തിരുവനന്തപുരം: ഏഷ്യാനെറ്റ് വാര്‍ത്താ അവതാരകന്‍ വിനു വി ജോണിനെ തെറിവിളിച്ചുകൊണ്ടുള്ള ചിലച്ചിത്ര താരം അനിത നായരെ വിമര്‍ശിച്ചുകൊണ്ട് ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്ത്. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു ഭാഗ്യലക്ഷ്മിയുടെ വിമര്‍ശനം.
അനിതയുടെ ഒരു വീഡിയോ ഫേസ്ബുക്കിലൂടെ കണ്ടെന്നും അതുകൊണ്ടാണ് ഇങ്ങനെയൊരു വീഡിയോ ഇടാന്‍ തീരുമാനിച്ചതെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
“”ഞാന്‍ പറയുന്നത് അനിതയ്ക്ക് ഇഷ്ടപ്പെടുമോ എന്നറിയില്ല. നിവൃത്തിയില്ലാത്തതുകൊണ്ടാണ് പറയുന്നത്. അനിത ഏഷ്യാനെറ്റിലെ വിനുവിനെ വിമര്‍ശിച്ചുകൊണ്ടാണ് വീഡിയോ ഇട്ടത്. യഥാര്‍ത്ഥത്തില്‍ അതൊരു വിമര്‍ശനമാണോ എന്ന് അനിത ചിന്തിക്കണം. ദിലീപ് എന്ന നടനോടുള്ള ഇഷ്ടംകൊണ്ടായിരിക്കാം അങ്ങനെയൊരു വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ദിലീപിന് ഏറ്റവും വലിയ ദ്രോഹമാണ് അനിത ചെയ്തിരിക്കുന്നത്.
ഒരുപക്ഷേ ദിലീപേട്ടന്‍ തെറ്റു ചെയ്തിട്ടുണ്ടാകാം. അദ്ദേഹത്തിന് അല്പം സമയം കൊടുക്കൂ. എന്നാണ് അനിത പറയുന്നത്. പക്ഷേ ഞങ്ങളാരും ഇപ്പോഴും ദിലീപ് തെറ്റുചെയ്തു എന്ന് വിശ്വസിക്കുന്നില്ല. അന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്ന അവസ്ഥയില്‍ അനിത തന്നെ പറയുന്നു. ദിലീപേട്ടന്‍ തെറ്റു ചെയ്തു. അദ്ദേഹത്തിന് അല്പം സമയം കൊടുക്കൂ. എന്ന് അത് പോട്ടെ അതില്‍ ചിലപ്പോള്‍ അനിതയ്ക്ക് അനിതയുടേതായ ന്യായീകരണങ്ങള്‍ കാണും. – ഭാഗ്യലക്ഷ്മി പറയുന്നു.
വിനുവിനെ വിമര്‍ശിച്ചുകൊണ്ടുള്ള അനിതയുടെ ഭാഷക്കെതിരെയും ഭാഗ്യലക്ഷ്മി രംഗത്തെത്തി. ഒരാളെ വിമര്‍ശിക്കുകയാണെങ്കില്‍ അത് നല്ല വാക്കുകള്‍ കൊണ്ടുവേണമെന്ന് ഭാഗ്യലക്ഷ്മി പറയുന്നു.
അടുത്തിടെ അനിത ലക്ഷ്മി നായരെ മോശമായി അസഭ്യം പറയുന്ന വീഡിയോ കണ്ടു. അവിടെ നടന്നത് എന്താണെന്ന് അനിതയ്ക്ക് മാത്രമേ അറിയൂ. എന്നാല്‍ അനിത അവിടെ അസഭ്യം പറയുന്നതോടെ അവിടെ ചീത്തയാകുന്നത് അനിത മാത്രമാണ്. ലക്ഷ്മി നായര്‍ ചിരിച്ച് അനിത പറയുന്നത് കേട്ടുകൊണ്ട് നില്‍ക്കുകയാണ്. അനിത വിചാരിക്കും ആളുകള്‍ ഇത് കേട്ട് ലക്ഷ്മിയെ തെറിവിളിക്കുന്നുണ്ടാകാം എന്നാണ്. എന്നാല്‍
ഭൂരിപക്ഷം ആളുകളും അനിതയുടെ സംസ്‌ക്കാരത്തെയും ഭാഷയേയുമാണ് തെറിവിളിക്കുന്നത്.
