ന്യൂദല്‍ഹി: അരവിന്ദ് കെജ്‌രിവാളിനെ ലക്ഷ്യം വെക്കുന്ന ബി.ജെ.പി ഗൂഢാലോചനക്കെതിരെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍. കെജ്‌രിവാള്‍ ഒരു വ്യക്തിയല്ലെന്നും ഒരു ആശയമാണെന്നും ഭഗവന്ത് മന്‍ പറഞ്ഞു.
കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താലും അദ്ദേഹത്തിന്റെ ആശയത്തെ അറസ്റ്റ് ചെയ്യാന്‍ ബി.ജെ.പിക്ക് കഴിയില്ലെന്നും ഭഗവന്ത് മന്‍ ചൂണ്ടിക്കാട്ടി.
‘അസം, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ ഞാന്‍ രാഷ്ട്രീയ കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. അവിടങ്ങളില്‍ നിന്ന് മനസിലാക്കിയത് കെജ്‌രിവാളിന്റെ ആശയത്തെ ബി.ജെ.പിക്ക് അറസ്റ്റ് ചെയ്യാന്‍ കഴിയില്ല എന്നാണ്,’ ഭഗവന്ത് മന്നിനെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ 400 സീറ്റുകള്‍ നേടുകയെന്ന ലക്ഷ്യം എന്‍.ഡി.എ കൈവരിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിയാമെന്നും ഭഗവന്ത് മന്‍ കൂട്ടിച്ചേര്‍ത്തു. ദല്‍ഹിയിലെ കൊണാട്ട് പ്ലേസിലെ ഹനുമാന്‍ മന്ദിറില്‍ പ്രാര്‍ത്ഥന നടത്താന്‍ കെജ്‌രിവാളിനോടപ്പം എത്തിയതിന് പിന്നാലെയായിരുന്നു ഭഗവന്ത് മന്നിന്റെ പ്രതികരണം.
അതേസമയം ദല്‍ഹിയിലെ എ.എ.പി ആസ്ഥാനത്ത് വെച്ച് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ആം ആദ്മി പാര്‍ട്ടിയെ തകര്‍ക്കാനുള്ള ഒരു ശ്രമവും പ്രധാനമന്ത്രി പാഴാക്കില്ലെന്ന് കെജ്‌രിവാള്‍ പറഞ്ഞു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും കെജ്‌രിവാള്‍ ആഞ്ഞടിച്ചിരുന്നു.
യോഗി ആദിത്യനാഥിന്റെ മുഖ്യമന്ത്രി സ്ഥാനം രണ്ട് മാസത്തിനകം അവസാനിക്കുമെന്നും അല്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അവസാനിപ്പിക്കുമെന്നുമാണ് കെജ്‌രിവാള്‍ പറഞ്ഞത്. ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല്‍ രാജ്യത്തെ മുഴുവന്‍ പ്രതിപക്ഷ നേതാക്കളെയും മോദി ജയിലിലേക്ക് അയക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.
എന്‍.ഡി.എ ഭരണം തുടരുകയാണെങ്കില്‍ എ.എ.പി മന്ത്രിമാര്‍, ഹേമന്ത് സോറന്‍, തൃണമൂല്‍ മന്ത്രിമാര്‍ എന്നിവര്‍ക്ക് പുറമെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ശിവസേന നേതാവ് ഉദ്ധവ് താക്കറെ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ ജയിലിലാകുമെന്ന് കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടി.
Content Highlight: Bhagwant Mann said that Kejriwal is not a person but an idea