| Thursday, 20th July 2023, 4:11 pm

ഉര്‍വശിക്ക് വേണ്ടി ആ സിനിമയില്‍ കള്ളുകുടിക്കുന്ന സീന്‍ ഡബ്ബ് ചെയ്തത് കുപ്പി ഉപയോഗിച്ചായിരുന്നു: ഭാഗ്യലക്ഷ്മി

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്ഫടികമെന്ന സിനിമയില്‍ ഉര്‍വശിക്ക് വേണ്ടി കള്ളുകുടിക്കുന്ന സീന്‍ താന്‍ ഡബ്ബ് ചെയ്തത് കുപ്പി ഉപയോഗിച്ചുകൊണ്ടായിരുന്നെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. യുവ തുര്‍ക്കിയെന്ന സിനിമയിലാണ് ഫൈറ്റ് ചെയ്യുന്ന കഥാപാത്രത്തിന് വേണ്ടി ആദ്യമായി ഡബ്ബ് ചെയ്തതെന്നും അത് വളരെ ചലഞ്ചിങ് ആയിരുന്നെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി.

‘സ്ഫടികമെന്ന സിനിമയില്‍ ഉര്‍വശിക്ക് വേണ്ടി കള്ളുകുടിക്കുന്ന സീന്‍ ഡബ്ബ് ചെയ്തത് കുപ്പി ഉപയോഗിച്ചിട്ടായിരുന്നു. പൊട്ടുന്ന കുപ്പിയില്‍ വെള്ളം നിറച്ചിട്ടായിരുന്നു ഞാനത് ഡബ്ബ് ചെയ്തത്. അതൊക്കെ ചെയ്യുമ്പോള്‍ മൈക്കിന് മുമ്പില്‍ നില്‍ക്കുമ്പോള്‍ ഒരു ഹരം കയറും. അങ്ങനെ ചെയ്യണം, ഇങ്ങനെ ചെയ്യണം എന്നൊക്കെ തോന്നും.

യുവ തുര്‍ക്കിയൊക്കെ ഡബ്ബ് ചെയ്യുന്ന സമയത്ത് ഞാന്‍ ആദ്യമായിട്ടായിരുന്നു ഫൈറ്റ് ചെയ്യുന്ന ഒരു ക്യാരക്ടറിന് വേണ്ടി ഡബ്ബ് ചെയ്യുന്നത്. അത് ചെയ്യുമ്പോള്‍ വളരെ ചലഞ്ചിങ് ആയിരുന്നു. പുറത്തിറങ്ങുമ്പോള്‍ എന്തോ ഡയലോഗ് പറഞ്ഞിട്ട് അബു സലീമിനെ ചവിട്ടുന്ന സീനാണ്. കാല്‍ പൊക്കിയാണ് ചവിട്ടുന്നത്. ഫ്പ പട്ടിയെന്ന് പറഞ്ഞ് ചവിട്ടുന്ന സീനില്‍ ശരിക്കും മൈക്കിന്റെ മുന്നില്‍ നിന്ന് കാല്‍ പൊക്കിയിട്ടാണ് ഡബ്ബ് ചെയ്യുന്നത്. എല്ലാവരും അത് കണ്ട് ചിരിക്കും. പണ്ടൊക്കെ ആരെങ്കിലുമൊക്കെ അടുത്ത് നില്‍ക്കുമ്പോള്‍ എനിക്ക് ഭയങ്കര നാണമായിരുന്നു. ഇവരൊക്കെ കാണില്ലേ, കേള്‍ക്കില്ലേ എന്ന നാണമൊക്കെ ഉണ്ടായിരുന്നു അന്ന്.

ആദ്യം ഇടിക്കുന്ന ശബ്ദമൊക്കെ കൊടുക്കുമ്പോള്‍ അയാള്‍ നിന്നെ ഇടിക്കുന്ന പോലുണ്ടെന്ന് ഭദ്രേട്ടന്‍ (സംവിധായകന്‍ ഭദ്രന്‍) പറയുമായിരുന്നു. നീ അയാളെ ഇടിക്കുന്ന പോലെ വേണം കൊടുക്കാന്‍, നിനക്ക് വേദന ഉണ്ടെന്ന് കാണിക്കരുതെന്ന് പറയുമായിരുന്നു. പെയ്ന്‍ ഇല്ല അതിലെ ആ ക്യാരക്ടറിന്. വളരെ ഇന്ററസ്റ്റിങ് എന്നതിനേക്കാള്‍ പഠിച്ചുകൊണ്ടേയിരിക്കുകയായിരുന്നു ആ സിനിമയില്‍. ഇപ്പോഴും ഇതിനോടുള്ള ഹരം എനിക്ക് നഷ്ടപ്പെട്ടിട്ടില്ല,’ ഭാഗ്യലക്ഷ്മി പറഞ്ഞു.

താന്‍ വളരെ മോശമായി ഡബ്ബ് ചെയ്‌തെന്ന് തോന്നിയ ഒരുപാട് സിനിമകള്‍ ഉണ്ടായിട്ടുണ്ടെന്നും ആകാശ ഗോപുരം എന്ന സിനിമയില്‍ നിത്യ മേനോന് വേണ്ടി ഡബ്ബ് ചെയ്തിട്ടുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

‘എന്റെ മോഹങ്ങള്‍ പൂവണിഞ്ഞുവെന്ന സിനിമ ഡബ്ബ് ചെയ്യുന്ന സമയത്ത് ബെഡ്‌റൂമില്‍ കിടന്നുകൊണ്ടുള്ള ഒരു സീന്‍ ഡബ്ബ് ചെയ്യാന്‍ എനിക്ക് സാധിക്കുന്നില്ലായിരുന്നു. അന്ന് പത്ത് പതിനെട്ട് വയസേയുള്ളൂ, ഇതെങ്ങനെ കൊടുക്കണമെന്ന് അറിയില്ലായിരുന്നു. ഇന്നും ആ സിനിമ കാണുമ്പോള്‍ എന്ത് വൃത്തികേടായിട്ടാണ് ഞാന്‍ ഡബ്ബ് ചെയ്തിരിക്കുന്നതെന്ന് തോന്നും. അങ്ങനെ ഞാന്‍ മോശമായി ഡബ്ബ് ചെയ്തിരിക്കുന്നെന്ന് എനിക്ക് തോന്നിയ ഒരുപാട് സിനിമകള്‍ ഉണ്ട്.

കെ.പി. കുമാരന്‍ സാര്‍ സംവിധാനം ചെയ്ത ആകാശ ഗോപുരം എന്ന സിനിമയില്‍ നിത്യമേനോന് വേണ്ടി ഡബ്ബ് ചെയ്തിട്ടുണ്ട്. ഞാന്‍ വേറെ ആരെയെങ്കിലും കൊണ്ട് ഡബ്ബ് ചെയ്യിക്കുമോയെന്ന് ചോദിച്ചിരുന്നു കുമാരന്‍ സാറിനോട്. പക്ഷെ ഞാന്‍ ചെയ്താല്‍ മതിയെന്ന് പറഞ്ഞു. എനിക്ക് ആ സിനിമ കണ്ടിട്ട് അവര്‍ക്കെന്റെ ശബ്ദം ചേരുന്നേയില്ലെന്ന് തോന്നിയിട്ടുണ്ട്’, ഭാഗ്യലക്ഷ്മി പറഞ്ഞു.

Content Highlight: Bhagya lakshmi on spadikam movie dubbing

We use cookies to give you the best possible experience. Learn more