|

കേട്ടാല്‍ അറയ്ക്കുന്ന പരാമര്‍ശങ്ങളും പ്രയോഗങ്ങളും, വീഡിയോകള്‍ കണ്ടത് ലക്ഷ കണക്കിന് ആളുകള്‍; ഡോ. വിജയ് നായരുടെ യൂട്യൂബ് ദ്രോഹങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കേട്ടാല്‍ അറയ്ക്കുന്ന പദ പ്രയോഗങ്ങളും പരാമര്‍ശങ്ങളുമാണ് വിജയ് നായര്‍ തന്റെ യൂട്യൂബ് ചാനലിലൂടെ നടത്തിയിരുന്നത്. നാല് മാസം മുമ്പ് മാത്രമാണ് ഇയാള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ വീഡിയോകള്‍ ചെയ്ത് പുറത്തുവിട്ടുതുടങ്ങിയത്.

vitrix scene എന്ന് പേരിട്ടിരിക്കുന്ന ചാനലില്‍ ആദ്യമാദ്യം സിനിമ സംബന്ധിയായും സ്റ്റോക്ക് മാര്‍ക്കറ്റിംഗ് സംബന്ധിച്ചുമായിരുന്നു വീഡിയോകള്‍ ചെയ്ത് തുടങ്ങിയിരുന്നത്. പിന്നീട് അശ്ലീലതയും സ്ത്രീവിരുദ്ധതയും കൂട്ടിചേര്‍ത്ത് വീഡിയോകള്‍ ഇയാള്‍ തയ്യാറാക്കി അവതരിപ്പിക്കുകയായിരുന്നു.

ഡോക്ടര്‍ വിജയ് പി നായര്‍ എന്ന് പരിചയപ്പെടുത്തുന്ന ഇയാള്‍ എഴുത്തുകാരനും സിനിമാപ്രവര്‍ത്തകനുമാണെന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. ‘ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ ഫെമിനിസ്റ്റുകള്‍ സ്ഥിരമായി ജെട്ടി ധരിക്കാറില്ല’ സ്ത്രീകളെ വശീകരിക്കാനുള്ള മന്ത്രം, രതി മൂര്‍ച്ഛ നല്‍കിയ മകന്‍, (പ്രസിദ്ധീകരണ യോഗ്യമല്ലാത്തതിനാല്‍ ചില പ്രയോഗങ്ങള്‍ കൊടുക്കുന്നില്ല) തുടങ്ങി കേട്ടാല്‍ അറയ്ക്കുന്ന പദപ്രയോഗങ്ങളും തലക്കെട്ടിലുമായിരുന്നു ഇയാള്‍ വീഡിയോ അവതരിപ്പിച്ചിരുന്നത്.

ഇയാളുടെ വീഡിയോകള്‍ ലക്ഷകണക്കിന് ആളുകളാണ് യൂട്യൂബ് വഴി കണ്ടിരിക്കുന്നത്.

‘ഒരു സിനിമാ ഡംബ്ബിഗ് ആര്‍ട്ടിസ്റ്റ് ഒരോ സിനിമ കഴിയുമ്പോഴും സംവിധായകരുടെ കൂടെ കിടക്കും’ തുടങ്ങി തീര്‍ത്തും അശ്ലീല പദപ്രയോഗങ്ങളും ഇയാള്‍ നടത്തിയിരുന്നു.

നേരത്തെ ഇയാള്‍ക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ കമന്റുകള്‍ വിജയ് പി നായര്‍ ഓഫ് ചെയ്യുകയായിരുന്നു. ഇയാള്‍ ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ആണെന്നാണ് ഇയാള്‍ തന്നെ പറയുന്നത്.

വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ, ഡബിംഗ് ആര്‍ട്ടിസ്റ്റ് , രഹ്ന ഫാത്തിമ, തൃപ്തി ദേശായി, ബിന്ദു അമ്മിണി , കനക ദുര്‍ഗ്ഗ എന്നിവരില്‍ ചിലരെ പേരെടുത്ത് പറഞ്ഞും മറ്റുള്ളവരുടെ ചിലരുടെ പേര് പറയാതെ തന്നെ ഐഡിന്റിറ്റി പറഞ്ഞുമൊക്കെയായിരുന്നു പലപ്പോഴും ഇയാള്‍ വീഡിയോകള്‍ ചെയ്തിരുന്നത്.

തുടര്‍ന്ന് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ അടക്കമുള്ള സ്ത്രീകള്‍ പൊലീസിനെ സമീപിക്കുകയും സംസ്ഥാന വനിതാ കമ്മീഷന്‍, സൈബര്‍ സെല്‍, വനിതാ ശിശുക്ഷേമവകുപ്പ്, ജെന്‍ഡര്‍ അഡൈ്വസര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു.പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വിജയ് നായരുടെ മുഖത്ത്  മഷി ഒഴിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ പ്രതിഷേധം നടന്നത്.

പൊലീസില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. നേരത്തെ വിജയ് പി നായര്‍ക്കെതിരെ വീഡിയോയിലൂടെ പ്രതിഷേധവുമായി ഭാഗ്യലക്ഷ്മി, ശ്രീലക്ഷ്മി അറയ്ക്കല്‍ തുടങ്ങിയവര്‍ രംഗത്ത് എത്തിയിരുന്നു.

വിജയ് നായരെ  സ്ത്രികള്‍ കെെയേറ്റം ചെയ്യുകയും ഇയാളെ കൊണ്ട്  മാപ്പ് പറയിപ്പിക്കുകയും ചെയ്തു.

vitrix scene എന്ന യൂട്യൂബ് ചാനലിലൂടെ വിജയ് പി നായര്‍ എന്നയാള്‍ കേരളത്തിലെ മുഴുവന്‍ ഫെമിനിസ്റ്റുകളെയും അപമാനിച്ചുകൊണ്ട് ലൈംഗിക ചുവയുള്ള വാക്കുകള്‍ ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്തിയിരിക്കുകയാണ്.14.08.2020 ന് ആണ് ഈ വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്.

വീഡിയോയിലുടനീളം, ‘കളി’, ‘പരിപാടി’, ‘വെടി’ തുടങ്ങിയ പ്രയോഗങ്ങളും, ദ്വയാര്‍ത്ഥ പ്രയോഗങ്ങളും നടത്തുകയും മുഴുവന്‍ ഫെമിനിസ്റ്റുകളും ശരീരം വിറ്റ് ജീവിക്കുന്നവരാണെന്നാരോപിക്കുകയും ചെയ്യുന്നെന്നും ശ്രീലക്ഷ്മിയുടെ പരാതിയില്‍ പറഞ്ഞിരുന്നു.

കേരളത്തിലെ ഫെമിനിസ്റ്റുകള്‍ ഒക്കെ കെ.എസ്.ആര്‍.ടി.സി കക്കൂസ് പോലെ ആണെന്നും അവര്‍ അടിവസ്ത്രം ധരിക്കാത്തത് ദിവസേനേ എട്ടും ഒമ്പതും ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുന്നതുകൊണ്ടുമാണ് എന്നൊക്കെയാണ് ഇയാള്‍ പറഞ്ഞ് വെക്കുന്നതെന്നും ശ്രീലക്ഷ്മിയുടെ പരാതിയില്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlights: Vijay p Nair Youtube Video Against Women’s