ചണ്ഡിഗഢ്: പഞ്ചാബ് സര്‍ക്കാരിന്റെ ബജറ്റ് സമ്മേളനം നടക്കുന്നതിനിടെ പ്രതിപക്ഷത്തെ സഭയില്‍ പൂട്ടിയിടാന്‍ സ്പീക്കര്‍ക്ക് നിർദേശം നല്‍കി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍. പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുന്നത് തടയാനായിരുന്നു മന്നിന്റെ നീക്കം.
മുഖ്യമന്ത്രിയുടെ നടപടി സഭയില്‍ പ്രതിപക്ഷ പ്രതിഷേധത്തിന് കാരണമായി. ബജറ്റിന്റെ ആദ്യ ദിവസം ഗവര്‍ണറുടെ പ്രസംഗം തടസ്സപ്പെടുത്തിയതിന് പ്രതിപക്ഷത്തെ മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാം ദിവസം പ്രതിപക്ഷം ഇറങ്ങി പോകുന്നതിന് മുമ്പ് സഭയുടെ വാതിലുകള്‍ പൂട്ടിയിടാന്‍ മുഖ്യമന്ത്രി സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കിയത്.
‘ഞാന്‍ എന്തെങ്കിലും സത്യം വിളിച്ച് പറഞ്ഞാല്‍ പ്രതിപക്ഷത്തിന് അത് സഹിക്കില്ല. അപ്പോള്‍ അവര്‍ സഭയില്‍ നിന്ന് ഓടിപ്പോകാന്‍ നോക്കും. ചര്‍ച്ച തടസ്സപ്പെടാതിരിക്കാന്‍ സഭയുടെ വാതിലുകള്‍ ലോക്ക് ചെയ്തിടുക’, പൂട്ടും താക്കോലും സ്പീക്കര്‍ക്ക് കൈമാറി ഭഗവന്ത് മന്‍ പറഞ്ഞു.
സംഭവത്തിന് പിന്നാലെ പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ സഭയില്‍ വലിയ വാക്കേറ്റം ഉണ്ടായി. രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയില്‍ പ്രതിഷേധങ്ങളും വാക്കൗട്ടുകളും സഭാംഗങ്ങളുടെ അവകാശമാണെന്നും, സഭ പൂട്ടിയിട്ട് എം.എല്‍.എമാരെ ബന്ദികളാക്കാന്‍ സര്‍ക്കാറിന് സാധിക്കില്ലെന്നും പ്രതിപക്ഷ നേതാവ് പര്‍തപ് സിങ് ബജ്വ പറഞ്ഞു. പ്രതിപക്ഷം ചർച്ചയില്‍ നിന്ന് ഒളിച്ചോടിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പഞ്ചാബ് സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ മുദ്രാവാക്യം മുഴക്കി. പിന്നീട് എ.എ.പി എം.എല്‍.എമാരുടെ അഭ്യര്‍ത്ഥന പ്രകാരം ചോദ്യോത്തര വേളക്ക് പകരം ഗവർണറുടെ പ്രസംഗം തടസ്സപ്പെടുത്തിയ സംഭവത്തെ കുറിച്ച് സംസാരിക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കിയതും പ്രതിഷേധത്തിന് കാരണമായി.
Contant Highlight: Bhagwant Mann asks Speaker to ‘lock’ Opposition in Punjab Assembly, triggers chaos