവും സംഘടനാ രൂപീകരണവും പറഞ്ഞില്ല.

തന്നോട് അടുപ്പമുള്ളവരുമാണ് ഈ സംഘടനയുടെ ഭാഗമായവരെല്ലാം, അതു കൊണ്ട് തന്നെ ഇത്തമൊരു നല്ല ശ്രമം ഉണ്ടായപ്പോള്‍ അതിന്റെ ആരംഭഘട്ടത്തില്‍ ചര്‍ച്ചകളിലൊക്കെ ഭാഗഭാക്കായ താന്‍ ഒഴിവാക്കപ്പെട്ടെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

“രാഷ്ട്രീയ കാരണത്താല്‍ ആവാം എന്നെ സംഘടനയില്‍ നിന്ന് മാറ്റിനിര്‍ത്തിയതെന്ന് തോന്നിയിട്ടില്ല. പക്ഷേ എന്നെയും പാര്‍വതിയെയും ഒഴിവാക്കിയതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ടോ എന്ന് പലരും ചോദിക്കുമ്പോള്‍ അത്തരമൊരു സംശയം എനിക്കുമുണ്ട്.
സംഘടന രൂപീകരിച്ച ശേഷവും മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച ശേഷവും വിമന്‍ ഇന്‍ സിനിമാ കളക്ടീവുമായി ബന്ധപ്പെട്ട ആരും എന്നെ വിളിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. എന്നെ ഒഴിവാക്കിയതിന് കാരണം ഇതു വരെ ആരും വ്യക്തമാക്കിയിട്ടില്ല.
അതുകൊണ്ട് തന്നെ മാറ്റിനിര്‍ത്തിയതിന് എന്ത് കൊണ്ടാണ് എന്ന് ബോധ്യപ്പെട്ട ശേഷമേ സംഘടനയുമായി സഹകരിക്കേണ്ടതുള്ളൂ എന്നാണ് തീരുമാനം”- ഭാഗ്യലക്ഷ്മി പറയുന്നു.


Dont Miss ഷിംല മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്നും സി.പി.ഐ.എമ്മിന്റെ മികച്ച ഭരണ മാതൃക: അഞ്ചുവര്‍ഷത്തിനിടെ പരിഹാരമുണ്ടാക്കിയത് ഒട്ടേറെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക്


അതേസമയം ചാനല്‍ വാര്‍ത്ത കണ്ടാണ് ഇത്തരമൊരു സംഘടനയെക്കുറിച്ച് അറിഞ്ഞതെന്ന് മാലാ പാര്‍വതി പ്രതികരിച്ചു. ഒരു പാട് പേര്‍ വിമന്‍സ് കളക്ടീവ് സംഘടന തുടങ്ങിയതിന് തന്നെ അഭിനന്ദനം അറിയിക്കുന്നുണ്ടെന്നും ആ അഭിനന്ദനത്തിന് താന്‍ അര്‍ഹയല്ലെന്നും പാര്‍വതി പറയുന്നു.

അതേസമയം വടക്കാഞ്ചേരി പീഡനക്കേസിലുള്‍പ്പെടെ സര്‍ക്കാര്‍ വിരുദ്ധ നിലപാട് കൈക്കൊണ്ടതാണ് ഭാഗ്യലക്ഷ്മിയേയും പാര്‍വതിയേയും സംഘടനയില്‍ നിന്നും മാറ്റിയതെന്ന ആരോപണവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

വടക്കാഞ്ചേരി പീഡന ആരോപണത്തിലെ ഇരയെ കാണാന്‍ മുഖ്യമന്ത്രി തയ്യാറായില്ലെന്ന ഭാഗ്യലക്ഷ്മിയുടെ പ്രസ്താവന ഏറെ വിവാദവുമായിരുന്നു. പിന്നീട് സി.പി.ഐ.എം നേതൃത്വത്തിലുള്ള പൊതുപരിപാടികളില്‍ നിന്ന് ബോധപൂര്‍വ്വം തന്നെ മാറ്റിനിര്‍ത്തുന്നതായും ഭാഗ്യലക്ഷ്മി ആരോപിച്ചിരുന്നു. പിണറായി സര്‍ക്കാരില്‍ നൂറ് ശതമാനം നിരാശയാണെന്ന് മലയാളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഭാഗ്യലക്ഷ്മി പറഞ്ഞതും ചര്‍ച്ചയായിരുന്നു.

We use cookies to give you the best possible experience. Learn more