| Friday, 29th April 2016, 8:14 pm

ഭഗത് സിങിനെ ഭീകരവാദിയെന്ന് വിശേഷിപ്പിച്ച പുസ്തകം പിന്‍വലിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഭഗത് സിങ്ങിനെ “വിപ്ലവകാരിയായ ഭീകരവാദി” എന്ന് വിശേഷിപ്പിക്കുന്ന പുസ്തകത്തിന്റെ വില്‍പനയും വിതരണവും ദല്‍ഹി സര്‍വകലാശാല നിര്‍ത്തിവച്ചു. “സ്വാതന്ത്ര്യത്തിനായുള്ള ഇന്ത്യയുടെ പോരാട്ടം” എന്ന പുസ്തകത്തിന്റെ വില്‍പനയാണ് പ്രതിഷേധങ്ങളെ തുടര്‍ന്ന് നിര്‍ത്തിയത്. സര്‍വകലാശാല മീഡിയ കോര്‍ഡിനേറ്ററായ മലയ് നീരവാണ് ഇക്കാര്യം അറിയിച്ചത്.

സര്‍വകലാശാലയുടെ ചരിത്ര പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഈ പുസ്തകത്തിലാണ് വിവാദകരമായ ഭാഗങ്ങളുണ്ടായിരുന്നത്. പുസ്തകത്തിലെ 20-ാം അധ്യായത്തില്‍ ഭഗത് സിങ്, ചന്ദ്രശേഖര്‍ ആസാദ്, സൂര്യ സെന്‍ തുടങ്ങിയവരെ വിപ്ലവകാരികളായ ഭീകരവാദികളെന്ന് വിശേഷിപ്പിക്കുകയും ചിറ്റഗോങ് മുന്നേറ്റത്തെ ഭീകരപ്രവര്‍ത്തനമായും പുസ്തകത്തില്‍ വിലയിരുത്തുന്നു. വിഷയത്തില്‍ ഭഗത് സിങ്ങിന്റെ ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്ത് വരികയും മാനവവിഭവശേഷി മന്ത്രാലയം ഇടപെടുകയും ചെയ്തതോടെയാണ് പുസ്തകത്തിന്റെ വില്‍പ്പന സര്‍വകലാശാല നിര്‍ത്തിവച്ചത്.

സര്‍വകലാശാലയില്‍ ചരിത്ര വിഷയങ്ങളുടെ റഫറന്‍സ് വിഭാഗത്തിലാണ് വിവാദമായ പുസ്തകം ഉള്‍പ്പെടുത്തിയിരുന്നത്. വര്‍ഷങ്ങളായി ഇത് റഫറന്‍സായി ഉപയോഗിക്കുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ബുധനാഴ്ചയാണ് പുറത്ത് വന്നത്. തുടര്‍ന്ന് ഇത് വിവാദമാകുകയും “സൈദ്ധാന്തിക കൊലപാതക”മെന്ന് വിശേഷിപ്പിച്ചുകൊണ്ട് സ്മൃതി ഇറാനി രംഗത്ത് വരികയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more