തിരുവനന്തപുരം: തനിക്കെതിരായ അരോപണത്തില്‍ ജനപ്രതിനിധികൂടിയായ മുകേഷ് മറുപടി പറയാന്‍ ബാധ്യസ്ഥനാണെന്ന് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. മുകേഷിന് എതിരായ ആരോപണത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തുടര്‍ച്ചയായി പുറത്തുവരുന്ന വെളിപ്പെടുത്തലുകള്‍ സ്വാഗതം ചെയ്യുന്നെന്നും ഇത്തരം ആള്‍ക്കാര്‍ക്കെതിരെ താന്‍ ശക്തമായി നടപടി മുമ്പേ സ്വീകരിച്ചിട്ടുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
സംഭവത്തിന്റെ യാഥാര്‍ത്ഥ്യമെന്തെന്ന് മുകേഷ് വ്യക്തമാക്കണമെന്നും “എന്ത് തുറന്നു പറച്ചില്‍ നടത്തിയാലും പെണ്ണ് നുണ പറയുന്നു, ഇല്ലാക്കഥ പറയുന്നു എന്നാണ് പൊതുവെ പറയുന്നത്. ഈ സാഹചര്യത്തില്‍ മുകേഷ് തന്നെ പറയട്ടെ എന്താണ് സംഭവിച്ചതെന്നെന്നും” ഭാഗ്യലക്ഷ്മി പറഞ്ഞു.
Also Read പെണ്‍കുട്ടിയെ അറിയില്ല, ഓര്‍മ്മ പോലുമില്ല; മീ ടുവില്‍ വിശദീകരണവുമായി മുകേഷ്
കാസ്റ്റിങ് ഡയറക്ടറായ ടെസ് ജോസഫ് എന്ന യുവതിയാണ് മുകേഷ് മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തിയത്. സംഭവം നടന്നത് 19 വര്‍ഷം മുമ്പത്തെ കോടീശ്വരന്‍ പരിപാടിക്കിടെയാണെന്നും അന്ന് തനിക്ക് 20 വയസായിരുന്നുവെന്നും ടെസ് ജോസഫ് പറയുന്നു.
താന്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലെ ഫോണില്‍ വിളിച്ചു മുകേഷിന്റെ തൊട്ടടുത്ത മുറിയിലേക്ക് മാറ്റിയെന്ന് ടെസ് പറയുന്നു. പുരുഷന്മാരുടെ ക്രൂവില്‍ താന്‍ മാത്രമായിരുന്നു ഏക പെണ്‍ സാങ്കേതിക പ്രവര്‍ത്തകയെന്നും അന്ന് താന്‍ തങ്ങിയിരുന്ന ചെന്നൈയിലെ ലെ മെറിഡിയന്‍ ഹോട്ടല്‍ ഇവര്‍ക്കായി ഒത്താശ ചെയ്തിരുന്നുവെന്നും ടെസ്സ് ആരോപിച്ചിരുന്നു.