അതുകൊണ്ട് തന്നെ വിമര്‍ശിക്കാന്‍ ഭാഷ പ്രധാനമാണ്. അസഭ്യം പറയരുത്. സ്ത്രീകള്‍ ഇങ്ങനെ അസഭ്യം പറയുന്നത് നല്ല പ്രവണതയല്ല.
വിനു എന്ന വാര്‍ത്ത വായിക്കുന്ന ആള്‍ അദ്ദേഹത്തിന്റെ ജോലിയാണ് ചെയ്യുന്നത്. അതിനുത്തരം പറയേണ്ടത് ചാനല്‍ മേധാവിയാണ്.
വിനുവിന്റെ നിലപാടുകള്‍ തെറ്റാണെങ്കില്‍ ആദ്യം ഖണ്ഡിക്കേണ്ടത് ചാനല്‍ മേധാവിയാണ്. അതിന് എങ്ങനെ വിനുവിനെ കുറ്റംപറയാന്‍ കഴിയും. വിനുവിനെ നമുക്ക് വിമര്‍ശിക്കുകയും കുറ്റംപറയുകയും ചെയ്യാം. വിനു പരിധിവിട്ടായിരിക്കാം സംസാരിച്ചത്. അതിനോട് എല്ലേവരെയും പോലെ ഞാനും യോജിക്കുന്നു. പക്ഷേ അതിനൊന്നും ഇതല്ല ഭാഷ. താനൊരു ആണാണോ എന്ന ചോദ്യം. താന്‍ വീട്ടില്‍ പോയിരിക്ക് അല്ലെങ്കില്‍ തന്റെ ഭാര്യ ആരുടേയെങ്കിലും കൂടെ ഒളിച്ചോടുമെന്ന് പറയുന്നത്. ഒരു സ്ത്രീ തന്നെ മറ്റൊരു സ്ത്രീയെ അപമാനിക്കുകയാണ്. നമ്മള്‍ സ്ത്രീകളെ എങ്ങനെ സംരക്ഷിക്കാം എന്ന് ആലോലിച്ചിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു സ്ത്രീ തന്നെ എന്റെ സംസ്‌ക്കാരം ഇതാണ് എന്ന് പറഞ്ഞുകൊണ്ട് മോശമായ ഭാഷയില്‍ സംസാരിക്കുന്നു.
വീഡിയോയുടെ താഴെ നിങ്ങളെ ഓരോരുത്തര്‍ പരാമര്‍ശിക്കുന്ന വാക്ക് കേള്‍ക്കുമ്പോള്‍ ലജ്ജ എന്നതിനപ്പുറം സങ്കടമാണ് തോന്നുന്നു. അതുകൊണ്ട് തന്നെ സഭ്യമായ ഭാഷയില്‍ സംസ്‌ക്കാരത്തോടെ വിമര്‍ശിക്കൂ. അതിന് അന്തസോടെ പ്രതികരിക്കൂ.
നിങ്ങള്‍ സഭ്യമായ ഭാഷയില്‍ വിനുവിനെ വിമര്‍ശിച്ചിരുന്നെങ്കില്‍ ഞങ്ങളെല്ലാവരും നിങ്ങളുടെ കൂടെ നില്‍ക്കുമായിരുന്നു. നമ്മുടെ സിനിമാലോകത്തെ പൊതുസമൂഹത്തിന് മുന്നില്‍ മോശമാക്കരുത്. അതിന് വേണ്ടി ഇനിയെങ്കിലും നിങ്ങള്‍ നിങ്ങളുടെ ഭാഷ സൂക്ഷിച്ച് കൈകാര്യം ചെയ്യണം എന്ന അഭ്യര്‍ത്ഥനയാണ് എനിക്ക് പങ്കുവെക്കാനുള്ളത്. ഞാന്‍ ഇങ്ങനെ വീഡിയോ ഇട്ടു എന്നതിന്റെ പേരില്‍ എന്നെ തെറിയൊന്നും വിളിക്കരുത്. ഇത് ആരോഗ്യപരമായ വിമര്‍ശനമായി അനിത കരുതും എന്ന് ഞാന്‍ വിശ്വസിക്കുന്നു. – ഭാഗ്യലക്ഷ്മി വീഡിയോയില്‍ പറയുന്നു.