ദിലീപിനെ ജയിലില്‍ പോയി കാണാന്‍ ആഗ്രഹമുള്ള പല നടിമാര്‍ക്കും കാണും; പോകാത്തത് ഭയംകൊണ്ട്; വിമര്‍ശനവുമായി ഭാഗ്യലക്ഷ്മി
Daily News
ദിലീപിനെ ജയിലില്‍ പോയി കാണാന്‍ ആഗ്രഹമുള്ള പല നടിമാര്‍ക്കും കാണും; പോകാത്തത് ഭയംകൊണ്ട്; വിമര്‍ശനവുമായി ഭാഗ്യലക്ഷ്മി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th September 2017, 9:46 am

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ സിനിമാ മേഖലയില്‍ നിന്ന് ആളുകള്‍ ജയിലിലെത്തിയ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി.

ആര്‍ക്കോ വേണ്ടി ദിലീപിനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കുന്നതുപോലെ കാണിച്ച് പിന്നില്‍ നിന്ന് പിന്തുണയ്ക്കുകയാണ് ഇവരെല്ലാമെന്നും കണ്ണും കാതുമൊന്നുമില്ലാത്ത സമൂഹത്തോട് പ്രതികരിച്ചിട്ട് എന്താണ് കാര്യമെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു.

അമ്മ സംഘടനയുടെ വൈസ് പ്രസിഡന്റ് ഗണേഷ്‌കുമാര്‍ ദിലീപിനെ കാണാന്‍ പോയി. ഒരു ജനപ്രതിനിധി തന്റെ സുഹൃത്തിന് വേണ്ടി ഒരു പെണ്‍കുട്ടിയെ മോശമായി ചിത്രീകരിക്കുമ്പോള്‍ പ്രതികരിക്കേണ്ടത് സമൂഹമാണ്.

ഇദ്ദേഹത്തെയൊക്കെ വോട്ട് ചെയ്ത് വിജയിപ്പിച്ചത് ജനങ്ങളല്ലേ. ഇങ്ങനെയൊരാള്‍ എങ്ങനെയാണ് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നത്. ജനപ്രതിനിധി വ്യക്തിക്ക് വേണ്ടിയല്ല സംസാരിക്കേണ്ടത്. വിഷയത്തിന് വേണ്ടിയാണെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

എനിക്ക് ഒരാശ്വാസമുണ്ട്, നടിമാരൊന്നും ജയിലില്‍ പോയി ദിലീപിനെ കണ്ടില്ലല്ലോ എന്ന്. അവരിലും പോകണമെന്ന് ആഗ്രഹമുള്ളവരുണ്ടാകും. അവര്‍ ജയിലിനെ പേടിച്ചായിരിക്കും പോകാതിരുന്നത്. അതുകൊണ്ടാണല്ലോ അമ്മയുടെ യോഗത്തില്‍ ഇവര്‍ മിണ്ടാതിരുന്നതെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു.

ദിലീപിനെ കാണാന്‍ ജയിലില്‍ പോയവരെല്ലാം എല്ലാ ഓണത്തിനും ഒത്തുകൂടുന്നവരാണോ? പരസ്പരം ഓണക്കോടി കൈമാറാറുണ്ടോ. ഉണ്ടെങ്കില്‍ അതെല്ലാം വാര്‍ത്തയാകുമായിരുന്നില്ലേ? ഇവരെല്ലാം മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ തന്നെയാണ്.

ദിലീപിനെ കാണാന്‍ പോയവരൊന്നും ആ പെണ്‍കുട്ടിയെ കാണാന്‍ പോകാതിരുന്നതെന്തുകൊണ്ടാണ്?.അവളുടെ അടുത്ത് ഓണക്കോടിയുമായി പോയി നിന്നോടൊപ്പം ഞങ്ങളുണ്ട് എന്ന് പറഞ്ഞുകൂടെയെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു.

എന്നെക്കാണാന്‍ ആരും വന്നില്ലെന്നും എന്റെ ജീവിതത്തിലെ ഏറ്റവും ദു:ഖകരമായ ഓണമായിരുന്നു ഈ കഴിഞ്ഞുപോയതെന്നും അവള്‍ പറഞ്ഞത് ആരും കേട്ടില്ലേ? സഹതാപ തരംഗം സൃഷ്ടിച്ച് ഇവര്‍ ദിലീപിനെ പിന്തുണയ്ക്കുമ്പോള്‍ അതെല്ലാം ദിലീപിനെതിരായി വരുമെന്ന് അവര്‍ അറിയുന്നില്ല. അയാള്‍ അഗ്‌നിശുദ്ധി വരുത്തി തിരിച്ചുവരുമെന്ന് ആരും പറയാത്തതെന്താണ്.?

ഞങ്ങള്‍ ന്യൂനപക്ഷമായ സ്ത്രീ സമൂഹം അവളോടൊപ്പമുണ്ട്. അതിന് ഒരു ഓണക്കോടിയുടേയും ആവശ്യമില്ല. ഞങ്ങള്‍ അവളോടൊപ്പമുണ്ടെന്നും അവള്‍ക്കുമറിയാം, ഞങ്ങള്‍ക്കുമറിയാം. അതിന് ബോധിപ്പിക്കേണ്ട കാര്യമില്ലെന്നും അവള്‍ക്ക് നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. മനോരമ ന്യൂസ് ഡോട്ട് കോമിനോട് പ്രിതികരിക്കുകയായിരുന്നു അവര്‍.